മനാമ: ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനെ സ്വീകരിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ചർച്ച ചെയ്യുകയും ഇതിനായി തൊഴിൽ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിലെത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രി വിലയിരുത്തി. ഇക്കാര്യത്തിൽ നേടിയെടുത്ത മുന്നേറ്റത്തിന് തൊഴിൽ മന്ത്രിക്കും ടീമിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ യു.എസ് വിദേശകാര്യ മന്ത്രാലയ റിപ്പോർട്ട് പ്രകാരം ബഹ്റൈന് മുൻനിര സ്ഥാനം ലഭിച്ചത് നിരന്തരമായ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്. രാജ്യത്തിന്റെ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിന് മനുഷ്യക്കടത്തിനെതിരായ പ്രവർത്തനം അനിവാര്യമാണെന്നും ശൈഖ് റാശിദ് ചൂണ്ടിക്കാട്ടി. നിയമവും ചട്ടങ്ങളും കർക്കശമാക്കുന്നതോടൊപ്പം മനുഷ്യക്കടത്തിന് ഇരയാകുന്നവർക്കാവശ്യമായ സംരക്ഷണമൊരുക്കാനും ബഹ്റൈന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
മനുഷ്യക്കടത്തിനെതിരായ പ്രവർത്തനത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും തൊഴിൽ മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
കൂടിക്കാഴ്ചയിൽ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ജമാൽ അബ്ദുൽ അസീസ് അൽ അലവി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ഹസൻ അൽ ഹസൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.