മനാമ: ജെ.ഇ.ഇ (മെയിൻ) രണ്ടാം ഘട്ട പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ബഹ്‌റൈനിലെ പ്രവാസി വിദ്യാർത്ഥികൾ സെന്‍റർ മാറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെത്തുടർന്ന് പ്രതിസന്ധിയിൽ. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുമോ എന്ന ആശങ്ക നിലനിന്ന സമയത്ത്, മുൻകരുതൽ എന്ന നിലയിൽ കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സെന്‍റർ മാറ്റാൻ അപേക്ഷിച്ച വിദ്യാർത്ഥികളാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.
ആദ്യഘട്ടത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും പിന്നീട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ബഹ്‌റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ ഇതിനോടകം എൻ.ടി.എ പോർട്ടൽ വഴി നാട്ടിലെ കേന്ദ്രങ്ങളിലേക്ക് അപേക്ഷ നൽകിയ നിരവധി വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഇത്തരത്തിൽ നാട്ടിലെത്തിയ ഇരുപതിലധികം വിദ്യാർത്ഥികൾക്ക് ഇപ്പോഴും പരീക്ഷാ കേന്ദ്രമായി കാണിക്കുന്നത് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ആണ്. സെന്‍റർ മാറ്റത്തിന് അപേക്ഷിച്ചിട്ടും അനുവദിക്കപ്പെടാത്തതിനാൽ, പരീക്ഷ എഴുതാൻ മാത്രമായി വൻ തുക മുടക്കി വീണ്ടും ബഹ്‌റൈനിലേക്ക് മടങ്ങുക എന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് അസാധ്യമാണ്.
മറുവശത്ത്, നാട്ടിലേക്ക് സെന്‍റർ മാറിക്കിട്ടിയ ഒരു വിദ്യാർത്ഥി നിലവിൽ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഏപ്രിൽ ആറിന് പരീക്ഷ നിശ്ചയിച്ചിട്ടുള്ള ഈ വിദ്യാർത്ഥിക്ക് വലിയ തുക മുടക്കി നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ കുട്ടിയുടെ പരീക്ഷാ തീയതി മറ്റ് ദിവസത്തേക്ക് മാറ്റി ബഹ്‌റൈനിൽ തന്നെ സെന്‍റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ രക്ഷിതാവ് അധികൃതർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
വിഷയത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സജീവമായി ഇടപെടുന്നുണ്ട്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ പരിഗണിച്ച് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്കും അടിയന്തര കത്തയച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ കാര്യത്തിൽ എൻ.ടി.എ എത്രയും വേഗം വ്യക്തത വരുത്തണമെന്നും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് അനുകൂലമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രവാസി സമൂഹത്തിന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.