മനാമ: ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി മരവിപ്പിക്കാനുള്ള നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭാ യോഗം.
ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റിയിലെ മുഴുവന്‍ കാര്യങ്ങളും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. അവരെ മന്ത്രാലയത്തിലേക്ക് പുനര്‍വിന്യസിക്കും. ഇതിനായി നിയമനിര്‍മാണം നടത്തും. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു. അണ്ടര്‍ സെക്രട്ടറി, മൂന്ന് അണ്ടര്‍ സെക്രട്ടറിമാര്‍, ഒമ്പത് ഡയറക്ടറേറ്റുകള്‍ എന്നിവയടങ്ങുന്ന രൂപത്തിലാണ് പുന:സംഘാടനം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് ലഭിച്ച രണ്ട് പുരസ്കാരങ്ങളും രാജ്യത്തിന്‍െറ യശസ് ഉയര്‍ത്തിയെന്ന് മന്ത്രിസഭ വിലയിരുത്തി. ‘അമേരിക്കന്‍ റിഫോംസ് ചര്‍ച്ചി’ന്‍െറയും ‘സി ത്രീ ഓര്‍ഗനൈസേഷന്‍െറ’യും പുരസ്കാരങ്ങളാണ് ലഭിച്ചത്. ബഹ്റൈനിലെ മതസൗഹാര്‍ദവും സഹകരണവും മാനവ മൈത്രിയും ഏറെ പ്രശംസനീയമാണെന്ന് പുരസ്കാര ദാതാക്കള്‍ വിലയിരുത്തിരുന്നു. പുരസ്കാര ലബ്ധിയില്‍ മന്ത്രിസഭയുടെ ആശംസകള്‍ രാജാവിനെ അറിയിച്ചു. എണ്ണ, വാതക മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ അനിവാര്യമാണെന്ന് കാബിനറ്റ് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചക്കും രാജ്യ പുരോഗതിക്കും ഈ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സംഘടിപ്പിച്ച ‘മിഡില്‍ ഈസ്റ്റ് പെട്രോ ടെക് എക്സിബിഷന്‍- 2016’ വിജയകരമായിരുന്നെന്ന് വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന എക്സിബിഷന്‍ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്. എക്സിബിഷന്‍ സംബന്ധിച്ച വിശദീകരണം എണ്ണ മന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിച്ചു. യമനിലേക്കുള്ള യു.എ.ഇയുടെ സഹായക്കപ്പല്‍ ആക്രമിച്ച നടപടിയെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത് ഭീകര പ്രവര്‍ത്തനമാണെന്നും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും വിലയിരുത്തി. യമനിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ അന്താരാഷ്ട്ര വേദികളുടെ ഇടപെടല്‍ വേണമെന്നാണ് ബഹ്റൈന്‍ താല്‍പര്യപ്പെടുന്നത്. സിറിയയിലെ അലപ്പോവില്‍ നടക്കുന്ന ആക്രമണങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു.
ആശുപത്രികളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണം ഒരു നിലക്കും ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്. നിരവധി പേരുടെ മരണത്തിനിടയാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുമാവശ്യമായ നടപടികള്‍ കൈാക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കാബിനറ്റ് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ‘ഹ്യൂമണ്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്’ രൂപവത്കരണവുമായി ബന്ധപ്പെട്ട നിയമം പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പുതിയ ചില നിയമങ്ങള്‍ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കാബിനറ്റില്‍ നടന്നു. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ മേഖലയില്‍ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സഭയില്‍ വിശദീകരിച്ചു.
അമേരിക്കയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ രൂപപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തില്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണമടക്കമുള്ള യൂനിറ്റുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ കാമറകള്‍ സ്ഥാപിക്കല്‍, അക്രമണം തടയല്‍, ചില തൊഴിലുകള്‍ക്ക് അപകട അലവന്‍സ്, മഴക്കെടുതി പരിഹാരം, നഈം യൂത്ത് സെന്‍റര്‍ തുടങ്ങിയ വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്തു.
മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.