മനാമ: കര്‍ണാട സംഗീതലോകം കണ്ട എക്കാലത്തെയും മികച്ച സംഗീതജ്ഞനായ ഡോ.ബാലമുരളീകൃഷ്ണ വിടവാങ്ങുമ്പോള്‍, തൊട്ടതെല്ലാം പൊന്നാക്കാനുള്ള അദ്ദേഹത്തിനെ കഴിവ് പാട്ടുകാരനും അധ്യാപകനുമായ അമ്പിളിക്കുട്ടന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി പങ്കുവെച്ചു. ബാലമുരളീകൃഷ്ണയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ബഹ്റൈനില്‍ ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ്’ എന്ന കലാവിദ്യാലയം നടത്തുന്ന അമ്പിളിക്കുട്ടന്‍.
1984ല്‍ കോട്ടയം മുട്ടമ്പലത്ത് പ്രമുഖ അഭിഭാഷകനായിരുന്ന കുമരകം ശങ്കുണ്ണിമേനോന്‍െറ വീട്ടില്‍ വെച്ചാണ് അമ്പിളിക്കുട്ടന്‍ ബാലമുരളീകൃഷ്ണയെ ആദ്യമായി കാണുന്നത്. ശങ്കുണ്ണിമേനോനും ബാലമുരളീകൃഷ്ണയും അടുത്ത സുഹൃത്തുക്കളായിരുന്നു. അമ്പിളിക്കുട്ടന്‍ അന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ് നില്‍ക്കുന്ന കാലമാണ്. ചെറുപ്രായത്തില്‍ തന്നെ തുടങ്ങിയ സംഗീതമാണ് മനസുനിറയെ. അങ്ങനെയാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അവസാന വാക്കായ ബാലമുരളീകൃഷ്ണയെ കാണാന്‍ പോകുന്നത്. ആ വീട്ടില്‍ വെച്ച് ബാലമുരളീകൃഷ്ണ അമ്പിളിക്കുട്ടനോട് ചില പാട്ടുകള്‍ പാടാന്‍ പറഞ്ഞു. അമ്പിളിക്കുട്ടന്‍ പാടി. പാടിയതെല്ലാം അദ്ദേഹത്തിന് ഇഷ്ടമായി. ‘ചെന്നൈയിലേക്ക് (അന്നത്തെ മദ്രാസ്) വരണം, നിന്നെ ഞാന്‍ പഠിപ്പിക്കാം’ എന്നുപറഞ്ഞു. ഇതില്‍പരം സന്തോഷകരമായ ഒരു വാര്‍ത്ത അമ്പിളിക്കുട്ടന് കേള്‍ക്കാനുണ്ടായിരുന്നില്ല. നേരെ ചെന്നൈക്ക് പോയി. ‘മദ്രാസ് മ്യൂസിക് അക്കാദമി’ക്ക് സമീപമായിരുന്നു ബാലമുരളീകൃഷ്ണയുടെ വീട്. അവിടെ വെച്ചായിരുന്നു മിക്കപ്പോഴും ക്ളാസുകള്‍. 72മേളകര്‍ത്താരാഗങ്ങളുടെയും ആത്മാവുതൊട്ട വൈഭവം അദ്ദേഹത്തിന്‍െറ ശബ്ദത്തിനുണ്ടായിരുന്നു. അദ്ദേഹം രാഗങ്ങള്‍ വിസ്തരിക്കുന്നതോടെ അതിന്‍െറ ഭാവഭേദങ്ങള്‍ ആണിയടിച്ചപോലെ ശിഷ്യരില്‍ പതിഞ്ഞിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അദ്ദേഹത്തിന് ആഴത്തിലുള്ള അവഗാഹമുണ്ടായിരുന്നു. ഒപ്പം അറിവുള്ള കാര്യം പ്രയോഗത്തില്‍ വരുത്താനുള്ള അപാരമായ കഴിവും. വാഗേയകാരന്‍ കൂടിയായ ബാലമുരളീകൃഷ്ണക്ക് സംഗീതസാഹിത്യത്തിലുള്ള വഴക്കം ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അറിവ് പകര്‍ന്നുനല്‍കുന്നതില്‍ അദ്ദേഹം യാതൊരു പിശുക്കും കാണിച്ചില്ല. എന്നാല്‍, ശിഷ്യരുടെ തെരഞ്ഞെടുപ്പില്‍ കണിശത പുലര്‍ത്തിയിരുന്നതായി തോന്നിയിട്ടുണ്ട്. വായ്പാട്ടിനപ്പുറം ഉപകരണ സംഗീതത്തിലും ജ്ഞാനമുണ്ടായിരുന്നു. വയലിന്‍, വിയോള, മൃദംഗം എന്നിവയെല്ലാം വായിക്കുമായിരുന്നു.
1987വരെ തുടര്‍ച്ചായി അദ്ദേഹത്തിന്‍െറ ക്ളാസുകള്‍ കിട്ടി. പിന്നീട് കേരളത്തിലേക്ക് തിരിച്ചുപോന്നെങ്കിലും 89വരെ ഇടക്കിടെ ക്ളാസിനായി ചെന്നൈയില്‍ പോയി. നിരന്തരം ക്ളാസിലത്തെുന്നത് അവസാനിച്ചെങ്കിലും ഗുരുവുമായുള്ള ബന്ധം ഒരിക്കലും മുറിഞ്ഞില്ല. ഒഴിവുള്ളപ്പോഴെല്ലാം അദ്ദേഹം സംസാരിക്കാന്‍ സൗമനസ്യം കാണിച്ചിരുന്നു.
ഗുരുവുമൊത്തുള്ള ഓരോ നിമിഷവും ഓര്‍മ്മയില്‍ ആഴത്തില്‍ പതിഞ്ഞതാണ്. സംഗീതപ്രാധാന്യമുള്ള സിനിമയായ ‘സ്വാതിതിരുനാളി’ല്‍ ‘ധനശ്രീ’ രാഗത്തിലുള്ള പ്രശസ്തമായ ‘ഗീതധുനികു തകധീം’ എന്ന തില്ലാന പാടുക വഴി, സിനിമയിലും ബാലമുരളീകൃഷ്ണക്കൊപ്പം നില്‍ക്കാനുള്ള ഭാഗ്യമുണ്ടായെന്ന് അമ്പിളിക്കുട്ടന്‍ പറഞ്ഞു. അന്ന്, സിനിമയിലെ പാട്ടുകളുടെ റെക്കോഡിങ് ചെന്നൈയില്‍ നടക്കുകയാണ്. എം.ബി.ശ്രീനിവാസനാണ് സംഗീത സംവിധായകന്‍. ‘ജമുനാ കിനാരേ’, ‘മോക്ഷമു ഗലധ’ തുടങ്ങിയ കൃതികളുടെ റെക്കോഡിങ് പൂര്‍ത്തിയാക്കി ഇറങ്ങിയ ബാലമുരളീകൃഷ്ണയുടെ കാല്‍തൊട്ട് എം.ബി.എസ് ‘നിങ്ങള്‍ ബാലമുരളിയല്ല, വലിയ മുരളിയാണ്’ എന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ഒരിക്കല്‍ കേട്ട ആര്‍ക്കും മറക്കാന്‍ കഴിയുന്നതല്ല ബാലമുരളീകൃഷ്ണയുടെ ശബ്ദം. അദ്ദേഹത്തിന്‍െറ ശബ്ദത്തിന്‍െറ മാറ്റൊലികള്‍ ഇനിയും ഈ ഭൂമിയില്‍ നിലനില്‍ക്കും-അമ്പിളിക്കുട്ടന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.