വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയുടെ നേതൃത്വത്തിൽ
നടന്ന യോഗത്തിൽനിന്ന്
മനാമ: പ്രധാന ആഭ്യന്തര അന്താരാഷ്ട്ര വിഷയങ്ങൾ നിയമനിർമാതാക്കളുമായി ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ഉറപ്പാക്കുക, ഗസ്സ പുനർനിർമിക്കുക, സുരക്ഷ കൗൺസിൽ അംഗത്തിനായുള്ള ബഹ്റൈന്റെ ശ്രമം മുന്നോട്ടു കൊണ്ടുപോവുക എന്നിവയിലായിരുന്നു ചർച്ചകൾ.
പാർലമെന്റ് സ്പീക്കർ അഹമദ് ആൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി അൽ സാലിഹ്, ഇരു സഭകളിലെയും അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.2024ൽ ബഹ്റൈനിൽ നടന്ന 33ാമത് അറബ് ഉച്ചകോടിയിലെ തീരുമാനങ്ങളെക്കുറിച്ചും ഇറാഖിലെ ബഗ്ദാദിൽ നടന്ന ഉച്ചകോടിയെക്കുറിച്ചും വിദേശ കാര്യ മന്ത്രി വിവരണം നൽകി. ബഹ്റൈൻ ഉച്ചകോടിയിൽ രാജ്യം മുന്നോട്ടു വെച്ച നിർദേശങ്ങളായ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിന് ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തണമെന്നും യു.എന്നിൽ ഫലസ്തീന് സ്ഥാനത്തിനുള്ള പിന്തുണ നൽകണമെന്നും മന്ത്രി എടുത്തു പറഞ്ഞു.
ഈജിപ്തിന്റെ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണത്തിന് ബഹ്റൈൻ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ, ധനകാര്യം തുടങ്ങിയ മേഖലകളിൽ ആശയങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടിയുടെ ഫലങ്ങൾ പങ്കുവെക്കുന്നതിനായും ആഗോള പിന്തുണക്കായും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മോസ്കോ, ജീജിങ്, ലണ്ടൻ, പാരിസ് എന്നിവിടങ്ങളിൽ സന്ദർശിച്ചതായും മന്ത്രി പറഞ്ഞു. ബഹ്റൈനിൽ നടന്ന ഉച്ചകോടിയുടെ ഫലങ്ങൾ നിരീക്ഷിക്കാൻ വിദേശ കാര്യ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ദേശീയ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഡോ. ആൽ സയാനി വെളിപ്പെടുത്തി.
2026-2027 കാലയളവിലേക്കുള്ള യു.എൻ സുരക്ഷ കൗൺസിലിലെ സ്ഥിരമില്ലാത്ത ഒരു സീറ്റിനായി രാജ്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ രാജ്യത്തിന്റെ എല്ലാ ഇടപെടലുകൾക്കും ശ്രമങ്ങൾക്കും ഇരു കൗൺസിലുകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.