മനാമ: സമകാലിക ആഫ്രിക്കന്‍-ഇംഗ്ളീഷ് നോവല്‍ സാഹിത്യത്തില്‍ പ്രതിരോധത്തിന്‍െറ നവഭാവുകത്വമുള്ള എഴുത്തുകള്‍ സജീവമാവുകയാണെന്ന് നയന്‍താര സലിം അഭിപ്രായപ്പെട്ടു. ‘ആഫ്രിക്കയുടെ കഥകള്‍ പറയുന്ന എഴുത്തുകാര്‍’ എന്ന വിഷയത്തില്‍ ‘എയ്തെറ്റിക്ക് ഡെസ്ക്’ സംഘടിപ്പിച്ച സാഹിത്യചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു നയന്‍താര. സമകാലിക നോവല്‍ സാഹിത്യത്തിലെ പ്രമുഖരായ ആലിസ് വാക്കര്‍, ചിമന്‍ഡ അഡിച്ചി, ബെന്‍ ഒക്രി എന്നിവരുടെ കൃതികളെ മുന്‍നിര്‍ത്തിയായിരുന്നു പ്രഭാഷണം. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന്, വിശിഷ്യാ ആഫ്രിക്കയില്‍ നിന്ന് ഇംഗ്ളീഷിലേക്ക് വരുന്ന കൃതികള്‍ സൃഷ്ടിക്കുന്ന നവഭാവുകത്വം ആഹ്ളാദകരമാണെന്ന് നയന്‍താര അഭിപ്രായപ്പെട്ടു. ഗായത്രി സ്പിവാക്കിന്‍െറ കീഴാളപഠനങ്ങളുടെ രീതിശാസ്ത്രമുപയോഗിച്ചാണ് ഈ കൃതികളെ അപഗ്രഥിച്ചത്. ശീതീകരിച്ചതും അധികാര അധീശത്വം വഹിക്കുന്നതുമായ ചരിത്രത്തിനു ബദലായി മിത്തും യാഥാര്‍ഥ്യങ്ങളും കൂട്ടിയിണക്കി ജീവന്‍ തുടിക്കുന്ന വൈകാരികലോകത്തിന്‍െറ ദൗത്യം നിര്‍വഹിക്കുകയാണ് നോവല്‍ സാഹിത്യം ചെയ്യുന്നത്. അങ്ങനെയാണ് അത് നിലനില്‍ക്കുന്ന ലോകക്രമത്തെയും അതിന്‍െറ അധികാരത്തെയും ചരിത്രത്തെയും തിരിച്ചെഴുതുന്നത്. യൂറോ കേന്ദ്രീകൃത ഫെമിനിസം പോലുള്ള ചിന്തകള്‍ക്ക് ‘വിമനിസം’ പോലുള്ള ബദലുകള്‍ ആലിസ് വാക്കറെപ്പോലുള്ള എഴുത്തുകാര്‍ മുന്നോട്ട് വക്കുന്നു. കറുത്ത സ്ത്രീയുടെ മോചനം കറുത്ത പുരുഷനില്‍ നിന്ന് മാത്രമല്ല അവളുടെ മേല്‍ പതിക്കുന്ന സമസ്തവ്യവസ്ഥിതിയില്‍ നിന്നാണെന്നും ആലീസ് വാക്കര്‍ അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ കൊളോണിയല്‍ ആയുധമായിരുന്ന ഇംഗ്ളീഷ് ഇന്ന് മുന്നാം ലോകരാജ്യങ്ങളിലെ എഴുത്തുകാര്‍ തിരികെ പ്രയോഗിച്ചുകൊണ്ടാണ് അതിനെ നേരിടുന്നതെന്ന് അനില്‍ വേങ്കോട് അഭിപ്രായപ്പെട്ടു.
സുധീഷ് രാഘവന്‍, ബിജിയ, ഇ.എ.സലിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എയ്തെറ്റിക് ഡെസ്ക് പ്രസിഡന്‍റ് എന്‍.പി.ബഷീര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.