പൊതുമാപ്പ് : എംബസികളില്‍ തിരക്ക്

മനാമ: അനധികൃതമായി ബഹ്റൈനില്‍ തങ്ങുന്നവര്‍ക്ക് തിരിച്ചുപോകാനോ രേഖകള്‍ ശരിയാക്കി തുടരാനോ അവസരം നല്‍കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞതോടെ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ തിരക്ക് തുടങ്ങി. തുടക്കത്തില്‍ ബംഗ്ളാദേശ് എംബസിയില്‍ നല്ല തിരക്കായിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. 
ഇന്ത്യന്‍ എംബസിയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ തിരിച്ചുപോകണമെന്ന ആവശ്യവുമായി എത്തുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തവണ നിരവധി വീട്ടുജോലിക്കാര്‍ പൊതുമാപ്പു വേളയില്‍ തിരിച്ചുപോകാനായി സഹായം അഭ്യര്‍ഥിക്കുന്നുണ്ടെന്ന് ഐ.സി.ആര്‍.എഫ് മെമ്പര്‍ സുബൈര്‍ കണ്ണൂര്‍ വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നുള്ള നിരവധി വീട്ടുജോലിക്കാര്‍ സഹായം അഭ്യര്‍ഥിക്കുന്നതായി തെലുങ്ക് കലാസമിതിയിലെ ശിവകുമാറും പറഞ്ഞു. ഇവരില്‍ പലരും നിരവധി കാലങ്ങളായി സ്പോണ്‍സറുടെ അടുത്ത് നിന്ന് വിട്ടു നില്‍ക്കുന്നവരാണ്. പലര്‍ക്കുമെതിരെ റണ്‍എവെ കേസുമുണ്ട്. 
പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിവിധ രാഷ്ട്രങ്ങളുടെ എംബസികള്‍ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ നീളുന്ന പൊതു മാപ്പു കാലാവധിക്ക് ശേഷവും ഇവിടെ തുടരുന്ന അനധികൃത തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടി വരുമെന്ന് എല്‍.എം.ആര്‍.എ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. 
പൊതുമാപ്പ് കാലവാധി നിലവില്‍ വന്ന ജൂലൈ ഒന്നുമുതല്‍  ബംഗ്ളാദേശ്, പാക് എംബസികളില്‍ തിരക്കനുഭവപ്പെട്ടെങ്കിലും പിന്നീട് ആളുകളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. തിരക്കിനനുസരിച്ച് ഉദ്യോഗസ്ഥരെ ക്രമീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 
പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കഴിഞ്ഞ ഓപണ്‍ ഹൗസില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറയുകയുണ്ടായി.
രേഖകളില്ലാതെ ബഹ്റൈനില്‍ കുടുങ്ങിപ്പോയ നിരവധി പേര്‍ക്ക് സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും പല ഘട്ടങ്ങളിലും തുണയായിട്ടുണ്ട്. അതിനാല്‍, പോകാനായി കാത്തിരിക്കുന്ന മലയാളികള്‍ അധികമൊന്നും ബഹ്റൈനിലില്ളെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ കരുതുന്നത്. എന്നാല്‍, വഞ്ചനകളിലും മറ്റും പെട്ട് നിയമപ്രശ്നങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ചിലര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇവരെ സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ഓപണ്‍ ഹൗസിലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ സാമൂഹിക പ്രവര്‍ത്തകരോടൊപ്പം എത്തിയിരുന്നു. ക്രിമിനല്‍ കേസുകളുള്ളവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകില്ല എന്നതിനാല്‍, ഈ അവസരം ഇവര്‍ക്ക് അനുകൂലമാകില്ല. 
പൊതുമാപ്പ് ആനുകൂല്യത്തിനു സമീപിക്കുന്നവര്‍ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനു സമയം എടുക്കുമെന്നതിനാല്‍ അധികം കാത്തിരിക്കാതെ എംബസികളില്‍ എത്തണമെന്നാണു നിര്‍ദ്ദശേം. നിയമ വിരുദ്ധമായി രാജ്യത്തു തങ്ങുന്നവരെ ആനുകൂല്യത്തെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. 
പെരുന്നാള്‍ ദിവസങ്ങളില്‍ ചില എംബസികള്‍ ഇക്കാര്യത്തെക്കുറിച്ച് ലഘുലേഖ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്. മലയാളി സംഘടനകള്‍ ഇതിനായി പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. ആനൂകൂല്യം പ്രയോജനപ്പെടുത്തുന്ന 15 പേര്‍ക്ക് വിമാനടിക്കറ്റുമായി കേരള കാത്തലിക് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തു വരികയുണ്ടായി. 
രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ വിദേശീയരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഒസാമ അല്‍ അബ്സിയും അഭ്യര്‍ഥിച്ചിരുന്നു. ഇനി ഭാവിയില്‍ ഒരു പൊതുമാപ്പ് ഉണ്ടാകുമെന്ന് ആരും കരുതരുതെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലും അദ്ദേഹം പറഞ്ഞിരുന്നു. 
ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും വിവിധ എംബസികളുടേയും സഹകരണത്തോടെയാണ് പൊതുമാപ്പു നടപ്പാക്കുന്നത്. ഫ്രീവിസയിലുള്ളവരടക്കം 61,000 പേര്‍ അനധികൃതമായി രാജ്യത്തു തങ്ങുന്നുണ്ടെന്നാണ് എല്‍.എം.ആര്‍.എ രേഖകള്‍ വ്യക്തമാക്കുന്നത്.
പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അവരവരുടെ രാജ്യങ്ങളുടെ എംബസികളില്‍നിന്ന് ഒൗട്പാസ് വാങ്ങിയശേഷം നാട്ടിലേക്കുള്ള വിമാനടിക്കറ്റുമായി വേണം അപേക്ഷിക്കുവാന്‍.  അതേസമയം പാസ്പോര്‍ട്ടിന്‍െറയോ സി.പി.ആറിന്‍െറയോ കോപ്പിയെങ്കിലുമുണ്ടെങ്കില്‍ നടപടികള്‍ എളുപ്പമാവും.  ഇതുമായി ഇവര്‍ ഇമിഗ്രേഷന്‍ ഓഫിസുമായി നേരിട്ട് ബന്ധപ്പെടണം. സംശയ ദുരീകരണത്തിന് എല്‍.എം.ആര്‍.എ ഹോട്ട്ലൈന്‍ നമ്പറായ 17506055ല്‍ ബന്ധപ്പെടാം.
സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയിട്ടുള്ളവര്‍ക്കും വിസാ കാലാവധി തീര്‍ന്ന് വര്‍ഷങ്ങളായി രാജ്യത്തു തങ്ങുന്നവര്‍ക്കും യാതൊരു പിഴയടക്കാതെയും തങ്ങളുടെ മുന്‍ സ്പോണ്‍സറുടെ അനുവാദം പോലും ആവശ്യമില്ലാതെയും രാജ്യം വിടാന്‍ അനുവദിക്കുന്നതാണ് ഇത്തവണത്തെ പൊതുമാപ്പ്. ആരെയും കരിമ്പട്ടികയില്‍ പെടുത്തുകയില്ല. അതേസമയം, രാജ്യത്ത് തങ്ങണമെന്നുള്ളവര്‍ക്ക് പുതിയൊരു സ്പോണ്‍സറെ കണ്ടത്തെി ജോലിയില്‍ പ്രവേശിക്കാം. അതിനും മുന്‍ സ്പോണ്‍സറുടെ അനുവാദം ആവശ്യമില്ല. ഇവര്‍ പുതിയ സ്പോണ്‍സറുടെ സഹായത്തോടെ ഇമിഗ്രേഷന്‍ ഓഫിസുമായി ബന്ധപ്പെട്ട് എക്സ്റ്റന്‍ഷന്‍ വാങ്ങണമെന്നു മാത്രം. പിന്നീട് പുതിയ സ്പോണ്‍സര്‍ വര്‍ക്ക് പെര്‍മിറ്റിനായി എല്‍.എം.ആര്‍.എയില്‍ അപേക്ഷ നല്‍കണം.2016 ജനുവരി ഒന്നു മുതല്‍ യാതൊരു കാരണവശാലും ഫ്രീവിസയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല.അനധികൃതമായി ജോലിയെടുക്കുന്നവര്‍ ഇമിഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ യാതൊരു നിയമനടപടികളുമുണ്ടാവില്ല. ഇവരുടെ അപേക്ഷകള്‍ സ്വീകരിച്ച് കഴിയുന്നത്ര വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്കയക്കും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.