മനാമ: റമദാനിലും പെരുന്നാളിനും ഓൺലൈനായി അബായ (പർദ) വാങ്ങിക്കുന്നവർക്ക് തട്ടിപ്പ് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തെ സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിൽ വീഴാതെ സൂക്ഷിക്കണമെന്നുമാണ് മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രലോഭനകരമായ വിലക്ക് വ്യാജമായ അബായകൾ വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിക്കുന്ന തട്ടിപ്പുകാർ രംഗത്തുള്ളതായി അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓൺലൈനായി എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് വെബ്സൈറ്റിന്റേയോ വിൽപനക്കാരന്റെയോ വിശ്വാസ്യത എപ്പോഴും പരിശോധിക്കണമെന്നും മുന്നേ ഇത്തരം ചതികളിൽപ്പെട്ടവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കണമെന്നും വിശ്വസനീയമല്ലാത്തവർക്ക് മുൻകൂർ പണം നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി പോലുള്ള സുരക്ഷിത മാർഗങ്ങൾ ഉപയോഗിച്ച് മാത്രമേ എല്ലായ്പോഴും പേമെന്റുകൾ നടത്താവൂവെന്നും നിർദേശിച്ചു. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുകയോ തട്ടിപ്പുകൾ ശ്രദ്ധയിൽപെടുകയോ ചെയ്താൽ 992 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.