മനാമ: വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാകുന്ന വിദേശികളെ കോടതി നടപടികള്‍ക്കുശേഷം ജയിലിലേക്ക് മാറ്റാതെ നാടുകടത്തുന്ന നിര്‍ദേശത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.
തടവുകാര്‍ക്കുവേണ്ടി വന്‍ തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്‍റ് നടപടി. കഴിഞ്ഞ വര്‍ഷം പകുതിയാകുമ്പോഴേക്ക് വേശ്യാവൃത്തി കേസില്‍ 700ഓളം വിദേശികള്‍ പിടിയിലായതായി കണക്കുകള്‍ പറയുന്നു. ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ജയിലില്‍ പ്രതിമാസം 500 ദിനാര്‍ വരെ ചെലവഴിക്കേണ്ടി വരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തിനും എം.പിമാര്‍ അംഗീകാരം നല്‍കി.
ഭിന്നലിംഗ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രവാസികളെ ഉടന്‍ തിരിച്ചയക്കുന്ന നിര്‍ദേശവും പാര്‍ലമെന്‍റ് അംഗീകരിച്ചു. ഇവര്‍ക്ക് ഭാവിയിലും രാജ്യത്തേക്ക് പ്രവേശം അനുവദിക്കില്ല. ജയിലില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി പ്രവാസികളെ പാര്‍പ്പിക്കുന്നതിലും നല്ലത് അവരെ തിരിച്ചയക്കുന്നതാണെന്ന് ഒരു എം.പി പറഞ്ഞതായും റിപ്പോര്‍ടുണ്ട്. മറ്റ് 16 നിര്‍ദേശങ്ങള്‍ അംഗീകരിച്ച പാര്‍ലമെന്‍റ് ഇവ കാബിനറ്റിന്‍െറ പരിഗണനക്ക് വിട്ടു.
നിര്‍ദേശങ്ങള്‍: എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാര്‍കോഡ് നിര്‍ബന്ധമാക്കുക, എല്ലാ ഗവര്‍ണറേറ്റിലും വാഹന പരിശോധന-രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുക, നയതന്ത്ര-വ്യാപാര ബന്ധമുള്ള കൂടുതല്‍ രാജ്യങ്ങളില്‍ പുതിയ എംബസികളും കോണ്‍സുലേറ്റുകളും തുടങ്ങുക, ഗുരുതര രോഗങ്ങള്‍ക്കുള്ള വിലപിടിപ്പുള്ള മരുന്നുകളുടെ സ്റ്റോക്ക് ആരോഗ്യമന്ത്രാലയത്തില്‍ ഉറപ്പുവരുത്തുക, ഫസ്റ്റ് എയ്ഡ് കോഴ്സുകള്‍ എല്ലാ പൗരന്‍മാര്‍ക്കും നിര്‍ബന്ധമാക്കുക, മെഡിക്കല്‍ ലൈസന്‍സിന് നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയില്‍ ഇലക്ട്രോണിക് ടെസ്റ്റ് ഏര്‍പ്പെടുത്തുക, മുന്‍സിപ്പല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കൊമേഴ്സ്യല്‍, സേവന, നിക്ഷേപ പ്രദേശങ്ങള്‍ തിരിച്ച് താമസപ്രദേശങ്ങളാക്കുക, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പുതിയ താമസസ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, മത്സ്യബന്ധനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ജെട്ടികള്‍ നിര്‍മിക്കുക, സോഷ്യല്‍ ഹൗസിങിനുള്ള യോഗ്യതാ പ്രായം വര്‍ധിപ്പിക്കുക, 1998വരെയുള്ള പട്ടികയില്‍ പെട്ട എല്ലാവര്‍ക്കും വീട്, വീട് നിര്‍മാണത്തിന്‍െറ രൂപകല്‍പനയില്‍ ഭവന മന്ത്രാലയം അത് കൈപറ്റുന്നവരുടെ സമ്മതം തേടുക, മൊത്തം പദ്ധതി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തന്നെ സര്‍ക്കാര്‍ ഭവനങ്ങള്‍ കൈമാറുക, സര്‍ക്കാര്‍ ഭവനങ്ങള്‍ നിര്‍മിക്കും മുമ്പുതന്നെ അടിസ്ഥാന വികസനം പൂര്‍ത്തീകരിക്കുക, സെഹ്ല, അബു ഗുവാഹ്, ജബലാത് ഹബീശി എന്നിവിടങ്ങളിലുള്ളവര്‍ക്കായി പുതിയ ഹൗസിങ് ടൗണുകള്‍ നിര്‍മിക്കുക, അംഗപരിമിതര്‍ക്കായി പുതിയ ഭവനപദ്ധതിയുടെ അഞ്ചുശതമാനം മാറ്റി വക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.