ഓണസദ്യയുമായി സംഘടനകള്‍; പണം വാങ്ങുന്നതിനോട് പലര്‍ക്കും അതൃപ്തി

മനാമ: മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ സംഘടനകള്‍ നടത്തുന്ന ഓണസദ്യക്ക് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കിലും സദ്യ ഉണ്ണണമെങ്കില്‍ വേറെ പണം നല്‍കേണ്ടി വരുന്നതില്‍ വ്യാപക അതൃപ്തി. ബഹ്റൈനിലെ പ്രമുഖ വ്യവസായികളും വന്‍കിട സ്ഥാനപനങ്ങളുമാണ് വിവിധ സംഘടനകളുടെ ഓണസദ്യ സ്പോണ്‍സര്‍ ചെയ്യുന്നത്. എന്നാല്‍, ഇതിനുപുറമെ, സദ്യയില്‍ നിന്നുള്ള വരുമാനം കൂടി ലക്ഷ്യമിട്ട് ചില സംഘടനകള്‍ പണം നല്‍കിയാണ് കൂപ്പണ്‍ നല്‍കുന്നത്. ശരാശരി ഒന്നര-രണ്ടു ദിനാറാണ് കൂപ്പണ്‍ ചാര്‍ജ്ജ്. 
കേരളീയ സമാജത്തില്‍ വര്‍ഷങ്ങളായി ഓണസദ്യ നടക്കാറുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ 4നാണ് സമാജത്തിലെ സദ്യ. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സദ്യയും വര്‍ഷങ്ങളായി സമാജമാണ് ഒരുക്കുന്നത്. സമാജത്തിനും സദ്യക്ക് സ്പോണ്‍സര്‍ ഉണ്ടെങ്കിലും ഇത്തവണ ഒരാള്‍ക്ക് സദ്യ ഉണ്ണണമെങ്കില്‍ ഒന്നര ദിനാര്‍ നല്‍കണം. 5,000ത്തോളം പേരുടെ സദ്യയാണ് ഒരുക്കുന്നത്. സദ്യക്ക് ചെറിയ തുക ഈടാക്കുന്നത് നേരത്തെ തുടര്‍ന്നു വരുന്നതാണെന്നും ഇതില്‍ പുനരാലോചന നടത്തിയിട്ടില്ളെന്നും സമാജം ജന.സെക്രട്ടറി വി.കെ.പവിത്രന്‍ പറഞ്ഞു. നേരത്തെ ഒരിക്കല്‍ സൗജന്യമായി സദ്യ നല്‍കിയെങ്കിലും പിന്നീടുള്ള കമ്മിറ്റികള്‍ അത് വേണ്ടെന്നു വക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സൊസൈറ്റി (സിംസ്) തിരുവോണനാളില്‍ സമാജം ഹാളില്‍ വച്ചാണ് ഓണസദ്യ നടത്തുന്നത്. 2,000ത്തോളം പേര്‍ പങ്കെടുക്കും. ഇതില്‍ 300ഓളം സാധാരണ തൊഴിലാളികള്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. അംഗങ്ങളില്‍ നിന്ന് രണ്ടര ദിനാര്‍ ഈടാക്കും. ‘സിംസി’നും സദ്യക്ക് സ്പോണ്‍സര്‍ ഉണ്ട്. ‘സിംസി’ന്‍െറ വിവിധ പരിപാടികളില്‍ നിന്നുള്ള വരുമാനം വിത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാറാണ് പതിവെന്ന് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. 
കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ)ഓണസദ്യ സെപ്റ്റംബര്‍ 18നാണ്. 300പേര്‍ക്ക് തികച്ചും സൗജന്യമായാണ് സദ്യ ഒരുക്കുന്നതെന്ന് കെ.സി.എ ജനറല്‍ സെക്രട്ടറി സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. 
കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ) നടത്തുന്ന ഓണസദ്യ സെപ്റ്റംബര്‍ 11ന് നടക്കും. ഇത്തവണ വള്ളസദ്യയാണ് നടത്തുന്നത്. 2,000ത്തിലധികം പേരെ പങ്കെടുപ്പിച്ച് സദ്യ ഒരുക്കാനാണ് ആലോചനയെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്പോണ്‍സര്‍മാരില്‍ നിന്നു ലഭിക്കുന്ന തുക തികഞ്ഞില്ളെങ്കില്‍ കൂപ്പണിന് തുക ഈടാക്കുമെന്നും അവര്‍ പറഞ്ഞു. ചെറുതും വലുതുമായ മറ്റു ചില കൂട്ടായ്മകളും ഓണസദ്യ പലദിനങ്ങളിലായി നടത്തുന്നുണ്ട്. പക്ഷേ, ഇതില്‍ പങ്കാളിത്തം കുറവാണ്.ഓണസദ്യയുമായി ബഹ്റൈനിലെ ഒട്ടുമിക്ക മലയാളി റസ്റ്റോറന്‍റുകളും ഒരുങ്ങിയിട്ടുണ്ട്. മൂന്ന് ദിനാര്‍ ആണ് സദ്യയുടെ ശരാശരി ചാര്‍ജ്ജ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.