വിവരങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാറിന്  അവകാശമില്ല –രമേശ് ചെന്നിത്തല

മനാമ: മന്ത്രിസഭ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാറിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഹ്റൈനില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിനെതിരായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 
ഇത് അംഗീകരിക്കാനാകില്ല. അധികാരത്തില്‍ വരുന്നതിന് മുമ്പ് ഈ നിലപാടായിരുന്നില്ല ഇടതുപക്ഷത്തിന്. ഇപ്പോള്‍ മുഖ്യമന്ത്രി നിലപാട് മാറ്റുകയാണ്. മന്ത്രിസഭ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ പിന്നെ അതില്‍ രഹസ്യമില്ല. 
മുഖ്യമന്ത്രി ഒപ്പിട്ട രേഖ പബ്ളിക് ഡോക്യുമെന്‍റ് ആണ്. മന്ത്രിസഭ യോഗത്തില്‍ തയാറാക്കിയ കുറിപ്പുകള്‍ പോലും വിവരാവകാശ പ്രകാരം ലഭ്യമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 
നിയമസഭ രേഖകള്‍ പൊതുജനത്തിന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍, ഇതിനെതിരായി മുഖ്യമന്ത്രി സംസാരിക്കുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം കാബിനറ്റ് തീരുമാനങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്ക് അറിയാനാകുന്നില്ല. 
ഇതില്‍ വിവരാവകാശ കമ്മീഷണര്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി തടസം നില്‍ക്കുന്നത്? 
കണ്ണൂരില്‍ കുട്ടികളുടെ കലോത്സവം നടക്കുന്നതിനിടെയുണ്ടായ കൊല തികച്ചും അപലപനീയമാണ്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ് കൊല നടക്കുന്നത്. 
ആര്‍.എസ്.എസും ബി.ജെ.പിയും ഒരു വശത്തും സി.പി.എം മറുവശത്തും അണിനിരന്ന് അക്രമ രാഷ്ട്രീയം തുടരുകയാണ്. പൊലീസ് നിഷ്പക്ഷത പാലിക്കുന്നില്ല. സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ ഭയത്തോടെയാണ് പങ്കെടുത്തത്. അക്രമത്തിന്‍െറ കാര്യത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും ഒരേ തൂവല്‍പക്ഷികളാണ്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളല്ലാത്ത പൊലീസുകാരെ സ്ഥലം മാറ്റിയാണ് അക്രമം തുടരുന്നത്. കണ്ണൂര്‍ എസ്.പി.യെ മാറ്റിയത് ഇതിന്‍െറ ഭാഗമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടക്കുന്ന എട്ടാമത്തെ കൊലയാണിത്. ഇത് അവസാനിപ്പിക്കണം. 
മുഖ്യമന്ത്രി പ്രവാസി വകുപ്പ് ഒഴിയണം. കഴിഞ്ഞ എട്ടുമാസമായി പ്രവാസികള്‍ക്ക് സര്‍ക്കാറിനെക്കൊണ്ട് യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. പ്രവാസി കമ്മീഷന്‍ സജീവമല്ല. കഴിഞ്ഞ സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത തീരുമാനം നടപ്പാക്കാന്‍ പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ല. ‘നോര്‍ക’യുടെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് തിരക്കാണെങ്കില്‍ പ്രവാസി വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ തയാറാകണം. കേന്ദ്രം പ്രവാസി വകുപ്പ് തന്നെ നിര്‍ത്തലാക്കി. ഇത്തവണത്തെ പ്രവാസി സമ്മേളനം പ്രഹസനമായിരുന്നു. ഗള്‍ഫ് മേഖലയെ തീര്‍ത്തും അവഗണിച്ചു. പ്രവാസി വോട്ടവകാശത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടന്നില്ല. 
കേരള സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനായിട്ടില്ല. സെക്രട്ടേറിയറ്റിലും ജീവനക്കാര്‍ സമരപാതയിലാണ്. തങ്ങള്‍ക്ക് ഭരിക്കാന്‍ അറിയില്ളെന്നും സമരം ചെയ്യാന്‍ മാത്രമേ അറിയൂ എന്നും ഇടതുപക്ഷം കാണിച്ചുതന്നു. യു.എ.പി.എ ദുരുപയോഗം വലിയ തോതില്‍ നടക്കുന്നുണ്ട്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു മതപണ്ഡിതന്‍െറ പേരിലും യു.എ.പി.എ ചുമത്തിയിട്ടില്ല. വര്‍ഗീയ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് എ.എം.രാധാകൃഷ്ണനെതിരെ ഈ ആവശ്യം ഉന്നയിച്ചിട്ടും യു.എ.പി.എ ചുമത്തുന്നില്ല. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. പ്രധാനമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. അദ്ദേഹത്തിന് റിസര്‍വ് ബാങ്ക് ഗവര്‍ണറെപ്പോലും വിശ്വാസത്തിലെടുക്കാനായില്ല. രാജ്യത്തിന്‍െറ വളര്‍ച്ചാനിരക്ക് കുറഞ്ഞു. തൊഴിലില്ലായ്മ വര്‍ധിച്ചു.സഹകരണ മേഖല തകര്‍ച്ചയിലാണ്. 
നോട്ട് നിരോധനം മൂലം രാജ്യം പത്തുവര്‍ഷം പിറകോട്ട് പോയി. ഇന്ത്യന്‍ സാഹചര്യം മനസിലാക്കാതെയാണ് ഈ നടപടി വന്നത്. ഇന്ത്യക്ക് പെട്ടെന്ന് പ്ളാസ്റ്റിക് പണത്തിലേക്ക് മാറാനാകില്ല. ജര്‍മനി, യു.എസ്.തുടങ്ങിയ വികസിത രാജ്യങ്ങളില്‍ പോലും ഭൂരിപക്ഷം ഇടപാടും കറന്‍സി വഴിയാണ്. സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും.
യു.പിയിലും മണിപ്പൂരിലും പഞ്ചാബിലും കോണ്‍ഗ്രസ് മുന്നേറും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവരുന്ന ഘട്ടമാണ്. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. 
സാഹിത്യകാരന്‍മാര്‍ക്കെതിരായ നിലപാടില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു നിലപാടാണുള്ളത്. രണ്ടുകക്ഷികളും എതിരഭിപ്രായമുള്ളവരോട് ഫാഷിസ്റ്റ് സമീപനം സ്വീകരിക്കുന്നു. ബി.ജെ.പി കമലിനും എം.ടിക്കുമെതിരെ തിരിഞ്ഞപ്പോള്‍ സി.പി.എം സക്കറിയക്കും സി.ആര്‍.നീലകണ്ഠനുമെതിരെ തിരിഞ്ഞു. ഇത്തരം അസഹിഷ്ണുത ഒരു നിലക്കും അംഗീകരിക്കാനാകില്ളെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി ഗ്ളോബല്‍, ബഹ്റൈന്‍ നേതാക്കള്‍ എന്നിവരും രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.