ജി.സി.സി ഏകീകൃത എക്സൈസ് നികുതി കരാറിൽ ഭേദഗതി; അംഗീകാരം നൽകി ഹമദ് രാജാവ്

മനാമ: ജി.സി.സി രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ഏകീകൃത എക്സൈസ് നികുതി കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള അനുബന്ധ രേഖയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട 2026-ലെ 35-ാം നമ്പർ നിയമം രാജാവ് പുറപ്പെടുവിച്ചു. നേരത്തെ പാർലമെന്റും ഷൂറ കൗൺസിലും ഈ ബില്ലിന് അംഗീകാരം നൽകിയിരുന്നു.

2025 ജൂൺ ഒന്നിന് ഒപ്പുവെച്ച ഈ പുതിയ ഭേദഗതി, 2017ലെ 39ാം നമ്പർ നിയമപ്രകാരം ബഹ്‌റൈൻ ഒപ്പുവെച്ച ജി.സി.സി എക്സൈസ് കരാറിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഹാനികരമായ ഉൽപ്പന്നങ്ങൾക്കും ആഡംബര വസ്തുക്കൾക്കും നികുതി ചുമത്തുന്ന രീതി കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

ഈ ഭേദഗതിയിലൂടെ ഓരോ അംഗരാജ്യത്തിനും നിശ്ചിത ഉൽപ്പന്നങ്ങളുടെ മൂല്യത്തിന്റെ ശതമാനം അടിസ്ഥാനമാക്കിയോ, ഓരോ യൂണിറ്റിനും നിശ്ചിത തുക എന്ന നിലയിലോ, അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ചോ നികുതി നിശ്ചയിക്കാൻ അധികാരം ലഭിക്കും. മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ വസ്തുക്കൾക്കും ജി.സി.സി മിനിസ്റ്റീരിയൽ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട ആഡംബര വസ്തുക്കൾക്കുമാണ് ഈ നികുതി ബാധകമാകുന്നത്. ഈ പട്ടികയിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇറക്കുമതിക്കാരോ നിർമ്മാതാക്കളോ നൽകുന്ന വിലയോ അതോ അതോറിറ്റികൾ നിശ്ചയിക്കുന്ന വിലയോ ഇതിൽ ഏതാണോ ഉയർന്ന തുക, അത് അടിസ്ഥാനമാക്കിയാകും നികുതി കണക്കാക്കുക. നികുതി അടയ്ക്കേണ്ട സമയപരിധി, നിബന്ധനകൾ, നിയമങ്ങൾ എന്നിവ ഓരോ രാജ്യത്തിനും സ്വന്തം നിലയിൽ തീരുമാനിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. ഗ്യാസ്, എണ്ണ, ജലം, വൈദ്യുതി തുടങ്ങിയവയുടെ വിതരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - King Hamad approves amendment to GCC unified excise tax agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.