? ഞാൻ മൂന്നുവർഷമായി ഒരു കാർ ആക്സസറീസ് ഷോപ്പിൽ ജോലിക്ക് നിൽക്കുന്നു. ഇപ്പോൾ നാട്ടിൽ പോകാൻ ശ്രമിക്കുന്നു. ലീവ് സാലറിയും ടിക്കറ്റും ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ല എന്നാണ് പറയുന്നത്. എന്താണ് ഞാൻ ചെയ്യേണ്ടത്?
ഒരു വായനക്കാരൻ
•ഇവിടത്തെ തൊഴിൽ നിയമപ്രകാരം ഒരു വർഷം ജോലി ചെയ്താൽ 30 ദിവസത്തെ വാർഷിക അവധി ലഭിക്കാൻ അർഹതയുണ്ട്. താങ്കൾ മൂന്നുവർഷം ജോലി ചെയ്തതുകൊണ്ട് മൂന്നുമാസത്തെ വാർഷിക അവധി ലഭിക്കും. അവധിക്ക് പോകുമ്പോൾ ടിക്കറ്റ് നൽകാമെന്ന് കരാർ ഉണ്ടെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. കാരണം, തൊഴിൽ നിയമത്തിൽ അവധിക്ക് പോകുമ്പോൾ ടിക്കറ്റ് നൽകണമെന്ന് വ്യവസ്ഥയില്ല. സാധാരണ ഗതിയിൽ തൊഴിലുടമ ടിക്കറ്റ് നൽകാറുണ്ട്.
താങ്കൾക്ക് അവധിയോ അതിന്റെ ശമ്പളമോ ലഭിക്കുന്നില്ലെങ്കിൽ കോടതിയിൽ പരാതി നൽകാം. ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേനയാണ് പരാതി നൽകേണ്ടത്. അഭിഭാഷകൻ ഇല്ലാതെയും പരാതി നൽകാം. പക്ഷേ, കേസിന്റെ നടത്തിപ്പ് അറബി ഭാഷയിൽ ആയതുകൊണ്ട് ഒരു അഭിഭാഷകനുള്ളത് ഗുണകരമാണ്.
?എനിക്ക് ഒരു വാഹനാപകടത്തിൽ പരിക്കുപറ്റി ഇപ്പോൾ ചികിത്സയിലാണ്. വാഹനത്തിന്റെ ഇൻഷുറൻസിൽനിന്ന് എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ?
ഒരു വായനക്കാരൻ
• വാഹന ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ ചികിത്സ കഴിഞ്ഞ്, മെഡിക്കൽ കമീഷന്റെ വൈകല്യം എന്തെങ്കിലും ഉണ്ടോയെന്നുള്ള റിപ്പോർട്ട് ലഭിക്കണം. അപകടത്തെത്തുടർന്ന് വൈകല്യം എന്തെങ്കിലുമുണ്ടോയെന്ന് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷനാണ്. ഡിസെബിലിറ്റി ഒന്നുമില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുകയില്ല. ഉണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കും. വൈകല്യത്തിന്റെ തോതും ശമ്പളവും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.