കിങ്സ് കപ്പ് കുതിരയോട്ട മത്സരം വീക്ഷിക്കാനെത്തിയ ഹമദ് രാജാവ്. കിരീടാവകാശിയും
പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സമീപം
മനാമ: റിഫയിലെ റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ്റേസിങ് ക്ലബിൽ നടക്കുന്ന കിങ്സ് കപ്പ് കുതിരയോട്ട മത്സരം വീക്ഷിക്കാനെത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, മറ്റു രാജകുടുംബാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഹമദ് രാജാവിനെ അനുഗമിച്ചെത്തിയിരുന്നു.
റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് (ആർ.ഇ.എച്ച്.സി) ഹൈ കമ്മിറ്റി ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഫൈസൽ ബിൻ റാശിദ് ബിൻ ഈസ ആൽ ഖലീഫ, മറ്റു ക്ലബ് ഉദ്യോഗസ്ഥർ എന്നിവർ ഹമദ് രാജാവിനെയും സംഘത്തെയും കിങ്സ് കപ്പ് വേദിയിലേക്ക് സ്വീകരിച്ചു. മത്സരങ്ങളിലൊന്ന് ആവേശപൂർവം കണ്ടിരുന്ന ഹമദ് രാജാവ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയാണ് മടങ്ങിയത്.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് അഹോരാത്രം ശ്രമിച്ച ആർ.ഇ.എച്ച്.സി അധ്യക്ഷനായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ക്ലബിലെ മറ്റ് അംഗങ്ങൾക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു. പരമ്പരാഗതമായി കൈമാറിവരുന്ന അറബ് കായിക വിനോദമായ കുതിരയോട്ട മത്സരത്തെ അതിന്റെ മൂല്യത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ആർ.ഇ.എച്ച്.സി വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.