?????????? ????????????? ????? ????? ???????? ?????? ???? ????? ?? ???? ???????

ജി.സി.സി സഹകരണത്തില്‍ നിന്ന്  യൂനിയനിലേക്കുള്ള പാതയില്‍

മനാമ: രണ്ട് ദിവസമായി ബഹ്റൈനില്‍ നടന്ന 37ാമത് ജി.സി.സി ഉച്ചകോടി അറബ് മേഖലയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍. ജി.സി.സി ഉച്ചകോടിയില്‍ ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കെടുക്കുകയും തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയില്‍ എത്തുകയും ചെയ്തതിനൊപ്പം അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് ആഹ്വാനം ഉയര്‍ന്നതും ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നുണ്ട്. ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബഹ്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പ്രകാരം അംഗരാജ്യങ്ങള്‍ തമ്മിലെ സഹകരണത്തില്‍ നിന്ന് യൂനിയനിലേക്കുള്ള പാതയിലാണ് ജി.സി.സി പോകുന്നത്. പൂര്‍ണ തോതിലുള്ള യൂനിയനായി മാറുന്നത് സാമ്പത്തിക-സുരക്ഷാ മേഖലകളില്‍ ശക്തി നല്‍കുമെന്നും അറബ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ജി.സി.സി അംഗരാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സഹകരണം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് ലക്ചറര്‍ ഡോ. സൈദ് ഷേഹ്ത പറഞ്ഞു. ഏകീകൃത കറന്‍സി നടപ്പാക്കല്‍ വേഗത്തിലാക്കല്‍, പൊതു വിപണി രൂപവത്കരിക്കല്‍ എന്നിവ വ്യാപാര കൈമാറ്റം വര്‍ധിപ്പിക്കും. ജി.സി.സിയും അറബ് ലോകവും നേരിടുന്ന വെല്ലുവിളികള്‍ക്കും എണ്ണ വിലയിടിവിനും ഇടയില്‍ ചേര്‍ന്ന മനാമ ഉച്ചകോടിക്ക് സുപ്രധാന സ്ഥാനമാണുള്ളത്. പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ ജി.സി.സിയും ബ്രിട്ടനും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിനും അതിപ്രധാന സ്ഥാനമുണ്ട്. അമേരിക്കക്ക് പുറമെ മറ്റൊരു പങ്കാളിയെ കൂടി ജി.സി.സിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണത്തില്‍ നിന്ന് സമ്പൂര്‍ണ രീതിയിലുള്ള യൂനിയനിലേക്ക് ജി.സി.സി മാറേണ്ടത് ആവശ്യമാണെന്ന് രാഷ്ട്രീയ വിദഗ്ധനായ യൂസുഫ് ക്വിലിത്തും പറഞ്ഞു. ബ്രെക്സിറ്റിന് ശേഷമുള്ള അവസ്ഥകള്‍ തരണം ചെയ്യുന്നതിനും രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഉറപ്പാക്കാനും ബ്രിട്ടന്‍ ആഗ്രഹിക്കുന്നതിന്‍െറ തെളിവാണ് പ്രധാനമന്ത്രി തെരേസ മേയ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തതെന്നും യൂസുഫ് പറഞ്ഞു.  
2011 ഡിസംബറില്‍ അന്ന് സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആണ് ജി.സി.സി യൂനിയന്‍ ആയി മാറേണ്ട ആവശ്യകത ഉണര്‍ത്തിയത്. അബ്ദുല്ല രാജാവിന്‍െറ ആഹ്വാനത്തെ അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്തെങ്കിലും വിശദമായി ചര്‍ച്ച ചെയ്യുന്നതിന് ചില രാജ്യങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. 2013ല്‍ മനാമയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലും യൂനിയന്‍ വിഷയം ഉയര്‍ന്നുവന്നിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ബഹ്റൈന്‍ ആതിഥ്യം വഹിച്ച ഉച്ചകോടിക്ക് മുമ്പും യൂനിയനിലേക്ക് മാറുന്നത് ഉയര്‍ന്നുവരുകയും ഭരണാധികാരികള്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അറബ്- ഗള്‍ഫ് മേഖല സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതിനാല്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ബഹ്റൈന്‍, സൗദി, കുവൈത്ത് ഭരണാധികാരികള്‍ 37ാമത് ജി.സി.സി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജി.സി.സി യൂനിയനിലേക്കുളള പാതയില്‍ മുന്നോട്ടുപോകുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നത്. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന ബ്രിട്ടന്‍, ജി.സി.സി രാജ്യങ്ങളുമായുള്ള അടുത്ത സൗഹൃദം കൂടുതല്‍ ബലപ്പെടുത്തുന്നതിനും മനാമ ഉച്ചകോടി സാക്ഷ്യം വഹിച്ചു. യൂറോപ്യന്‍ യൂനിയന് പുറത്തുപോയ ബ്രിട്ടന്‍ വാണിജ്യ, വ്യാപാര, നിക്ഷേപ, പ്രതിരോധ മേഖലകളില്‍ മികച്ച പങ്കാളികളെ കണ്ടത്തെുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ബ്രിട്ടന്‍ ഒപ്പമുണ്ടെന്ന് ഉറപ്പിക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ക്കും സാധിച്ചു എന്നത് ഈ ഉച്ചകോടിയുടെ പ്രത്യേകതകളിലൊന്നാണ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.