ബഹ്റൈനിലെ സാഖിർ മരുഭൂമിയിലും സെല്ലാക് ബീച്ചിലും മലർന്നുകിടന്ന് ആകാശത്തെ നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞിരുന്ന മലയാളി പയ്യൻ വളർന്ന് ശാസ്ത്രജ്ഞനായി. അന്നുകണ്ടിരിക്കാൻ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തിന് പിന്നീട് അദ്ദേഹത്തിന്റെ പേരും ലഭിച്ചു. ഇന്റർനാഷണൽ ആസ്ട്രോണമിക് യൂണിയനാണ് (ഐ.എ.യു) നാലരക്കിലോമീറ്റർ വ്യാസമുള്ള മൈനർ പ്ലാനറ്റിന് (33928)‘അശ്വിൻ ശേഖർ’ എന്ന് നാമകരണം ചെയ്തത്. ഫ്രാൻസിലെ പാരിസ് ഒബ്സർവേറ്ററിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെലസ്റ്റിയൽ മെക്കാനിക്സിൽ ആസ്ട്രോഫിസിസിസ്റ്റായ അശ്വിൻ ശേഖർ കഴിഞ്ഞമാസം യു.എസിലെ അരിസോണയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിൽ അംഗീകാരം ഏറ്റുവാങ്ങുകയും ചെയ്തു. ആകാശഗോളങ്ങൾക്ക് പേരിടുന്നതിൽ രണ്ട് നടപടിക്രമങ്ങളുണ്ട്. ഓണററി എന്ന നിലയിൽ പ്രമുഖരുടെ പേര് അവയ്ക്ക് നൽകാറുണ്ട്. അതല്ലാതെ ജ്യോതിശാസ്ത്രമേഖലയിൽ നിർണ്ണായക സംഭാവന നൽകിയ ശാസ്ത്രജ്ഞർക്കുള്ള അംഗീകാരമായും ഐ.എ.യു നാമകരണം നടത്തും. സി.വി. രാമൻ, സുബ്രഹ്മണ്യൻ ചന്ദ്രശേഖർ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ്, ഐ.എ.യു മുൻ പ്രസിഡന്റും മലയാളിയുമായ മണലി കല്ലാട്ട് വൈനു ബാപ്പു എന്നീ ഇന്ത്യക്കാർക്ക് മാത്രമേ മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ അശ്വിൻ ശേഖറിനു ലഭിച്ച ബഹുമതിക്ക് മാറ്റ് ഏറെയാണ്.

നക്ഷത്രങ്ങളെ സ്വപ്നം കണ്ട ബാല്യം

ബഹ്റൈനിൽ കോട്ടക്കൽ ആര്യ വൈദ്യശാല നടത്തുന്ന ശേഖർ വാര്യരുടേയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. പി.കെ. വാര്യർ അശ്വിന്റെ മുത്തശ്ശിയുടെ സഹോദരനാണ്. കേരളത്തിൽ പഠിച്ച അശ്വിൻ മാതാപിതാക്കളെ കാണാനായി ചെർപ്പുളശ്ശേരിയിലെ കുടുംബ വീട്ടിൽനിന്ന് അവധിക്കാലത്ത് ബഹ്റൈനിലെത്തുമായിരുന്നു. ബഹ്റൈനിലെ തെളിഞ്ഞ ആകാശവും മാനം നിറയെയുള്ള നക്ഷത്രങ്ങളും ആ വിദ്യാർഥിക്ക് കൗതുകമായിരുന്നു. നഗരത്തിൽനിന്ന് പത്തിരുപത് മിനുട്ട് കാറിൽ സഞ്ചരിച്ചാൽ സാഖിർ മരുഭൂമിയിലെത്താം. അവിടെ മണൽപ്പരപ്പിൽ മലർന്നുകിടന്നാൽ ആകാശവിസ്മയങ്ങളെ തടസ്സമേതുമില്ലാതെ കാണാം. അന്നത്തെ ആകാശ അനുഭവങ്ങളാണ് തന്നിൽ ജ്യോതിശാസ്ത്രം സംബന്ധിച്ച കൗതുകമുണർത്തിയതെന്ന് അശ്വിൻ പറഞ്ഞു. വാനനിരീക്ഷണത്തിന് സഹായകരമായ ആകാശമാണ് ഗൾഫ് രാജ്യങ്ങളിൽ ദൃശ്യമാകുന്നത്. കെട്ടിടങ്ങളുടേയും മരങ്ങളുടേയും തടസ്സമില്ലാത്ത ഈ ആകാശം ആസ്വദിക്കാനും അത് സംബന്ധിച്ച് പഠനം നടത്താനും വിദ്യാർഥികൾക്ക് ഈ അനുഭവം പ്രചോദനമാകുകയാണെങ്കിൽ താൻ സംതൃപ്തനാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം എം.ജി കോളജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ അശ്വിൻ ശേഖർ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ‘എവല്യൂഷൻ ഓഫ് ഹാലി ടൈപ്പ് കോമറ്റ്സ് ആന്റ് മെറ്റിറോയിഡ് സ്ട്രീംസ്’ എന്ന വിഷയത്തിലെ ഗവേഷണത്തിന് 2014-ൽ ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി ലഭിച്ചു. ഓസ്ലോയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടി. ലണ്ടനിലെ റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി ഫെലോയും ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെയും അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെയും വോട്ടവകാശമുള്ള അംഗവുമാണ് അദ്ദേഹം. ആസ്ട്രോണമിക്കൽ കൊസൈറ്റി ഓഫ് ഇന്ത്യയുടെ ആജീവനാന്ത അംഗവുമാണ്.

ഉൽക്കാശാസ്ത്രം

ഉൽക്കകളെ സംബന്ധിച്ച പഠനത്തിൽ അശ്വിൻ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. ഉൽക്കാവർഷങ്ങൾ ബഹിരാകാശ പേടകങ്ങൾക്കും ബഹിരാകാശയാത്രികർക്കും ഹാനികരമായേക്കാമെന്നതിനാൽ അത് സംബന്ധിച്ച പഠനങ്ങൾക്ക് പ്രാധാന്യമേറെയാണ്. അശ്വിന്റെ പേരുള്ള ഛിന്നഗ്രഹത്തെ 2000 ജൂണിലാണ് കണ്ടെത്തിയത്.ഇതിന് നാലു കിലോമീറ്ററിലധികം വ്യാസമുണ്ട്.സുര്യനെ ചുറ്റിവരാൻ നാല് വർഷമെടുക്കും. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടി അകലെയാണ് ‘അശ്വിൻ ശേഖർ’. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണപഥത്തിലാണ് ഛിന്നഗ്രഹങ്ങൾ അധികവും കാണപ്പെടുന്നത്. ഇവ തമ്മിൽ കൂട്ടിയിടിച്ച് തകരാറുണ്ട്. ചിലപ്പോൾ സംയോജിക്കാറുമുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് വലിയ ഗുരുത്വാകർഷണബലമുള്ളതിനാൽ ഈ ഛിന്നഗ്രഹങ്ങൾക്ക് പരസ്പരം യോജിച്ച് വലിയ ഗ്രഹമാകാൻ കഴിയുന്നില്ല. ഡോ. അശ്വിൻ ശേഖറിന്റെ പേരിലുള്ള ഛിന്നഗ്രഹം, ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുള്ളതല്ല. ഛിന്നഗ്രഹം കൂട്ടിയിടി സാധ്യതയില്ലാത്താണെങ്കിൽ മാത്രമേ പ്രശസ്ത വ്യക്തിത്വങ്ങളുടെ പേര് ഐ.എ.യു അവയ്ക്ക് നൽകാറുള്ളു.പ്രപഞ്ചോൽപത്തി സംബന്ധിച്ച നിഗൂഡതകളിലേക്ക് വിരൽചൂണ്ടാൻ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിന് സാധിക്കും.ഛിന്നഗ്രഹങ്ങളിലെ മൂലകങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സംബന്ധിച്ച പഠനവും ഉൽക്കാശാസ്ത്രത്തിന്റെ പരിധിയിൽ വരും.

ഉൽക്കകൾ ബഹിരാകാശയാത്രികർക്ക് ഭീഷണി

ഛിന്നഗ്രഹങ്ങൾ മൂലം റദ്ദാക്കിയ ബഹിരാകാശപദ്ധതികളുണ്ട്. 1993 ൽ യൂറോപ്യൻ സ്‍പേസ് ഏജൻസിയുടെ മിഷൻ ഇങ്ങനെ റദ്ദാക്കിയ ഒന്നാണ്. ഹാലിയുടെ ധൂമകേതുവിനെപ്പറ്റി പഠിക്കുകയായിരുന്നു മിഷന്റെ ഉദ്ദേശ്യം. മിഷന്റെ ഭാഗമായ ഒളിമ്പസ് എന്ന ബഹിരാകാശവാഹനത്തിന്റെ സോളാർ പാനലിൽ ഛിന്നഗ്രഹം ഇടിച്ചതിനെത്തുടർന്ന് ദൗത്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 1908 ൽ സൈബീരിയയിൽ ഛിന്നഗ്രഹം പതിച്ചതിനെത്തുടർന്ന് ഒരു കാട് തന്നെ കത്തിപ്പോയിരുന്നു. 2013 ൽ റഷ്യയിൽ 15 മീറ്റർ വ്യാസമുള്ള ഉൽക്ക പതിച്ച് കെട്ടിടത്തിന് നാശമുണ്ടായി. ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോഴാണ് ഒരുകാലത്ത് ഭൂമി അടക്കിവാണിരുന്ന ഡൈനോസറുകൾക്ക് വംശനാശം സംഭവിച്ചതെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഛിന്നഗ്രഹങ്ങളെപ്പറ്റിയുള്ള പഠനത്തിന് പ്രാധാന്യമേറെയുണ്ടെന്ന് ഡോ. അശ്വിൻ ശേഖർ പറയുന്നു. ബഹിരാകാശപദ്ധതികൾക്കും ദൗത്യങ്ങൾക്കും ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെപ്പറ്റി മുൻകൂട്ടി അറിവ് ലഭിക്കുകയാണെങ്കിൽ വേണ്ട മുൻകരുതൽ എടുക്കാൻ സാധിക്കും. നാസയുടെ ഡാർക്ക് എന്ന ദൗത്യം ഇത്തരത്തിലുള്ള ഒന്നായിരുന്നു. അപകടം വിതക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ഛിന്നഗ്രഹത്തിൽ സ്ഫോടനം ഉണ്ടാക്കി അതിന്റെ ഭ്രമണപഥം വ്യതിചലിപ്പിക്കാൻ ദൗത്യത്തിന് കഴിഞ്ഞിരുന്നു. സ്വകാര്യ ഏജൻസികളടേതടക്കമുള്ള ബഹിരാകാശദൗത്യങ്ങളുടേയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉൽക്കാപഠനത്തിന്റെ പ്രാധാന്യം വർധിച്ചുവരുകയാണ്.

ഭൂമിയിലല്ലാതെ ജീവൻ

ഭൂമിയിലല്ലാതെ ജീവനുണ്ടോ എന്ന ചോദ്യം എക്കാലത്തും കൗതുകമുള്ളതാണ്. ജ്യോതിശാസ്ത്രജ്ഞരുടെ ഇഷ്ടവിഷയവുമാണത്. ഇത്രയും വലിയ പ്രചഞ്ചത്തിൽ ഭൂമി എന്ന ചെറിയ ഗ്രഹത്തിൽ മാത്രമായി ജീവനുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഡോ. അശ്വിൻ ശേഖറുടെ അഭിപ്രായം.10ന്റെ വലതുഭാഗത്ത് 23 പൂജ്യങ്ങളിട്ടാൽ കിട്ടുന്ന അത്രയും നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. നമ്മൾ അംഗമായ സൗരയൂഥം പോലെ അനവധി സൗരയൂഥങ്ങൾ. അത്രയും വലിയ പ്രപഞ്ചത്തിലെ രഹസ്യങ്ങൾ ശാസ്ത്രം കൂടുതൽ വികസിക്കുമ്പോൾ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനും ഛിന്നഗ്രഹങ്ങളേപ്പറ്റിയുള്ള പഠനം വഴി സാധിക്കും.

വഴികാട്ടിയായ ഡോ.ആഷർ

വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹൃത്തും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന ഡോ. ആർ. ഇ. ആഷർ അടുത്തകാലത്താണ് അന്തരിച്ചത്. ബഷീറിന്റെ കൃതികൾ ലോകഭാഷകളിലേക്ക് തർജ്ജമ ചെയ്തത് വഴി മലയാളികൾക്ക് അദ്ദേഹം സുപരിചിതനാണ്. അദ്ദേഹത്തിന്റെ മകനും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനുമായ ഡോ. ഡേവിഡ് ആഷറാണ് ഉൽക്കാപഠനത്തിൽ തന്റെ വഴികാട്ടിയായതെന്ന് ഡോ. അശ്വിൻ ശേഖർ പറഞ്ഞു. ബ്രിട്ടീഷുകാരനായ അദ്ദേഹം മീറ്റിയോർ സ്റ്റോം പ്രവചിച്ചതുവഴി ലോകപ്രശസ്തനാണ്. പ്രൊഫഷണൽ മെറ്റിയർ സയൻസിന്റെ ഔപചാരിക ലോകം പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ഭൗതികശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും മാന്ത്രിക ലോകത്തേക്ക് നയിച്ചതിൽ സിഡാക് തിരുവനന്തപുരം മുൻ അഡീഷണൽ ഡയറക്ടർ കൃഷ്ണ വാര്യർക്കും സാഹിത്യകാരനായ ശശി വാര്യർക്കും വലിയ പങ്കുണ്ട്. ആകാശത്തേക്ക് നോക്കാൻ അവരാണ് പ്രോത്സാഹിപ്പിച്ചതെന്നും അശ്വിൻ ശേഖർ പറഞ്ഞു. ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ എന്നിവയുടെ ഭ്രമണപഥത്തിൽ വരുന്നമാറ്റങ്ങളാണ് അശ്വിന്റെ പഠനവിഷയം. പ്രപഞ്ചനിഗൂഡതകളിലൂടെയുള്ള സഞ്ചാരം ഏറെ കൗതുകമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Ashwin Shekhar' in solar orbit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.