അറിഞ്ഞ് നിർമിക്കാം അടുക്കള! വീട് പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജോലിത്തിരക്കിനിടയിലും ദിവസവും അടുക്കളയിൽ കയറി പാചകം ചെയുന്ന ഒരു എഞ്ചിനീയറാണ് ഞാൻ. അതുകൊണ്ടു തന്നെ അടുക്കളകളുടെ പ്രായോഗിക പ്രശ്നങ്ങളെ കുറിച്ച്  അത്യാവശ്യം ധാരണയുണ്ട്.  അടുക്കള നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ചൂണ്ടിക്കാണിക്കാം. 

1. കാറ്റുംവെളിച്ചവും കടന്നുവരട്ടെ!

ഒരു പകൽ കറന്റ് ഇല്ലെങ്കിൽ പോലും കാര്യങ്ങൾ നടക്കണമല്ലോ! അതിന് അടുക്കളയിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കാതെ തന്നെ പാചകം ചെയ്യാൻ കഴിയണം. വലിയ ജനാലകൾ, വെന്റിലെഷൻ എന്നിവ വെക്കാൻ ശ്രമിക്കുക.

2. ഓടിത്തളരേണ്ട!

നന്നായി പണിയെടുക്കുന്ന ഒരുവീട്ടമ്മ അടുക്കളയിൽ നടക്കുന്ന ശരാശരി ദൂരം അളന്നാൽ 4 കി.മി അപ്പുറത്തുള്ള അങ്ങാടിയിൽ എത്തും എന്ന് പഠനങ്ങൾ പറയുന്നു. റഫ്രിജറേറ്റർ, വാഷ്സിങ്ക്, സ്റ്റൗ എന്നിവയാണ് അടുക്കളയിലെ ‘ജോലി ത്രികോണം’ (വർക്കിങ് ട്രയാങ്കിൾ).

 റഫ്രിജറേറ്ററിൽനിന്ന് സാധനം എടുത്ത് വാഷ്സിങ്കിൽ കഴുകി സ്റ്റൗവിൽ പാകം ചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറക്കാൻ ശ്രമിക്കുക. കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകും.

3. നടുവിന് പാരയാകരുത് കിച്ചൺ കൗണ്ടർ ടോപ്

ഏറ്റവും ശ്രദ്ധിക്കേണ്ടത് കിച്ചൺ കൗണ്ടർ ടോപിന്റെ ഉയരമാണ്. ജോലി ചെയ്യുന്ന ആളുടെ പൊക്കത്തിന്റെ പാതിയോട് 5 cm കൂട്ടിയാൽ കിട്ടുന്നതാകണം ശരാശരി ഉയരം. അതായത് നിങ്ങളുടെ പൊക്കം 160 cm ആണേൽ 160/2= 80 cm + 5 cm , 85 cm പൊക്കം കൗണ്ടർ ടോപ്പിന് ഉണ്ടായിരിക്കണം.

പൊക്കം കുറഞ്ഞാൽ കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ നടുവിന് പ്രയാസം ഉണ്ടാവും. കൗണ്ടറിന് മിനിമം 65 സെന്റിമീറ്റർ വീതി നൽകുക.

4.വെളിച്ചം സുഖമാണുണ്ണീ!

കൗണ്ടർ ടോപ്പിൽ നല്ല വെളിച്ചം ലഭിക്കണം. ലൈറ്റുകൾ ഫിറ്റ് ചെയ്യുമ്പോൾ അടുക്കളയിൽ ജോലി ചെയ്യുന്നയാളുടെ നിഴൽ കൗണ്ടർ ടോപ്പിൽ വീഴാത്ത വണ്ണം ലൈറ്റ് പൊസിഷൻ പ്ലാൻ ചെയ്യുക.

5. ഷേപ്പ് ഏതായാലും കിച്ചൺ നന്നായാൽ മതി

കിച്ചന് ഏത് ഷേപ്പ് വേണം എന്നത് പലരെയും കുഴക്കുന്ന ചോദ്യമാണ്. നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചു കിച്ചൻ L ഷേപ്പ്, U ഷേപ്പ് , സ്ട്രെയ്റ്റ് ലൈൻ, G ഷേപ്പ് , parallel, island എന്ന് ഒക്കെ പ്ലാൻ ചെയ്യാം. കൊടുത്തിരിക്കുന്ന ചിത്രങ്ങൾ സഹായകരം ആവും.

6. പ്ലഗ് പാവാണ്... ചൂടാക്കരുത്!

മിക്സി, ഓവൻ തുടങ്ങിയവക്ക് വേണ്ടി പ്ലഗ് പോയിന്റ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റൗവിൽ നിന്ന് നിശ്ചിത ദൂരം ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്റ്റൗവിന്റെ ചൂട് അടിച്ചു പ്ലഗ് പോയിന്റ് ഉരുകിയത് പലയിടത്തും കണ്ടിട്ടുണ്ട്.

7. ഷോ പീസല്ല ചിമ്മിനി

കേരളത്തിൽ ചിമ്മിനി വാങ്ങാൻ കാണിക്കുന്ന ഉത്സാഹം ഉപയോഗിക്കാൻ കാട്ടാറില്ല. പല വീടുകളിലും അത് ഒരു ഷോ പീസ് ആയി ഇരിക്കുന്നു. ഉപയോഗിക്കാതെ ഇരിക്കുന്നതിൽ എണ്ണമെഴുക്കും പൊടിയും കയറും. ഇത് ഇടക്ക് എപ്പോഴെങ്കിലും ഉപയിഗിച്ചാൽ വിപരീതഫലം നൽകും. ഉപയോഗിക്കില്ല എന്ന് ഉള്ളവർ വെറുതെ പണം കളയാതെ നല്ല ഒരു എക്സ്ഹോസ്റ്റ് ഫാൻ വാങ്ങി വെച്ചാലും മതി.

8. ഉരുകാത്ത വേസ്റ്റ് ​പൈപ്പ്

കിച്ചൺ സിങ്കിൽ പലപ്പോഴും ചൂട് കഞ്ഞിവെള്ളം ഒക്കെ ഒഴിക്കുന്നതിനാൽ, ചൂടിൽ ഉരുകാത്ത വേസ്റ്റ് പൈപ്പ് കൊടുക്കാൻ പ്ലംബറോട് പറയുക.

9. ഷോ കിച്ചൺ വേണോ?

വീട് നിർമാണത്തിൽ പണച്ചെലവ് ചുരുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പണി എടുക്കാൻ ഒരു അടുക്കള, നാട്ടുകാരെ കാണിക്കാൻ മറ്റൊരു അടുക്കള (ഷോ കിച്ചൺ) എന്ന തീരുമാനം ഒഴിവാക്കുക.

പണി എടുക്കുന്ന അടുക്കളയിൽ കുറച്ചു മെഴുകും, ചെളിയും ഒക്കെ വരും. അത് വൃത്തി ആക്കുന്നതിൽ വേണം നമ്മൾ മത്സരിക്കാൻ. നാട്ടുകാരെ കാണിക്കാൻ നിങ്ങൾ മുറ്റം നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്‌തോളൂ.

10. കപ്ബോർഡ് ഏതുവേണം?

കിച്ചൻ കപ്ബോർഡിനു മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഭംഗിക്കു പകരം ഉപയോഗത്തിനും ഈർപ്പസാഹചര്യത്തിൽ ഈടുനില്കുന്നതിനും മുൻഗണന കൊടുക്കുക. സ്റ്റെയിൻ ലെസ് സ്റ്റീൽ, ഗ്രാനൈറ്റ് എന്നിവ ഉദാഹരണം.


ലേഖകന്റെ ഇ മെയിൽ വിലാസം: geoinformer@gmail.com

Tags:    
News Summary - Know the kitchen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.