ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി  ചാള്‍സ് രാജകുമാരനും കാമിലയും മടങ്ങി

മനാമ: വെയില്‍സ് രാജകുമാരന്‍ ചാള്‍സും ഭാര്യ കാമില പാര്‍കറും ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ഇരുവര്‍ക്കും സാഖിര്‍ എയര്‍ബെയ്സില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യു.കെ.-ബഹ്റൈന്‍ ബന്ധം ശക്തിപ്പെടുത്താന്‍ ഇരുവരുടെയും സന്ദര്‍ശനം ഉപകരിച്ചതായി കിരീടാവകാശി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളത്തെ ബന്ധമാണുള്ളത്. കൂടുതല്‍ സഹകരണം വഴി സാമ്പത്തിക പുരോഗതി,സുരക്ഷ എന്നീ കാര്യങ്ങളില്‍ ഇനിയും മുന്നോട്ടുപോകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിയുടെ മക്കളായ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരും  ശൈഖ ഹിസ്സ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ, ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, രാജകുടുംബാംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചാള്‍സ് രാജകുമാരനെയും പത്നിയെയും യാത്രയയക്കാനത്തെി. സന്ദര്‍ശനവേളയില്‍ ബഹ്റൈന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ചാള്‍സ് രാജകുമാരന്‍, ഇവിടുത്തെ ബ്രിട്ടീഷ് സമൂഹവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളും രാജ്യത്തിന്‍െറ സാംസ്കാരിക-പൈതൃക സ്ഥാപനങ്ങളും ഗ്രാന്‍റ് മോസ്ക്, മനാമ ശ്രീകൃഷ്ണക്ഷേത്രം, മ്യൂസിയം, തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു. ബഹ്റൈനിലെ വാസ്തുശില്‍പകലാ അടയാളവും സാംസ്കാരിക കേന്ദ്രവുമായ നാഷണല്‍ തിയറ്റര്‍ കാമില സന്ദര്‍ശിച്ചു. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് ആര്‍ട്സ് ആന്‍റ് കള്‍ചര്‍ വിഭാഗം ഡയറക്ടര്‍ ശൈഖ ഹാല ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ കാമിലയെ അനുഗമിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.