ബസ്സര്‍വീസ്: ‘ഗോ കാര്‍ഡ്’ ജനകീയമാക്കാന്‍ പദ്ധതി 

മനാമ: ബസ് സര്‍വീസ് ഉപയോഗിക്കുന്നതിനുള്ള ‘ഗോ കാര്‍ഡ്’ കൂടുതല്‍ ജനകീയമാക്കാന്‍ അധികൃതര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ‘ഗോ കാര്‍ഡ്’ ആദ്യമായി നിലവില്‍ വന്നത്. ഇതിന്‍െറ ഉപയോഗം യാത്രക്കാര്‍ക്കും ബസിന്‍െറ നടത്തിപ്പുകാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണെന്ന് ടെലികോം-ഗതാഗത മന്ത്രാലയത്തിലെ ഉപരിതല ഗതാഗത പോസ്റ്റല്‍കാര്യ അണ്ടര്‍ സെക്രട്ടറി മറിയം ജുമാന്‍ വ്യക്തമാക്കി. 
ഈസ ടൗണിലെ ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട് കമ്പനി ഡിപ്പോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഗോ കാര്‍ഡ്’ ഉപയോഗം വഴി, ഏതു ബസ്സ്റ്റോപ്പിലാണ് കൂടുതല്‍ തിരക്കുള്ളതെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാനും സാധിക്കുമെന്ന് ബി.പി.ടി.സി നെറ്റ്വര്‍ക് മാനേജര്‍ തിമോത്തി വുഡ്വാര്‍ഡ് പറഞ്ഞു. 
500ഫില്‍സ് വിലയുള്ള കാര്‍ഡ് പ്രൊമോഷന്‍ കാലയളവില്‍ 200ഫില്‍സിന് ലഭ്യമാണ്. ഇതിനകം 28,000 കാര്‍ഡുകള്‍ ആളുകള്‍ വാങ്ങിയിട്ടുണ്ട്. ബി.പി.ടി.സിയുടെ മുഹറഖ്, മനാമ, ഈസ ടൗണ്‍ ഡിപ്പോകളില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാം. 
ഇത് ബസുകള്‍ക്കുള്ളില്‍ സ്ഥാപിച്ച മെഷീനുകള്‍ വഴി ടോപ്അപ് ചെയ്യാവുന്നതാണ്. ഈ മെഷീന്‍ 500 ഫില്‍സ്, ഒരു ദിനാര്‍, അഞ്ചുദിനാര്‍ നോട്ടുകള്‍ സ്വീകരിക്കും. സാധാരണ ടിക്കറ്റില്‍ ഒരു യാത്രക്ക് 300 ഫില്‍സ് ആണ് ചാര്‍ജെങ്കില്‍ കാര്‍ഡില്‍ ഇത് 250 ഫില്‍സ് ആണ്. കാര്‍ഡ് ഒരു ദിവസം പല തവണയായി ഉപയോഗിക്കാം. എന്നാല്‍ ഒരു ദിവസം 600 ഫില്‍സില്‍ അധികം തുക പിന്‍വലിക്കില്ല. 
ഒരുമാസത്തെ പാസിന് 14 ദിനാര്‍ ആണ് ചാര്‍ജ്. ഇത് 28 ദിവസം ഉപയോഗിക്കാനാകും. ബഹ്റൈനിലുടനീളം 30 കാര്‍ഡ് വില്‍പന-ടോപ് അപ് പോയന്‍റുകളാണുള്ളത്. ഗോ കാര്‍ഡില്‍ അടുത്ത വര്‍ഷം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. പൊതു ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 
ആദ്യ ഘട്ടത്തില്‍ 35 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 141 എണ്ണമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 28 ഇടങ്ങളിലേക്കാണ് ബസ് സര്‍വീസുള്ളത്. 
നേരത്തെ ദിനേന ശരാശരി 23,000  പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിരുന്നതെങ്കില്‍ നിലവിലിത്  34,500 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ മുന്നോട്ടു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒഴിവു ദിവസങ്ങളിലും, പ്രധാന സമയങ്ങളിലും കൂടുതല്‍ പേര്‍ ബസിനെ ആശ്രയിക്കുന്നുണ്ട്. 
എല്ലാ ബസുകളും ചേര്‍ന്ന് ദിനേന 47,000 കിലോമീറ്ററാണ് ഓടുന്നത്. ബസിനായുള്ള കാത്തുനില്‍പ് സമയം കഴിഞ്ഞ വര്‍ഷം 29 മിനിറ്റ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം 27 ആയി ചുരുങ്ങിയിട്ടുണ്ട്. രാജ്യത്തെ 77 ശതമാനം ജനവാസ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍വീസുകള്‍ക്ക് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT