കേരളീയ സമാജം 70ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് 

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഫെബ്രുവരി ഒമ്പതിന് തുടങ്ങും. 
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതിന് വൈകീട്ട് 6.30നാണ് ഉദ്ഘാടന ചടങ്ങ്. 
ഇന്ത്യയില്‍ നിന്നുള്ള പ്രശസ്തരായ 40ഓളം കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന സാംസ്കാരിക പരിപാടി ഇതോടനുബന്ധിച്ച് അരങ്ങേറും. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന സംഘത്തെ നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി നയിക്കും. രണ്ടുദിവസങ്ങളിലായാണ് പരിപാടി നടക്കുക. ഒഡീസി, കഥക്, ഭരതനാട്യം, കഥകളി തുടങ്ങി ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ സംയോജിപ്പിച്ചുള്ള പരിപാടിയാണ് അരങ്ങേറുക. കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷികാഘോഷത്തില്‍ ബഹ്റൈനിലെ മുഴുവന്‍ മലയാളികളെയും പങ്കാളികളാക്കും. 
 ‘വികടയോഗി’ എന്ന നാടകം അവതരിപ്പിച്ച് തുടങ്ങിയ ഒരു മലയാളി കൂട്ടായ്മയാണ് ബഹ്റൈന്‍ കേരളീയ സമാജമെന്ന പ്രവാസികളുടെ അഭിമാനസ്തംഭമായി മാറിയതെന്ന് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. സ്വന്തമായി ആസ്ഥാനമന്ദിരവും ലൈബ്രറിയും വിവിധ ഉപവിഭാഗങ്ങളുമുള്ള സമാജം ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മായി മാറിക്കഴിഞ്ഞു. കല, സാഹിത്യം, സംസ്കാരം, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളില്‍ പ്രവാസികള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ അഭിരുചികള്‍ക്ക് വേദിയൊരുക്കാനും ഈ കാലയളവില്‍ സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 
  ഫെബ്രുവരി 10ന് കേരളീയ സമാജത്തില്‍ മുഖ്യമന്ത്രിക്ക് പ്രവാസി സമൂഹത്തിന്‍െറ സ്വീകരണം നല്‍കും. ഇതില്‍ ബഹ്റൈന്‍ ഭരണകൂടത്തിലെയും എംബസിയിലെയും പ്രതിനിധികള്‍ സംബന്ധിക്കും. 
പിണറായി വിജയന് പൗരാവലി നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിന്‍െറ സ്വാഗതസംഘം ഇന്നലെ യോഗം ചേര്‍ന്നിട്ടുണ്ട്. 
 വാര്‍ത്താസമ്മേളനത്തില്‍ സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി, മനോഹരന്‍ പാവറട്ടി, സിറാജ് കൊട്ടാരക്കര, ദേവദാസ് കുന്നത്ത് എന്നിവരും സംബന്ധിച്ചു. 
 

News Summary - kerala samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.