വിദേശികള്‍ക്ക് നൂറുശതമാനം  ഓഹരിയുമായി സംരംഭങ്ങള്‍ തുടങ്ങാം

മനാമ: ബഹ്റൈനി പൗരന്‍െറ പങ്കാളിത്തമില്ലാതെ നൂറുശതമാനം സ്വന്തം ഓഹരിയുമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള രാജകീയ ഉത്തരവിന് കഴിഞ്ഞ ദിവസം ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ ഏകകണ്ഠമായാണ് നിലവിലുള്ള കമ്പനി നിയമം ഭേദഗതി ചെയ്യുന്ന നിര്‍ദേശം പാസാക്കിയത്. 
കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച രാജകീയ ഉത്തരവുണ്ടായത്. 
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ബഹ്റൈനുണ്ടാകുന്ന നേട്ടങ്ങള്‍ വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി  വിശദീകരിച്ചു. ‘ഷെല്‍ഫ് കമ്പനി’കളില്‍ വിദേശനിക്ഷേപം അനുവദിക്കുക വഴി ബഹ്റൈനികള്‍ മാത്രം നടത്തിയിരുന്ന വ്യാപാരങ്ങളും വിദേശികള്‍ക്ക് നടത്താം. നിയമ കണ്‍സള്‍ട്ടന്‍സികള്‍ വഴി സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന വിദേശ സംരംഭകര്‍ക്ക് നല്‍കും. ലോകോത്തര കമ്പനികള്‍ ബഹ്റൈനില്‍ എത്തുകയും അവരുടെ പ്രാദേശിക ഓഫിസുകള്‍ തുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 
‘ഷെല്‍ഫ് കമ്പനി’കളുടെ രജിസ്ട്രേഷന്‍ ഓരോ വര്‍ഷവും പുതുക്കി നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. മറ്റേതൊരു ബഹ്റൈനി സ്ഥാപനം പോലെയും ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തും. 
ലോക ധനകാര്യ ഭൂപടത്തില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ എത്തുമ്പോള്‍ അവരുടെ ധനകാര്യ സ്ഥിതി വെളിപ്പെടുത്താന്‍ ആവശ്യപ്പെടേണ്ട കാര്യമില്ല. ഇക്കാര്യം ലോകധനകാര്യ ഇടപാടുകള്‍ വഴി തന്നെ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ നിയമ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അനുബന്ധ നിയമങ്ങള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്ന് ചില ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.