കഴിഞ്ഞ ദിവസം കിരീടാവകാശിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
മനാമ: ഡിസംബറിൽ ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിക്കുള്ള തയാറെടുപ്പുകൾ നടത്താനുള്ള നിർദേശം നൽകി മന്ത്രിസഭ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഗുദൈബിയ കൊട്ടാരത്തിൽ ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും അധികാരികൾക്കും നിർദേശം നൽകിയത്.
ഗൾഫ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ജി.സി.സിയിലുടനീളമുള്ള പൗരന്മാർക്ക് പ്രയോജനപ്പെടുന്ന സംരംഭങ്ങളുടെ വിതരണം ത്വരിതപ്പെടുത്താനും സഹായകമാകുന്ന ഈ സമ്മേളനത്തിന്റെ വിജയത്തിന് മന്ത്രിസഭയുടെ എല്ലാ ആശംസകളും യോഗത്തിൽ അറിയിച്ചു. മേഖലയിലുണ്ടായ പ്രശ്നങ്ങൾക്കിടയിൽ ഇറാനിലും മറ്റും അകപ്പെട്ട ബഹ്റൈൻ സ്വദേശികളെ നാട്ടിലെത്തിക്കുന്നതിനായി ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും ഉത്തരവുകൾ നടപ്പാക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മറ്റ് പ്രസക്ത അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ അതിനായി സഹകരിച്ച ജി.സി.സി രാജ്യങ്ങളെയും എംബസികളെയും മന്ത്രിസഭ പ്രശംസിച്ചു.യോഗത്തിൽ നിരവധി മൊമ്മോറാണ്ടങ്ങൾ സഭ പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.