ബഹ്റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പിൽ നിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ ഗുദൈബിയ യൂനിറ്റും അർജുൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ചെസ്സ് പരിശീലന ക്യാമ്പിന് സൽമാനിയയിലെ പ്രതിഭ സെന്ററിൽ തുടക്കം കുറിച്ചു. രണ്ട് വിഭാഗങ്ങളിലായി 60 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് പ്രതിഭ മനാമ മേഖല കമ്മിറ്റി സെക്രട്ടറി രാജേഷ് അറ്റാച്ചേരി ഉദ്ഘാടനം ചെയ്തു.
ചെസ് കളിയുടെ അടിസ്ഥാന നിയമങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്തി, ഉയർന്ന തലത്തിലുള്ള മത്സരപരിചയത്തിലേക്ക് കുട്ടികളെ നയിക്കുന്ന രീതിയിലാണ് പരിശീലന പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികളുടെ ബൗദ്ധിക ശേഷി, ഏകാഗ്രത, തീരുമാനക്ഷമത, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിൽ ചെസ്സ് പരിശീലനത്തിന്റെ പ്രാധാന്യം ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.
പ്രതിഭ ജോയിന്റ് സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അർജുൻസ് അക്കാദമി ഡയറക്ടർ അർജുൻ പരിശീലന ക്യാമ്പിന്റെ പ്രവർത്തനരീതിയും ലക്ഷ്യങ്ങളും വിശദീകരിച്ചു. ഗുദൈബിയ യൂനിറ്റ് പ്രസിഡന്റ് ഷനിൽ കുമാർ അധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്ടറി മനോജ് പോൾ സ്വാഗതം ആശംസിക്കുകയും മേഖല വൈസ് പ്രസിഡന്റ് സരിത കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളിൽ വിശകലന ചിന്തയും ആരോഗ്യകരമായ മത്സരമനോഭാവവും വളർത്തിക്കൊണ്ട് ഭാവിയിലെ കഴിവുറ്റ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.