ജീവിതം മനോഹരമാക്കാം ഹൃദയങ്ങൾ കൊണ്ട് ഒന്നാകാം; ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ഇന്ന്
മനാമ: ജീവിത പ്രയാണത്തിനിടയിലെ മാനസിക സംഘർഷങ്ങൾക്കും ആധികൾക്കും ആശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ വെളിച്ചം പകരാൻ ‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രോഗ്രാമിന് ഇന്ന് ബഹ്റൈൻ അദാരി പാർക്ക് സാക്ഷിയാകും. വൈകീട്ട് 5.30 മുതൽ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിലാണ് പരിപാടി അരങ്ങേറുന്നത്. 5 മണിക്ക് ഗേറ്റ് ഓപൺ ചെയ്യും.
മാനസിക സമ്മർദങ്ങളെ തുറന്നുപറഞ്ഞും പരസ്പരം കേട്ടും ചിരിച്ചും ശാന്തമാക്കാൻ മികച്ചൊരു വേദിയാണ് ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സിനി ആർട്ടിസ്റ്റും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോർജ്, പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ എന്നിവരാണ് പരിപാടിയിൽ കാണികളോട് സംവദിക്കാനെത്തുന്നത്.
സംഘർഷം നിറഞ്ഞ ജീവിതങ്ങൾ എങ്ങനെ കൂടുതൽ മനോഹരമാക്കാം എന്ന് വ്യക്തമാക്കുന്ന സെഷന് അശ്വതി ശ്രീകാന്ത് നേതൃത്വം നൽകും. സംഗീതത്തിന്റെ ലഹരിയിലൂടെ മാനസിക ഉല്ലാസം പകർന്ന് മനോജ് ജോർജും, സരസമായ ശൈലിയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പോസിറ്റീവിറ്റി ഉണർത്താൻ അഭിഷാദ് ഗുരുവായൂരും വേദിയിലെത്തും.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളിൽ വ്യക്തികൾക്കും ബിസിനസ് രംഗത്തുള്ളവർക്കും കുടുംബങ്ങൾക്കും ഒത്തുചേരാനും മനസ്സ് തുറക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. പ്രതിസന്ധികളിൽ തട്ടി ഉപേക്ഷിക്കാനുള്ളതല്ല ജീവിതലക്ഷ്യങ്ങളെന്നും, സാഹചര്യങ്ങളെ ധീരമായി തരണം ചെയ്യാനുള്ള മനക്കരുത്ത് കെട്ടിപ്പടുക്കണമെന്നും ഓർമപ്പെടുത്തുന്നതാണ് ഓരോ സെഷനും. പരസ്പരമുള്ള ചേർത്തുവെപ്പുകളും നല്ല വാക്കുകളും നാളത്തെ ജീവിതത്തിന് എത്രത്തോളം കരുത്തുപകരുമെന്ന് അടിവരയിടുന്നതായിരിക്കും ഈ സംഗമം.
ജീവിതത്തെ ചിരിയോടെ ജയിക്കാൻ: അഭിഷാദ് ഗുരുവായൂർ
ഹാസ്യത്തിൽ ചാലിച്ച സരസമായ പ്രഭാഷണ ശൈലി കൊണ്ടും സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും കോർപ്പറേറ്റ് ട്രെയിനറുമാണ് അഭിഷാദ് ഗുരുവായൂർ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം കരിയർ കൗൺസിലിംഗ്, കൗൺസിലിംഗ് സൈക്കോളജി എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് പരിശീലകൻ, സെയിൽസ് കോച്ച്, പാരന്റിംഗ് സ്ട്രാറ്റജിസ്റ്റ്, എച്ച്.ആർ ഡെവലപ്മെന്റ് ട്രെയിനർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് യൂട്യൂബിൽ 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്. മലയാളത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി ശൈലിയിലാണ് അദ്ദേഹം പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നത്. ഗൗരവമേറിയ ജീവിതസത്യങ്ങളെ തമാശയിലൂടെ കേൾവിക്കാരിലേക്ക് എത്തിക്കുന്ന അദ്ദേഹത്തിന്റെ ശൈലി കേൾവിക്കാരുമായി വേഗത്തിൽ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഓഫീസ് മുറികളിലെ സമ്മർദ്ദങ്ങൾ അകറ്റി ജീവിതത്തിൽ സന്തോഷവും വൈകാരിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രായോഗിക വഴികളാണ് അദ്ദേഹം തന്റെ സെഷനുകളിലൂടെ പങ്കുവെക്കുന്നത്.
തന്തികളിൽ സംഗീതമഴ തീർക്കാൻ മനോജ് ജോർജ്
വയലിനിന്റെ തന്തികളിൽ ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അപൂർവ്വ പ്രതിഭയാണ് മനോജ് ജോർജ്. ലോകാദരം നേടിയ വയലിനിസ്റ്റ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം.
മൂന്ന് ഗ്രാമി അവാർഡ് ജേതാക്കളായ ആൽബങ്ങളിൽ സോളോ വയലിനിസ്റ്റ്, സ്ട്രിങ് ആൻഡ് കോറൽ അറേഞ്ചർ, കണ്ടക്ടർ എന്നീ നിലകളിൽ മനോജ് ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2024-ൽ ഗ്രാമി നാമനിർദ്ദേശം ചെയ്യപ്പെട്ട ആൽബത്തിലും സോളോ വയലിനിസ്റ്റായി അദ്ദേഹം തിളങ്ങി. റെക്കോർഡിംഗ് അക്കാദമിയുടെ വോട്ടിംഗ് അംഗം കൂടിയാണ് ഈ പ്രശസ്ത കലാകാരൻ. മൂന്ന് തവണ ഗ്ലോബൽ മ്യൂസിക് അവാർഡ് നേടിയ അദ്ദേഹം, ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിനുള്ള നാമനിർദ്ദേശവും കരസ്ഥമാക്കിയിട്ടുണ്ട്. മനോജ് ജോർജിന്റെ ആഗോള കൂട്ടായ്മയിൽ പിറന്ന ‘സർവേശ’ എന്ന ആൽബം വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയാണ് പ്രകാശനം ചെയ്തത് എന്നത് അദ്ദേഹത്തിന്റെ കരിയറിലെ ചരിത്രപരമായ നിമിഷങ്ങളിലൊന്നാണ്.
പ്രിയപ്പെട്ട സംസാരങ്ങളുമായി അശ്വതി ശ്രീകാന്ത്
റേഡിയോ ജോക്കിയായി കടന്നുവന്ന്, പിന്നീട് ജനപ്രിയ അവതാരകയായും അവാർഡുകൾ നേടിയ അഭിനേത്രിയായും ഒടുവിൽ വായനക്കാരുടെ മനസ്സ് കവർന്ന സാഹിത്യകാരിയായും മാറിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. മലയാളികളുടെ സ്വീകരണമുറികളിലും മനസ്സുകളിലും ഒരുപോലെ ഇടംപിടിച്ച ഈ കലാകാരിയുടെ വാക്കുകൾക്കും കൗതുകം നിറഞ്ഞ കേൾവിക്കാരുണ്ട്.
റേഡിയോ പേഴ്സണാലിറ്റിയായാണ് അശ്വതി തൻ്റെ കരിയറിന് തുടക്കമിടുന്നത്. തനിമയുള്ള സംസാരശൈലിയും സ്വാഭാവികമായ തമാശകളും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേൾവിക്കാരുടെ പ്രിയങ്കരിയായി മാറാൻ അശ്വതിക്ക് സാധിച്ചു. റേഡിയോ രംഗത്തുനിന്ന് പിന്നീട് ടെലിവിഷൻ അവതാരകയുടെ കുപ്പായമണിഞ്ഞപ്പോൾ, വേദിയിലെ തനതായ സാന്നിധ്യവും അവതരണ മികവും മലയാളം ടെലിവിഷൻ ഇൻഡസ്ട്രിയിലെ മുൻനിര അവതാരകരിൽ ഒരാളായി അവരെ ഉയർത്തി. മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് കടന്നതോടെ അവർ തന്റെ കഴിവ് ഒരിക്കൽകൂടി തെളിയിച്ചു. അഭിനയത്തിനോടൊപ്പം തന്നിലെ എഴുത്തുകാരിയെയും അശ്വതി അടയാളപ്പെടുത്തി.
‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രോഗ്രാമിനെത്തിയ പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരിന് ലുലു ഗ്രൂപ്പ് നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.