മനാമ: സുന്നീ ഔഖാഫിന് കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ 5.28 നായിരിക്കും നമസ്കാരം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും അറബ് ഇസ്ലാമിക സമൂഹത്തിനും അദ്ദേഹം ഈദാശംസകൾ നേരുകയും ചെയ്തു.
നന്മയും സമാധാനവും സന്തോഷവുമാണ് ഈദിന്റെ സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഹറഖ്, ബുസൈതീൻ, അറാദ്, ഹിദ്ദ്, ടൂബ്ലി, ഈസ ടൗൺ, സൽമാനിയ, വെസ്റ്റ് റിഫ, സനദ്, അസ്കർ, ഹമദ് ടൗൺ, ബുദയ്യ, സൽമാൻ സിറ്റി തുടങ്ങിയ 15 ഇടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളികൾക്കായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ, ഉമ്മു ഐമൻ സ്കൂൾ, ഉമ്മുൽ ഹസം ക്ലബ്, ഹിദ്ദ് സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലും തമിഴ് സമൂഹത്തിനായി അബ്ദുറഹ്മാൻ അദ്ദാഖിൽ സ്കൂൾ, ഉർദു സംസാരിക്കുന്നവർക്കായി മുഹറഖിലെ അൽ ഇസ്തിഖ്ലാൽ സെക്കണ്ടറി ഗേൾസ് സ്കൂൾ, ഹാലത് ഉമ്മുൽ ബീദ് മൈതാനം, അഹ്മദ് അൽ ഫാതിഹ് പ്രൈമറി ബോയ്സ് സ്കൂൾ, മനാമ മുനിസിപ്പൽ കാർ പാർകിങ് ഏരിയ എന്നിവിടങ്ങളിലും ബംഗ്ലാദേശികൾക്കായി സൽമാബാദ് കാർ പാർക് ഏരിയ, വെസ്റ്റ് റിഫ സെക്കണ്ടറി ബോയ്സ് സ്കൂൾ, മാലികിയ പ്രൈമറി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്.
ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് മദനി, ഉമ്മ് അൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സെന്റർ പ്രബോധകൻ സി.ടി. യഹ്യ, ഹിദ്ദ് സെക്കണ്ടറി ഗേൾസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് നമസ്കാരത്തിന് അബ്ദുല്ലത്വീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.