ബൂരി ഗ്യാസ്‌ലൈന്‍ ആക്രമണം:  കേടുപാട് സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

മനാമ: ബൂരിയിലെ ഗ്യാസ് പൈപ്പ് ലൈന്‍ തീവ്രവാദ അക്രമണത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് സമീപ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്​ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി പൂര്‍ത്തിയായ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉചിതമായ നഷ്​ട പരിഹാരം ലഭ്യമാക്കുന്നതിനും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് നഷ്​ട പരിഹാരം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ക്ക് ശിപാര്‍ശ ചെയ്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്​ദുല്ല ആല്‍ഖലീഫ, തൊഴില്‍- സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, പൊതുമരാമത്ത് -മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ് എന്നിവര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. 

പൂര്‍ണമായും പൊളിച്ചു പണിയേണ്ട വീടുകളുടെ കണക്കെടുക്കുകയും മുനിസിപ്പല്‍ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് അവയുടെ നിര്‍മാണം നടത്തുകയു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രദേശവാസികളെ അറിയിച്ചു. ഇത്തരം വീട്ടുടമസ്ഥര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക താമസം ഒരുക്കും. കണ്‍സള്‍ട്ടേഷന്‍ ഫീസിനത്തിൽ 1.6 ലക്ഷം ദിനാര്‍ പൊതുമരാമത്ത് മന്ത്രാലയം നേതൃത്വം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാശനഷ്​ടം സംഭവിച്ച വാഹനങ്ങളുടെ കണക്ക് എണ്ണകാര്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - gas pipe line blast-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.