മുൻ ഭർത്താവിന്‍റെ പേര് പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കാൻ

ചോദ്യം: എനിക്ക് ബഹ്റൈനിലെ കോടതിയിൽ നിന്ന് മ്യൂച്ചൽ ഡിവോഴ്സ് ലഭിച്ചിരുന്നു. പക്ഷേ എന്‍റെ പാസ്പോർട്ടിൽ ഇപ്പോഴും പഴയ ഭർത്താവിന്‍റെ പേരാണുള്ളത്. അത് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്. എന്‍റെ കല്യാണം നാട്ടിലാണ് നടന്നത്.

മറുപടി:ഭർത്താവിന്‍റെ പേര് മാറ്റാനായി ആദ്യം നിങ്ങൾ പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ വിദേശ കോടതിയിൽ നിന്നുള്ള വിവാഹമോചന വിധിയുടെ അടിസ്ഥാനത്തിൽ നാട്ടിലെ ഫാമിലി കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ ഒരു ഡിക്ലറേഷൻ അല്ലെങ്കിൽ കൺഫർമേഷൻ സമർപ്പിക്കേണ്ടതുണ്ട്. വിദേശത്തെ കോടതി വിധി ഭാര്യയുടെയും ഭർത്താവിന്‍റെയും വ്യക്തിനിയമ പ്രകാരമാണെന്നും, ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും, ഇത് നാട്ടിൽ നടപ്പിലാക്കാൻ നിയമപരമായി തടസ്സമില്ലെന്നും വ്യക്തമാക്കാനാണ് ഈ സാക്ഷ്യപത്രം ആവശ്യപ്പെടുന്നത്.

ഇതിനായി ആദ്യം തന്നെ വിദേശത്തെ കോടതിയിൽ നിന്ന് ലഭിച്ച അറബിയിലുള്ള വിവാഹമോചന വിധി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി, അവിടുത്തെ നോട്ടറി അറ്റസ്റ്റ് ചെയ്ത ശേഷം വിദേശകാര്യ മന്ത്രാലയം വഴി അപ്പോസ്റ്റിൽ ചെയ്തെടുക്കണം. ഒപ്പം, ഈ വിധി അന്തിമമാണെന്നും ഇതിനെതിരെ അപ്പീലുകൾ ഒന്നും നിലവിലില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റും വിദേശത്തെ കോടതിയിൽ നിന്ന് വാങ്ങി അപ്പോസ്റ്റിൽ ചെയ്ത് നൽകേണ്ടതുണ്ട്.

തുടർന്ന് നാട്ടിലെ ഒരു അഭിഭാഷകൻ മുഖേന ഫാമിലി കോടതിയിലോ ഹൈക്കോടതിയിലോ ഡിക്ലറേഷനായി അപേക്ഷ സമർപ്പിക്കാം. ഇതൊരു പുതിയ കേസായല്ല പരിഗണിക്കുന്നത്, മറിച്ച് വിദേശത്തെ കോടതി വിധി അംഗീകരിച്ചു കിട്ടുന്നതിനുള്ള ഒരു ഡിക്ലറേഷൻ അപേക്ഷ മാത്രമായതിനാൽ വളരെ വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

വിവാഹമോചന വിധി ഇരുവിഭാഗത്തിന്റെയും വ്യക്തിനിയമം അനുസരിച്ചുള്ളതായിരിക്കണം എന്നതും, കേസിൽ രണ്ടു കക്ഷികൾക്കും കൃത്യമായ നിയമപരമായ പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നതും പ്രധാനമാണ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണെങ്കിൽ ഈ വ്യവസ്ഥകൾ പാലിച്ചാണ് കോടതി വിധി നൽകുന്നത്.

അതേസമയം, വിവാഹവും വിവാഹമോചനവും വിദേശത്തുതന്നെയാണ് നടന്നതെങ്കിൽ, പാസ്‌പോർട്ടിൽ നിന്ന് ഭർത്താവിന്റെയോ ഭാര്യയുടെയോ പേര് മാറ്റുന്നതിനായി നാട്ടിലെ കോടതിയിൽ നിന്നുള്ള ഈ ഡിക്ലറേഷൻ അല്ലെങ്കിൽ കൺഫർമേഷൻ ആവശ്യമില്ല.

Tags:    
News Summary - gulf help desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.