കേരളീയ സമാജം അന്താരാഷ്ട്ര  ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും 

മനാമ: ബഹ്റൈന്‍ ബാഡ്മിന്‍റണ്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ (ബി.ബി.ആന്‍റ് എസ്.എഫ്) സഹകരണത്തോടെ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് കേരളീയ സമാജത്തില്‍ ഇന്ന് തുടങ്ങുമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒക്ടോബര്‍  30വരെ നീളുന്ന ടൂര്‍ണമെന്‍റ്, ബാഡ്മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബി.ഡബ്ള്യു.എഫ്), ബാഡ്മിന്‍റണ്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ (ബി.എ.സി) എന്നിവയുടെ  അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്.
 മൊത്തം 17,500 ഡോളര്‍ ആണ് വിജയികള്‍ക്ക്  സമ്മാന തുകയായി ലഭിക്കുക. ലോക റാങ്കിങുള്ള താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. മെന്‍സ് സിംഗ്ള്‍സ്, മെന്‍സ് ഡബ്ള്‍സ്, വനിത സിംഗ്ള്‍സ്, വനിത ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.
ജി.സി.സി മേഖലയിലെ പ്രധാന ബാഡ്മിന്‍റണ്‍ മത്സരമാണിത്. 2000ത്തോളം  കാണികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. നിരവധി ടൂര്‍ണമെന്‍റുകള്‍ നടത്തിയ അനുഭവ പരിചയവുമായാണ് സമാജം ഈ പരിപാടിയുടെ ആതിഥേയത്വം വഹിക്കുന്നതെന്ന് ബാഡ്മിന്‍റണ്‍ വിങ് സെക്രട്ടറി നൗഷാദ് ചെറിയില്‍ പറഞ്ഞു. 
ബാഡ്മിന്‍റണ്‍ ഏഷ്യ കോണ്‍ഫെഡറേഷന്‍ നിയോഗിച്ച ചൈനയില്‍ നിന്നുള്ള സെങ് സാന്‍ലിയാങ് ആണ് ടൂര്‍ണമെന്‍റിന്‍െറ മേല്‍നോട്ടം വഹിക്കുന്നത്. ഡെപ്യൂട്ടി റഫറിയായ ആഷ്ലി ജോര്‍ജ് സമാജം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്. റിയോ ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ ഏഷ്യ റഫറിയായിരുന്ന നഹതായ് സോണ്‍ പ്രാചും ആണ് മറ്റൊരു ഡെപ്യൂട്ടി റഫറി.
ഇന്ത്യ, ബഹ്റൈന്‍, ഈജിപ്ത്, പാകിസ്താന്‍, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ, ഇംഗ്ളണ്ട്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 100ഓളം കളിക്കാരും  ഉദ്യോഗസ്ഥരും നാലു ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും മത്സരങ്ങള്‍ വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ പത്തുമണിക്കാണ് മത്സരം. പ്രവേശം എല്ലാ ദിവസവും സൗജന്യമാണ്.‘ഒപ്റ്റിമ’ ആണ് ടൈറ്റില്‍ സ്പോണ്‍സര്‍. 
വിവരങ്ങള്‍ക്ക് നൗഷാദ് ചെറിയിലുമായി (39777801) ബന്ധപ്പെടാം. 
വാര്‍ത്താസമ്മേളനത്തില്‍ സെങ് സാന്‍ലിയാങ്, നഹതായ് സോണ്‍ പ്രാചും, ആഷ്ലി ജോര്‍ജ്, സിറാജുദ്ദീന്‍, ഷാനില്‍ അബ്ദുറഹ്മാന്‍ എന്നിവരും പങ്കെടുത്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.