കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തല
മനാമ: കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണെടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും ഈ സാംസ്കാരിക അധഃപതനത്തിന് കേരള സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല.
കെ.എം.സി.സി ബഹ്റൈൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ മുഖ്യമന്ത്രി ഒരു ചെറുവിരൽപോലും അനക്കുന്നില്ലെന്നും കേരളത്തിലെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഈ കാര്യത്തിൽ പല പദ്ധതികളിലൂടെ ചെയ്ത കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. അത് പോലെയുള്ള മുഖം നോക്കാതെയുള്ള നടപടികളാണ് ഇതിന് അഭികാമ്യമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ലഹരി മാഫിയയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഒരു സർക്കാറിനെ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്കരണം വളരെ അത്യാവശ്യമാണെങ്കിലും ലഹരിയുടെ ഉപയോഗവും വ്യാപനവും വിൽപനയും നിൽക്കണമെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാകണം. ഇതിൽ ഇടതുസർക്കാർ പൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇരുപത്തിനാല് മണിക്കൂറിനകം ഈ ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുമെന്ന് ഹർഷാരവങ്ങൾക്കിടയിൽ ആദ്ദേഹം പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുമ്പുറം, ബോബി പാറയിൽ, ബിനു കുന്നന്താനം, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മുൻ കെ.എം.സി.സി പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, അസ്ലം വടകര, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, സലീം തളങ്കര, സഹീർ കാട്ടാമ്പള്ളി, എൻ.കെ. അബ്ദുൽ അസീസ്, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽ പീടിക, എസ്.കെ. നാസർ, റിയാസ് വയനാട് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.