ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി

മനാമ: ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവം ‘തരംഗി’ന്‍െറ ഫിനാലെയും അവാര്‍ഡ് വിതരണവും വിപുലമായ പരിപാടികളോടെ ഈസ ടൗണ്‍ കാമ്പസില്‍ നടന്നു. 
ഇതോടെ ഒരു മാസം നീണ്ട സ്കൂളിലെ കലാമത്സരങ്ങള്‍ക്ക് സമാപനമായി. കഴിഞ്ഞ ദിവസങ്ങളിലായി 136 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്. 996 വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. 
12000 വിദ്യാര്‍ഥികളിലധികം പഠിക്കുന്ന സ്കൂളിലെ മത്സരത്തിലെ വിജയിയാവുക എന്നത് ഏതൊരാളുടെയും അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി പറഞ്ഞു. പ്രിന്‍സിപ്പല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അധ്യക്ഷനായിരുന്നു. വിജയികളെ അഭിനന്ദിച്ച ചെയര്‍മാന്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസകാലത്ത് പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഒരുപോലെ ശ്രദ്ധയൂന്നേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് സെക്രട്ടറി ഡോ.ഷെംലി പി.ജോണ്‍ പറഞ്ഞു. 
വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ യുവജനോത്സവത്തെക്കുറിച്ച് വിശദീകരിച്ചു. എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസം സര്‍വതോന്‍മുഖമായ വികസനം ലക്ഷ്യമിട്ടുള്ളതാകണമെന്നും ഇന്ത്യന്‍ സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
സി.ബി.എസ്.ഇ ഡയറക്ടര്‍ എം.വി.വി.പ്രസാദ് റാവു വിശിഷ്ടാതിഥിയായി പങ്കെടുത്തു. താരിഖ് അല്‍അബ്സി (അസ്റി), ഭഗവാന്‍ അസര്‍പോട്ട (ഐ.സി.ആര്‍.എഫ്.ചെയര്‍മാന്‍), ദേവന്ദന്‍ ശര്‍മ, ശകീല്‍ അഹ്മദ് തുടങ്ങിയവരും സംസാരിച്ചു. 1933 പോയന്‍റുമായി ജെ.സി.ബോസ് ഹൗസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. 1918 പോയന്‍റ് നേടിയ ആര്യഭട്ടയാണ് റണ്ണേഴ്സ് അപ്. ഹൗസ് മാസ്റ്റര്‍മാര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.
സ്കൂള്‍ കമ്മിറ്റി അംഗങ്ങളായ ഡോ.മനോജ് കുമാര്‍, മുഹമ്മദ് ഖുര്‍ഷിദ് ആലം, എസ്.കെ.രാമചന്ദ്രന്‍, സജി ആന്‍റണി, ജെയ്ഫര്‍ മെയ്ദാനി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി തുടങ്ങിവരും പങ്കെടുത്തു.
 ശ്രീകാന്ത് ശ്രീധരന്‍ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. 
എഴാം തരം ജി ഡിവിഷനിലെ കുശ്മണ്ഠവി ആണ് കലാരത്ന. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍: ലെവല്‍-ഡി: നന്ദിത അശോക്, ലെവല്‍-സി: സ്നേഹ മുരളീധരന്‍, ലെവല്‍-ബി: ആദര്‍ശ് രാധാകൃഷ്ണ പിള്ള, ലെവല്‍-എ: ശിവഹരി വര്‍മ കൃഷ്ണകുമാര്‍. 
ഹൗസ് സ്റ്റാറുകള്‍: കാര്‍ത്തിക് മധുസൂദനന്‍ (വിക്രംസാരാഭായ്),വൈഷ്ണവ് ഉണ്ണി (സി.വി.രാമന്‍), മീനാക്ഷി പ്രമോദ് നമ്പ്യാര്‍ (ജെ.സി.ബോസ്), ഹര്‍ഷിണി കാര്‍ത്തികേയന്‍ അയ്യര്‍ (ആര്യഭട്ട). 
കലാതിലകമായി തെരഞ്ഞെടുക്കാന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുമായി ഒത്തുവരുന്ന വിജയി ഇല്ലാത്തതിനാല്‍ ഇത്തവണ കലാതിലകമില്ല. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.