ബഹ്റൈനിൽ ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള ആധികാരിക രേഖയാണ് സി.പി.ആർ. സ്വദേശികളും പ്രവാസികളുമായ എല്ലാ വ്യക്തികൾക്കും ബാങ്ക്, ടെലികോം തുടങ്ങി രാജ്യത്തെ എല്ലാ സേവനങ്ങളും ലഭിക്കാൻ സി.പി.ആർ നമ്പർ നിർബന്ധമാണ്.

സ്വന്തമായി ഇലക്ട്രിസിറ്റി ബിൽ ഉള്ളവർക്ക് സി.പി.ആർ എടുക്കുന്നത് എളുപ്പമാണ്. ജോലി ചെയ്യുന്ന കമ്പനി LMRAയിലും CIOയിലും വിലാസം അപ്ഡേറ്റ് ചെയ്തിരിക്കണമെന്ന് മാത്രം. കുടുംബാംഗങ്ങൾക്കാണ് സി.പി.ആർ എടുക്കുന്നതെങ്കിൽ അവരുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യണം.

ഒരു ബഹ്റൈനി ഏജന്‍റിന്റെ ഐ.ഡി അല്ലെങ്കിൽ bahrain.bh മുഖേനയാണ് സി.പി.ആർ അപേക്ഷക്കുള്ള അപ്പോയ്ന്‍റ്മെന്‍റ് ലഭിക്കുന്നത്. അപേക്ഷകർ പാസ്പോർട്ടുമായി സി.പി.ആർ ഓഫിസിൽ നേരിട്ടെത്തി ഒപ്പിടണം. 10 ദീനാറാണ് സി.പി.ആറിനുള്ള അപേക്ഷാ ഫീസ്. ഗ്രേ ബാക്ക്ഗ്രൗണ്ടിലുള്ള ഫോട്ടോയും അപേക്ഷക്കൊപ്പം നിർബന്ധമാണ്.

ഇലക്ട്രിസിറ്റി ഉൾപ്പെടെയാണ് വാടകക്കരാർ എങ്കിൽ മുനിസിപ്പാലിറ്റിയിൽനിന്ന് അഡ്രസ് സർട്ടിഫിക്കറ്റ് നേടിയ ശേഷമാണ് സി.പി.ആറിന് അപേക്ഷിക്കേണ്ടത്. ഇതിനായി bahrain.bh എന്ന വെബ്സൈറ്റിൽ ലീസ് കോൺട്രാക്ട് രജിസ്ട്രേഷൻ നടത്തണം.

അതിനുശേഷം അടുത്തുള്ള മുനിസിപ്പാലിറ്റിയിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാൽ അഡ്രസ് സർട്ടിഫിക്കറ്റ് ലഭിക്കും. അഞ്ച് ദീനാറാണ് ഇതിനുള്ള ഫീസ്. ഇലക്ട്രിസിറ്റി ഉൾപ്പെടെയാണ് വാടകക്കരാർ എങ്കിൽ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സി.പി.ആറിന് അപേക്ഷിക്കാം.

കുട്ടികൾക്കുവേണ്ടിയാണ് സി.പി.ആർ എടുക്കുന്നതെങ്കിൽ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റും ആവശ്യമാണ്. ചില കേസുകളിൽ ഈ സർട്ടിഫിക്കറ്റുകൾ ഡൽഹിയിൽനിന്ന് അപ്പോസ്റ്റിൽ ചെയ്യിക്കേണ്ടിവരാറുണ്ട്. ബഹ്റൈനിൽ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽതന്നെ സി.പി.ആർ നമ്പർ രേഖപ്പെടുത്താറുണ്ട്.

സ്വന്തമായി ഇലക്ട്രിസിറ്റി ബിൽ ഇല്ലാത്ത ബാച്ചിലേഴ്സിന് പരിചയക്കാരോ ബന്ധുക്കളോ ആയ ബാച്ചിലേഴ്സിന്റെ വിലാസത്തിൽ സി.പി.ആറിന് അപേക്ഷിക്കാം. ഒരു വിലാസത്തിൽ 20 പേർക്ക് വരെ സി.പി.ആർ എടുക്കാൻ കഴിയും. അപേക്ഷ സമർപ്പിക്കുമ്പോൾ വിലാസ ഉടമയും ഹാജരായി ഒപ്പുവെക്കണം.

സ്വന്തമായി ഇലക്ട്രിസിറ്റി ബിൽ ഇല്ലാത്ത കുടുംബമാണെങ്കിൽ ഇതുപോലെ മറ്റൊരു കുടുംബത്തിന്റെ വിലാസത്തിൽ അപേക്ഷിക്കാം. സി.പി.ആറിലെ വിലാസം അനുസരിച്ചാണ് ഹെൽത്ത് സെന്‍റർ ഏതാണെന്ന് നിശ്ചയിക്കുന്നത്. പരിചയക്കാർ അല്ലാത്തവരുടെ വിലാസത്തിൽ സി.പി.ആർ എടുക്കുമ്പോൾ വളരെ ജാഗ്രത പുലർത്തണം.

ജനന വർഷത്തിെന്‍റ അവസാന രണ്ടക്കമായിരിക്കും സി.പി.ആറിെന്‍റ അദ്യ രണ്ടക്കം. തുടർന്നുള്ള രണ്ടക്കം ജനിച്ച മാസവുമായിരിക്കും. സി.പി.ആറിെന്‍റ പൂർണ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ബ്ലോക്ക് നമ്പർ ഉൾപ്പെടെ വിലാസവും മറ്റ് വിവരങ്ങളും ഇതിലുണ്ടാകും. പല ഓൺലൈൻ സേവനങ്ങൾക്കും ബ്ലോക്ക് നമ്പർ നിർബന്ധമാണ്.

സി.പി.ആറിലെ വിലാസം പിന്നീട് മാറ്റുകയാണെങ്കിൽ സി.പി.ആർ കിയോസ്കിലോ ഓഫിസിലോ ചെന്ന് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സി.പി.ആറിെന്‍റ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിന് ഈ നടപടിക്രമങ്ങൾ വീണ്ടും ചെയ്യേണ്ടതാണ്.

സി.പി.ആർ പുതുക്കിയാൽ ബാങ്ക്, മറ്റ് സർക്കാർ രേഖകൾ എന്നിവിടങ്ങളിലെല്ലാം അപ്ഡേറ്റ് ചെയ്യാനും മറക്കരുത്. (തുടരും)

Tags:    
News Summary - CPR is important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.