300 ദശലക്ഷം ഡോളര്‍ ചെലവില്‍ സൗദി-ബഹ്റൈന്‍ എണ്ണ പൈപ്പ്ലൈന്‍ കരാറായി

മനാമ: 300 ദശലക്ഷം ഡോളര്‍ ചെലവില്‍ പുതിയ എണ്ണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യയും ബഹ്റൈനും തമ്മില്‍ കരാറായി. പ്രതിദിനം 3,50,000 ബാരല്‍ എണ്ണ കൊണ്ടുപോകാന്‍ സാധിക്കുന്ന പൈപ്പ് ലൈന്‍ 2018 ല്‍ പ്രവര്‍ത്തനം തുടങ്ങും. 
സൗദി അറേബ്യയുമായി പങ്കുവെക്കുന്ന അറേബ്യന്‍ ഉള്‍ക്കടലിലെ അബു സഫ എണ്ണപ്പാടത്തെയാണ് നിലവില്‍ ബഹ്റൈന്‍ എണ്ണക്കായി പ്രധാനമായും ആശ്രയിക്കുന്നത്. 
പ്രതിദിനം 2,30,000 ബാരല്‍ വാഹകശേഷിയുള്ള ഏറെ പഴക്കമേറിയ പൈപ്പ്ലൈനാണ് ഇവിടെ നിന്നുള്ള എണ്ണ ബഹ്റൈനിലെ സിത്ര റിഫൈനറിയില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നത്. 
ഇതിന് പകരമാണ് ഭാവില്‍ 4,00,000 ബാരല്‍ വരെ ശേഷി വര്‍ധിപ്പിക്കാനാവുന്ന പുതിയ ലൈന്‍ സൗദിയുടെ തീരത്ത് നിന്ന് സ്ഥാപിക്കുന്നത്. 2017 അവസാനത്തോടെ പണി പൂര്‍ത്തിയാകുന്ന പുതിയ ലൈന്‍ ആറുമാസത്തെ പരീക്ഷണത്തിന് ശേഷം പ്രവര്‍ത്തിച്ചുതുടങ്ങും. പഴയ പൈപ്പ് ലൈന്‍ 2018 അവസാനത്തോടെ കടലില്‍ നിന്ന് നീക്കം ചെയ്യും. 
സൗദി അരാംകോയുടെ അബ്ഖൈഖ് പ്ളാന്‍റില്‍ നിന്നാണ് പൈപ്പ്ലൈന്‍ ആരംഭിക്കുന്നത്. പ്രതിദിനം 70 ലക്ഷം ബാരല്‍ ഉത്പാദന ശേഷിയുള്ള അബ്ഖൈഖാണ് അരാംകോയുടെ ഏറ്റവും വലിയ പ്ളാന്‍റ്. 
അബ്ഖൈഖില്‍ നിന്ന് 115 കിലോമീറ്റര്‍ നീളത്തില്‍ കടല്‍തീരത്തേക്കും അവിടെ നിന്ന് 73 കിലോമീറ്ററില്‍ അറേബ്യന്‍ ഉള്‍ക്കടലിന് അടിയിലൂടെയുമാണ് പൈപ്പ് ലൈന്‍ ബഹ്റൈനില്‍ എത്തുക. 
സൗദി അറേബ്യയുടെ അല്‍ റുബായ ഹോള്‍ഡിങ് കമ്പനിയും യു.എ.ഇയിലെ നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയും തമ്മില്‍ ഇതുസംബന്ധിച്ച നിര്‍മാണ കരാറിലത്തെിയിട്ടുണ്ട്. അബ്ഖൈഖില്‍ നിന്ന് കടല്‍ തീരം വരെയുള്ള പ്രവര്‍ത്തനങ്ങളും ബഹ്റൈനിലെ എന്‍ജിനീയറിങ് ജോലികളും അല്‍ റുബായ നിര്‍വഹിക്കും. 
കടലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക യു.എ.ഇ കമ്പനിയായിരിക്കും. പൈപ്പ്ലൈനിന്‍െറ ബഹ്റൈന്‍ ഭാഗത്തെ പ്രവര്‍ത്തി ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ളെന്ന്  ബഹ്റൈന്‍ പെട്രോളിയം കമ്പനി (ബാപ്കോ) വ്യക്തമാക്കി. 
ബഹ്റൈന്‍ സര്‍ക്കാരാണ് പൈപ്പ്ലൈന്‍ പദ്ധതിയുടെ ചെലവു മുഴുവന്‍ വഹിക്കുക. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.