അഷ്കറിന്‍െറ കുടുംബത്തിനുള്ള സഹായം: വിവാദം ദുഷ്ട ലാക്കോടെയെന്ന്  കെ.എം.സി.സി

മനാമ: കഴിഞ്ഞ വര്‍ഷം തൊഴിലുടമയുടെ  പീഢനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബഹ്റൈനിലെ സനദില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി അഷ്കറിന്‍െറ കുടുംബത്തിന് കെ.എം.സി.സി പ്രഖ്യാപിച്ച സഹായവുമായി ബന്ധപെട്ട് വന്ന വാര്‍ത്തകളില്‍ കഴമ്പില്ളെന്ന് സംഘടന അറിയിച്ചു. അഷ്കറിന്‍െറ കുടുംബത്തെ സഹായിക്കാനായി വടകര സ്വദേശി അയ്യൂബ് എന്ന യുവാവിന്‍െറ നേതൃത്വത്തില്‍  കഴിഞ്ഞ ബക്രീദ് ദിനത്തില്‍ കലാപരിപാടി നടത്തി നാലുലക്ഷത്തോളം രൂപ സമാഹരിച്ച് കെ.എം.സി.സിക്ക് കൈമാറിയെങ്കിലും തുക  കുടുബത്തിന് നല്‍കിയില്ളെന്ന്  ബഹറൈനില്‍ നിന്നത്തെിയ ഒരാള്‍ അഷ്കരിന്‍െറ വീട്ടിലത്തെി പിതാവിനോട്  പറഞ്ഞതായാണ് വാര്‍ത്ത വന്നത്. ഇത് അവാസ്തവമാണ്. വിവാദത്തിനു പിന്നില്‍ വിലകുറഞ്ഞ പ്രശസ്തിക്കായി പത്ര-മാധ്യമങ്ങളില്‍ ഇടം തേടി നടക്കുന്ന ചില കുബുദ്ധികളാണെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.അഷ്കരിന്‍െറ കുടുംബത്തിന് നല്‍കുന്ന വീടിനായി ഇതുവരെ ആരില്‍ നിന്നും ഒരു സഹായവും കൈപറ്റിയിട്ടില്ല. ഈ വിവരം പിതാവിനോട് പറഞ്ഞ ‘വെളിയംകോട് സ്വദേശിയായ യുവാവി’നെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടുപിടിക്കാനാണ് ശ്രമമെന്നും കെ.എം.സി.സി. നേതാക്കള്‍ പറഞ്ഞു. 
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി  ബഹ്റൈനിലെ നിര്‍ധനരായ പ്രവാസികള്‍ക്കായി,ഏകദേശം മൂന്നര കോടി രൂപ ചിലവില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയത്താണ്  അഷ്കറിന്‍െറ  അപകട മരണ വാര്‍ത്ത പുറത്ത് വരുന്നത്. തുടര്‍ന്ന് മുളയും ഓലയും ഉപയോഗിച്ചുണ്ടാക്കിയ ചെറിയ വീട് മാത്രം ഉണ്ടായിരുന്ന അഷ്കറിന്‍െറ കുടുംബത്തിനെ കൂടി ഈ പദ്ധതിയില്‍ ഉള്‍പെടുത്തി വീട് നിര്‍മിച്ചു നല്‍കാന്‍ സംസ്ഥാന കമ്മിറ്റി ഉടന്‍തന്നെ തീരുമാനം എടുക്കുകയായിരുന്നു. 
അസത്യ വാര്‍ത്തക്കെതിരെ അയ്യൂബും രംഗത്ത് വന്നിട്ടുണ്ട്.പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന്  അയ്യൂബ് പറഞ്ഞു. കഴിഞ്ഞ ബലിപെരുന്നാളിനോടനുബന്ധിച്ച് അയ്യൂബും സഹപ്രവര്‍ത്തകരും ഒരു കലാപരിപാടി  സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ റമദാന്‍ ഒന്നിന് അഷ്കര്‍  വാഹനാപകടത്തില്‍ മരണപ്പെടുന്നത് അയ്യൂബിന്‍െറ കണ്‍മുമ്പിലായിരുന്നു. ഈ സാഹചര്യത്തിലാണ്  മുന്‍കൂട്ടി നിശ്ചയിച്ച കലാ പരിപാടിയായില്‍ നിന്നുള്ള വരുമാനം അഷ്കറിന്‍െറ കുടുബത്തിന് വീട് പണിതു നല്‍കാനായി കെ.എം.സി.സിക്ക് നല്‍കുമെന്ന് അയ്യൂബ് അറിയിച്ചത്.എന്നാല്‍ പ്രസ്തുത പരിപാടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുകയും പിന്നീട് അദ്ദേഹത്തിന് അസുഖ ബാധിതനായി നാട്ടില്‍ പോകേണ്ടി വരുകയും ചെയ്തതിനാല്‍ ഈ വാഗ്ധാനം പാലിക്കാനാകാതെ വന്നു. എങ്കിലും ഈ തുക ഒരു പ്രചാരണവും നല്‍കാതെ കെ.എം.സി.സിക്ക് നല്‍കുവാനായിരുന്നു അയ്യൂബിന്‍െറ തീരുമാനം. താന്‍ വാഗ്ദാനം ചെയ്ത മുഴുവന്‍ തുകയും റമദാനില്‍ നല്‍കുമെന്നും അയ്യൂബ് അറിയിച്ചിട്ടുണ്ട്. കെ.എം. സി.സിയോ അഷ്കര്‍ എന്ന വ്യക്തിയുമായോ യാതൊരു ബന്ധവുമില്ളെന്നും മാനുഷിക പരിഗണന മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും അയ്യൂബ് വ്യക്തമാക്കി. 
 ഇതുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്ത വ്യാജമാണെന്നും താന്‍ കെ.എം.സി.സിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ളെന്നും കാണിച്ച് അഷ്കരിന്‍െറ പിതാവ് മൊയ്തൂട്ടി  ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികള്‍ക്ക് ശബ്ദസന്ദേശമയച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷങ്ങളായി താന്‍ മുസ്ലിം ലീഗുകാരനാണെന്നും അതിന്‍െറ പോഷക സംഘടനയായ കെ.എം.സി.സിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പ്രഖ്യാപിച്ച  51വീടുകളില്‍  ആദ്യ ഘട്ടം പണി പൂര്‍ത്തിയാക്കിയ 21  വീടുകളുടെ താക്കോല്‍ കൈമാറുകയും നാലു വീടുകളുടെ പണി അവസാന ഘട്ടത്തിലുമാണ്. ആത്മാര്‍ഥമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിരുല്‍സാഹപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അപലപനീയമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭവനനിര്‍മാണത്തിന്‍െറ  രണ്ടാഘട്ടം റമദാന് ശേഷം തുടങ്ങും. ഇതിലാണ് അഷ്ക്കറിന്‍െറ കുടുംബത്തിനുളള വീട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് അഷ്ക്കറിന്‍െറ കുടുംബത്തെ കെ.എം.സി.സി. പല തവണ അറിയിച്ചിരുന്നതായും നേതാക്കള്‍ പറഞ്ഞു.
   അഷ്കറിന്‍െറ മരണത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കായി തുടക്കം മുതല്‍ ബഹ്റൈനില്‍ വന്നു പോകുന്നത് അഷ്കറിന്‍െറ മാതൃ സഹോദരന്‍ ദമ്മാമിലുള്ള ഹംസയാണ്.
ഇയാളെ സഹായിക്കാന്‍ തുടക്കം മുതല്‍ കെ.എം.സി.സി രംഗത്തുണ്ടായിരുന്നു.കേസിന്‍െറ നടത്തിപ്പ് ഹംസയുടെ  ആവശ്യപ്രകാരം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ എംബസി വക്കീല്‍ ആണ്.
ഇതിന്‍െറ വിചാരണ നടക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച വ്യാജ വാര്‍ത്തകളെ പ്രവാസി മലയാളികള്‍ കരുതിയിരിക്കണമെന്നും കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നും കെ.എം.സി.സി നേതാക്കള്‍ അഭ്യര്‍ഥിച്ചു .
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.