മനാമ: കുട്ടിയെ നോക്കാനെന്ന പേരില്‍ ബഹ്റൈനിലത്തെിച്ച ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച യുവതി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. ആലപ്പുഴ സ്വദേശിനിയാണ് പരാതി ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത്:
നവംബര്‍ 14ന് മുംബൈ വഴിയാണ് ബഹ്റൈനില്‍ എത്തുന്നത്. ഇവിടേക്കുള്ള വിസക്കായി കായംകുളം സ്വദേശിനി ഷംന എന്ന സ്ത്രീക്ക് 75,000 രൂപ കൊടുത്തിരുന്നു.
അവര്‍ ഒരുപാട് സ്ത്രീകളെ ഗള്‍ഫിലേക്ക് അയക്കുന്നുണ്ട്. ബഹ്റൈനില്‍ ഗര്‍ഭിണിയായ മലയാളി സ്ത്രീയുടെയും കുട്ടിയുടെയും പരിചരണത്തിന് എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. 30,000 രൂപ ശമ്പളവും വാഗ്ധാനം ചെയ്തു.
ഇവിടെ വിമാനമിറങ്ങി ദമ്പതികളുടെ ഫ്ളാറ്റിലേക്ക് പോയി. അന്ന് അവിടെ കിടന്നുറങ്ങി. പിറ്റേന്ന് രണ്ടുസ്ത്രീകള്‍ കൂടി ഫ്ളാറ്റില്‍ വന്നു. അവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി.
തുടര്‍ന്നാണ് ദമ്പതികള്‍, തന്നെ കൊണ്ടുവന്നത് വേശ്യാവൃത്തിക്കാണെന്നും സഹകരിച്ചാല്‍ നല്ല പണം സമ്പാദിക്കാമെന്നും പറയുന്നത്. താല്‍പര്യമില്ളെന്നും തന്നെ തിരിച്ചയക്കണമെന്നും പറഞ്ഞതോടെ ഇവര്‍ മര്‍ദിച്ച് വീടിനകത്തിട്ട് പൂട്ടി. ഫോണില്‍ വൈഫൈ കണക്ട് ചെയ്തിരുന്നതിനാല്‍, ഖത്തറിലെ കെ.എം.സി.സി പ്രവര്‍ത്തകരുമായി ബന്ധപ്പെടാനായി. നേരത്തെ ഖത്തറിലുണ്ടായിരുന്നു. അവിടെ വെച്ചുള്ള പരിചയമാണ് അവരെ ബന്ധപ്പെടാന്‍ സഹായിച്ചത്. എവിടെയാണ് താമസമെന്നോ, മറ്റ് വിവരങ്ങളോ അറിയാത്തതിനാല്‍, പുറത്തിറങ്ങാന്‍ അവസരം ഉണ്ടാകുന്നത് വരെ കാത്തുനില്‍ക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഒരു ടാക്സിക്കാരനോടൊപ്പം തന്നെ കയറ്റിവിട്ടു. അയാള്‍ സൗദിയില്‍ നിന്ന് വന്ന രണ്ടു ചെറുപ്പക്കാരുടെ ഫ്ളാറ്റില്‍ കൊണ്ടുപോയാക്കി. അവരോട് താന്‍ ചതിക്കപ്പെട്ട വിവരം കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരിച്ചുപോയ്ക്കൊള്ളാന്‍ പറഞ്ഞു. തുടര്‍ന്ന് ടാക്സിക്കാരന്‍ തിരികെ ഫ്ളാറ്റിനടുത്ത് കൊണ്ടുപോയിറക്കി. അയാള്‍ പോയതും ഫ്ളാറ്റിലേക്ക് കയറാതെ ഇറങ്ങിയോടി വഴിയരികില്‍ ഇരുന്നു. ആ സമയം അതുവഴി വന്ന ഒരു കുടുംബമാണ് രക്ഷയായത്. അവര്‍ വഴി ബഹ്റൈന്‍ കെ.എം.സി.സി നേതൃത്വവുമായി ബന്ധപ്പെടുകയും അവര്‍ എംബസിയില്‍ എത്തിക്കുകയും ചെയ്തു.
വിസക്കായി മുടക്കിയ പണം തിരിച്ചുകിട്ടുകയും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയും വേണമെന്നതാണ് ഇവരുടെ ആവശ്യം.
എന്നാല്‍, ഇവരെ കൊണ്ടുവന്ന ദമ്പതികള്‍, ഈ സംഭവത്തില്‍ തങ്ങള്‍ യാതൊരു ഉത്തരവാദിത്തവുമില്ളെന്നാണ് പറയുന്നത്. സഹായം എന്ന നിലക്കാണ് വിസ നല്‍കിയതെന്നും ഇതിനായി സ്പോണ്‍സര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറയുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ പലവിധ ജോലികള്‍ക്കെന്ന പേരില്‍ ബഹ്റൈനിലത്തെിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. സാമ്പത്തിക പ്രശ്നങ്ങളും പരാധീനകളുമുള്ളവരെയാണ് ഇത്തരം സംഘങ്ങള്‍ നോട്ടമിടുന്നത്. ഒരിക്കല്‍ ഈ കെണിയില്‍ പെട്ടാല്‍ പിന്നീട് തിരിച്ചുകയറാനാകാത്ത വിധം ചതിക്കുഴിയിലാക്കുന്ന രീതിയാണ് ഇവര്‍ തുടരുന്നത്.
മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ)യും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.