?????????????-?????????? ????????? ??????? ?????????? ???.?????? ???????? ?????? ????? ???? ??????????? ???????????? ????????????????????

സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന്  അടിയന്തരപ്രാധാന്യം –അണ്ടര്‍ സെക്രട്ടറി 

മനാമ: രാജ്യത്തെ പ്രധാന സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരപ്രാധാന്യം നല്‍കുമെന്ന് പൊതുമരാമത്ത്-നഗരാസൂത്രണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് പ്രസ്താവിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതഗതികള്‍ നേരിട്ട് മനസ്സിലാക്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെയും കീരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെയും വികസന പദ്ധതിയില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ വികസനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇവിടങ്ങളില്‍ നിരവധി ഉപഭോക്താക്കളാണ് ദിനംപ്രതി എത്തുന്നത് എന്ന കാര്യം സര്‍ക്കാറിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാപിറ്റല്‍ ഗവര്‍ണറേറ്റ് സെക്രട്ടറിയേറ്റ് ഡയരക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല്‍ഖലീഫയും ഉയര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശനത്തിനത്തെിയിരുന്നു.  ഇവര്‍ കച്ചവടക്കാരുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ എയര്‍കണ്ടീഷനിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറ പ്രായോഗികതയെകുറിച്ചും അടിസ്ഥാന സൗകര്യ വികസന നടപടികള്‍ സ്വീകരിക്കുന്നതിനെകുറിച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഭവങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന് വകുപ്പ് മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. 
രാജ്യത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ്. വലിയ തോതിലുള്ള കച്ചവടമാണ് ഇവിടെ ദിവസവും നടക്കുന്നത്. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകള്‍ ഈ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. വിവിധ ഭാഗങ്ങളിലുള്ള ചെറുകിട സ്ഥാപനങ്ങളിലേക്കാവശ്യമായ പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവ ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ഇവിടുത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഇതര മരാമത്ത് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും നവീകരിക്കണമെന്നും ഇവിടെയുളള വ്യാപാരികളും കച്ചവടക്കാരും കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൂട് കനക്കുമ്പോള്‍ ഇവിടെ കച്ചവടം ഏറെ പ്രയാസകരമാണ്. ചൂട് കാരണം ഉപഭോക്താക്കളുടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കുള്ള വരവ് കുറയുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. കഴിഞ്ഞ മാസം രാജ്യത്ത് റെക്കോഡ് ചൂടായിരുന്നു അനുഭവപ്പെട്ടത്. ഇത് കാരണം പഴം-പച്ചക്കറികളുടെ വന്‍തോതിലുള്ള നാശം സംഭവിക്കുകയുണ്ടായി. ഇതിലൂടെ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. 
മാര്‍ക്കറ്റ് അടിയന്തരമായി ശീതീകരിക്കുക എന്നതാണ് ഇതിനുള്ള അടിയന്തര പരിഹാരമെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.