കനത്ത മൂടല്‍മഞ്ഞ്: റണ്‍വേ അടച്ചു; വിമാനങ്ങള്‍ വൈകി

മനാമ: രാജ്യത്ത് തിങ്കളാഴ്ച രാത്രി മുതല്‍ അനുഭവപ്പെട്ട കനത്ത മൂടല്‍ മഞ്ഞ് വ്യോമ, റോഡ് ഗതാഗതത്തെ ബാധിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ടു. നിരവധി വിമാന സര്‍വീസുകള്‍ വൈകി. ബഹ്റൈനിലേക്കുള്ള വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. 
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് രാജ്യത്ത് മൂടല്‍മഞ്ഞ് വ്യാപിച്ചത്. പൈലറ്റുമാര്‍ക്ക് റണ്‍വേ കാണാന്‍ കഴിയാത്ത വിധം മൂടല്‍മഞ്ഞ് ശക്തമായതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതും പുറപ്പെടുന്നതും പൂര്‍ണമായും തടസ്സപ്പെട്ടു.  ചൊവ്വാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടതായി ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
വിമാനങ്ങള്‍ വൈകുകയും തിരിച്ചുവിടുകയും ചെയ്തത് മൂലം കുറഞ്ഞത് 2000 യാത്രക്കാര്‍ക്ക് പ്രയാസം അനുഭവിക്കേണ്ടി വന്നു. തിങ്കളാഴ്ച രാത്രി 9.20 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 വരെ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടതെന്നും ഇത് വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തെ ബാധിച്ചതായും കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ ഫലാഹ് പറഞ്ഞു. ബഹ്റൈനിലേക്ക് വന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടപ്പോള്‍ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു.  തിങ്കളാഴ്ച രാത്രി ഒമ്പത് മുതല്‍ 12 മണി വരെ 21 സര്‍വീസുകള്‍ വൈകാന്‍ മൂടല്‍ മഞ്ഞ് കാരണമായിരുന്നു. 
അതേസമയം, റോഡ് ഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് വളരെ സാവധാനമാണ് വാഹനങ്ങള്‍ സഞ്ചരിച്ചത്. തിങ്കള്‍ രാത്രി തുടങ്ങിയ മൂടല്‍മഞ്ഞ് ചൊവ്വാഴ്ച ഉച്ചവരെ അനുഭവപ്പെട്ടിരുന്നു. 
ഏതാനും റോഡപകടങ്ങളും സംഭവിച്ചു. ഉച്ചയോടെയാണ് മൂടല്‍മഞ്ഞ് മൂലമുള്ള ദൂരക്കാഴ്ച കുറയുന്നത് ഒഴിവായത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.