അഹ്മദ് അബ്ദുൽ റഹീമിന് അൽനൂർ സ്കൂളിന്റെ ഉപഹാരം കൈമാറുന്നു
മനാമ: കേംബ്രിജ് ഇന്റർനാഷനൽ പരീക്ഷകളിൽ അഭിമാന നേട്ടവുമായി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി. പത്താം ക്ലാസ് വിദ്യാർഥി അഹ്മദ് അബ്ദുൽ റഹീമാണ് ലോകതലത്തിൽ ഉയർന്ന മാർക്ക് നേടി സ്കൂളിന് അഭിമാനമായി മാറിയത്. 2024 ജൂണിൽ നടന്ന കേംബ്രിജ് ഐ.ജി.സി.എസ്.ഇ ബയോളജി, ഇൻഫോർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) പരീക്ഷകളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിയായി അഹ്മദ് മാറിയത്.
ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിലെ 10,000ത്തിലധികം സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പരീക്ഷയെഴുതിയ ആയിരക്കണക്കിന് വിദ്യാർഥികളെ പിന്നിലാക്കിയാണ് അഹമ്മദ് ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്.
അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ഇത്തരത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നത് ഇതാദ്യമല്ലെങ്കിലും, ബയോളജി ഐ.ജി.സി.എസ്.ഇയിൽ തുടർച്ചയായി രണ്ടാം തവണയാണ് നേട്ടം കൈവരിക്കുന്നത്.
നേട്ടത്തിൽ സ്കൂൾ സ്ഥാപകനും ചെയർമാനുമായ അലി ഹസൻ സന്തോഷം പ്രകടിപ്പിക്കുകയും അഹ്മദ് അബ്ദുൽ റഹീമിനെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ഞങ്ങളുടെ വിദ്യാർഥികൾക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നേട്ടങ്ങൾ അതിന് മികച്ച ഉദാഹരണമാണെന്നും സ്കൂളിന്റെ മൂല്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.
കേംബ്രിജ് ഇന്റർനാഷനൽ കരിക്കുലം അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ കെ.ജി ക്ലാസ് മുതൽ പ്ലസ്ടുവരെ പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലണ്ടിലെ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയും കേംബ്രിജ് സർവകലാശാലയിലെ അധ്യാപകർ മേൽനോട്ടം വഹിക്കുന്നതുമായ കേംബ്രിജ് ഇന്റർനാഷനൽ കരിക്കുലം മിഡിൽ ഈസ്റ്റിലെയും ലോകമെമ്പാടുമുള്ള നിരവധി പ്രശസ്തമായ സ്കൂളുകളിലെയും പാഠ്യവിഷയമാണ്.
അഹമദ് ഗ്രേഡ് ഒന്നുമുതൽ അൽ നൂറിന്റെ വിദ്യാർഥിയാണ്. എല്ലാ സമയത്തും അവൻ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ശ്രമിക്കാറുണ്ട്. അവന്റെ നേട്ടത്തിൻ സ്കൂളിന്റെ ഗുണനിലവാരം കൂടിയാണ് പ്രകടമാകുന്നതെന്നും അഹ്മദിനെ പ്രശംസിക്കുന്നതായും മികച്ച ഭാവി ആശംസിക്കുന്നതായും സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ ഖുഹേജി അഹ്മദിനെ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ് ടീച്ചർമാരും സ്റ്റാഫ് അംഗങ്ങളും അഹമ്മദ് അബ്ദുൽ റഹിമിന്റെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.