കെ.എസ്.സി.എ മലയാള പാഠശാല പ്രവേശനോത്സവം
മനാമ: 2025-26 വർഷത്തേക്കുള്ള കെ.എസ്.സി.എ മലയാളം പാഠശാലയുടെ തുടക്കമായ പ്രവേശനോത്സവം കെ.എസ്.സി.എ ആസ്ഥാനത്ത് സംഘടിപ്പിച്ചു. നിരവധി കുട്ടികളും, രക്ഷിതാക്കളും, പാഠശാല അധ്യാപകരും പങ്കെടുത്തു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ മലയാളി സമൂഹത്തിൽ കെ.എസ്.സി.എ . പാഠശാല വഹിച്ച പങ്ക് വിവരിച്ചു. പരിപാടിയിൽ ജനറൽ സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു.
മുഖ്യ അതിഥി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറിയും കേരള സമാജം പാഠശാല പ്രിൻസിപ്പലുമായ ബിജു എം. സതീഷ് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വിചാർഭാരതി ബഹ്റൈൻ ചാപ്റ്റർ സംയോജക്, പ്രശാന്ത് കുമാർ യോഗത്തിൽ അതിഥിയായി പങ്കെടുത്ത് പാഠശാലയുടെ കാലിക പ്രശസ്തി, പാഠശാല പ്രാരംഭ കാലത്തെ അനുഭവങ്ങൾ എന്നിവ അനുസ്മരിച്ച് പ്രഭാഷണം നടത്തി. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ജോയന്റ് സെക്രട്ടറിയും, കേരള സമാജം പാഠശാല വൈസ് പ്രിൻസിപ്പലുമായ രജിത അനി ആശംസകൾ അറിയിച്ചു.
കെ.എസ്.സി.എ വനിതാ വിഭാഗം പ്രസിഡന്റ്, രമ സന്തോഷ്, പാഠശാല കൺവീനർ, രെഞ്ചു നായർ, പ്രിൻസിപ്പൽ, സതീഷ് നാരായണൻ എന്നിവർ ആധുനിക ഭാഷാപഠന നവീകരണത്തെപ്പറ്റിയും അതിന്റെ പ്രാധാന്യവും വിശദീകരിച്ച് സംസാരിച്ചു.
ബഹ്റൈനിൽ താൽക്കാലിക വിസയിൽ വന്നിട്ടുള്ള കെ.എസ്.സി.എ അംഗത്തിന്റ ബന്ധുവും, നാട്ടിൽ മലയാളം അധ്യാപികയായി വിരമിച്ച സുനീതി ദേവിയുടെ പ്രഭാഷണം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഭാഷ എന്ന സമുദ്രത്തിൽ പവിഴങ്ങളെ തിരയുന്ന ഗവേഷകരാകാൻ പാഠശാല പ്രവർത്തകർക്കാക്കട്ടെ എന്നവർ ആശംസിച്ചു.
പുതുതായി ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതം ചെയ്തു. പാഠശാല അധ്യാപകരെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി കവിത, കഥകൾ അവതരിപ്പിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ നന്ദി പറഞ്ഞു. ഷൈൻ നായർ എം.സി ആയി ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.