ഐ.ടി.യു അവാര്‍ഡ്: പ്രധാനമന്ത്രിക്ക് അഭിനന്ദന പ്രവാഹം

മനാമ: വിവര-സാങ്കേതിക രംഗത്തെ സുസ്ഥിര വികസനത്തിനായി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്‍റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂനിയന്‍ അവാര്‍ഡ് ലഭിച്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. 
രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ അംഗീകാരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലോകത്തെ മികച്ച ഐ.ടി.സംവിധാനമുള്ള രാജ്യങ്ങളിലൊന്നായി ബഹ്റൈനെ മാറ്റാനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമത്തെ അവര്‍ പ്രശംസിച്ചു. 
എല്ലാ മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും ബഹ്റൈനെ ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
അറബ് മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം തന്നെ സന്ദര്‍ശിച്ച പ്രമുഖരുമായി ചര്‍ച്ച ചെയ്തു. 
സമാധാനത്തിനും ശാന്തിക്കും വേണ്ടി ഒറ്റക്കെട്ടായി നിലനില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഇതിനായി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ആരോഗ്യമന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം ശിഹാബി, ചേംബര്‍ കൊമേഴ്സ് ചെയര്‍മാന്‍ ഖാലിദ് അബ്ദുറഹ്മാന്‍ അല്‍ മൊഅയ്യിദ്, തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് ബിന്‍ ഇബ്റാഹിം അല്‍ മുല്ല, വിവിധ ഗവര്‍ണമാര്‍, രാഷ്ട്രീയ നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവരും പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.