കടലില്‍ വെടിയേറ്റു മരിച്ച ആന്‍റണി അനീഷിന്‍െറ മൃതദേഹം ഇന്ന് കൊണ്ടുപോയേക്കും

മനാമ: കടലില്‍ വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ആന്‍റണി അനീഷ് ആന്‍ഡ്രൂസിന്‍െറ (21) മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കാനാകുമെന്ന് കരുതുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇന്നലത്തെന്നെ മൃതദേഹം അയക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഖത്തറില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘത്തില്‍ പെട്ട ആന്‍റണി അനീഷിന് ഈ മാസം അഞ്ചിനാണ് വെടിയേറ്റത്. തുടര്‍ന്ന് ഇയാളെ ബഹ്റൈനിലെ മുഹറഖിലുള്ള കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചത് യു.എസ്. നാവികസേനയാണ്.
ആരാണ് യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്ന കാര്യത്തില്‍ വ്യക്തയില്ല. കടല്‍കൊള്ളക്കാരാണെന്നാണ് നിഗമനം. ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത് രാജ്യാതിര്‍ത്തികള്‍ക്കു പുറത്താണോ എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വെടിയേറ്റ ശേഷം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ യു.എസ് നാവികസേനയുമായി വയര്‍ലെസ് വഴി ബന്ധപ്പെടുകയായിരുന്നു. നാവികസേന എത്തിയപ്പോള്‍ ആന്‍റണി അനീഷിന് ജീവന്‍ നഷ്ടമായിട്ടില്ലായിരുന്നുവെന്ന്  തിരുനെല്‍വേലിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ എസ്.പദലിംഗം ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. 
ആന്‍റണി അനീഷിന്‍െറ മരണവാര്‍ത്തയറിഞ്ഞ് കുടുംബം മാനസികമായി തകര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ആന്‍റണി അനീഷിന്‍െറ ജ്യേഷ്ഠന്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് ഇനി രണ്ട് സഹോദരിമാര്‍ ആണുള്ളത്. ആന്‍റണി അനീഷ് ഖത്തറിലേക്ക് വന്നിട്ട് രണ്ടു വര്‍ഷമായി. കുടുംബത്തിന്‍െറ ഏക അത്താണിയാണ് ഈ ചെറുപ്പക്കാരന്‍െറ മരണത്തോടെ നഷ്ടമായത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ എല്ലാ സഹായവുമുണ്ടായിരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഐ.സി.ആര്‍.എഫ് സെക്രട്ടറി അരുള്‍ദാസ്, ബഹ്റൈന്‍ കന്യാകുമാരി കോണ്‍ഗ്രസ് ഇയ്യകം പ്രസിഡന്‍റ് തൂത്തൂര്‍ ശാലോം, സെക്രട്ടറി മാര്‍ത്താണ്ഡം തുറൈ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവരാണ് മൃതദേഹം അയക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.