അകത്തളത്തിലും ജലമര്‍മ്മരം

ഭൂമിയില്‍ ജലത്തിന്‍റെ സാമീപ്യം പോലെ കുളിര്‍മയേകുന്ന മറ്റെന്തുണ്ട്? ജലവും പച്ചപ്പും നല്‍കുന്ന നൈര്‍മല്യം അനുഭവിച്ചറിയുക തന്നെ വേണം. ചുറ്റുപാടിനെയും നമ്മുടെ മാനസികമായ അവസ്ഥയെയും സന്തുലിതമാക്കാനുള്ള കഴിവ് ജലത്തിനുണ്ട്. മഴ കണ്ടിരുന്നാല്‍ മാറാത്ത സങ്കടങ്ങള്‍ മനുഷ്യനുണ്ടോ? പണ്ട് വീടിന്‍റെ പൂമുഖത്ത് കിണ്ടിയില്‍ വെള്ളംവെക്കുന്ന പതിവുണ്ടായിരുന്നു. പുറത്തു നിന്നു വരുന്നവര്‍ക്ക് കാലുകഴുകാന്‍ ആണെങ്കിലും വെള്ളം നേരിട്ടു കാണുമ്പോഴുണ്ടാകുന്ന സന്തോഷം, അതു വേറെ തന്നെയാണ്.  ഇറയത്തു കൂടി ഒലിച്ചിറങ്ങുന്ന മഴയേയോ, മുറ്റത്തു തളം കെട്ടിയ വെള്ളത്തില്‍ മുങ്ങികിടക്കുന്ന കടലാസു തോണികളോ ഇന്ന് കാഴ്ചയില്‍ ഇല്ല.

വീടിനകത്ത് മഴയുടെ ഇരമ്പല്‍  എത്തിക്കാന്‍ നടുമുറ്റം പണിയുന്നവര്‍ ഏറെയാണ്. ചെറിയൊരു പ്ളോട്ടില്‍ എല്ലാ പരിമിതികളും ഉള്‍കൊണ്ടുവെക്കുന്ന വീടിനകത്ത് നടുമുറ്റത്തിനുള്ള സ്ഥലം കൂടി കണ്ടത്തൊന്‍ പ്രയാസമുള്ളവരും ഉണ്ട്. എന്നാല്‍ അതിനെയും മറികടക്കാന്‍ പുതിയ സങ്കേതങ്ങള്‍ക്ക് കഴിയുന്നു.  ആധുനിക സമകാലീന ഇന്‍റീരിയര്‍ ഡിസൈന്‍ ശൈലിയില്‍ വാട്ടര്‍ ഫീച്ചേഴ്സ് പ്രധാന ഘടകമാണ്. 

ജലത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്‍റീരിയര്‍ രൂപകല്‍പനയിലും കൊണ്ടുവരുന്നുണ്ട്.  പരല്‍ മീനുകള്‍ നീന്തുന്ന ഒരു ഗ്ളാസ് ജാര്‍, അക്വേറിയം, ടേബിള്‍ ടോപ്പ് ജലധാര, എന്നിങ്ങനെ ജലത്തിന്‍റെ സംഗീതം ആസ്വദിക്കാന്‍ ഇതുപോലെ പുത്തന്‍ മാര്‍ഗങ്ങളാണ് അകത്തളത്തില്‍ എത്തുന്നത്. ഇതിലെന്തു പുതുമ എന്നല്ളേ? സ്റ്റയര്‍ കേസിനടിയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടമായാലോ?
ഇന്‍റീരിയറില്‍ വാട്ടര്‍ ഫീച്ചര്‍ വേറിട്ടതും സൗമ്യവും ശാന്തവുമായ ജൈവഅന്തരീഷമാണ് വീടിനകത്ത് എത്തിക്കുന്നത്. ചെറിയ ജലധാര, ഫോയറിലോ സ്റ്റെയര്‍ സ്പേസിലോ, ലിവിങ് റൂമിലോ ഒരുക്കാന്‍ കഴിയുന്ന വാട്ടര്‍ ഗാര്‍ഡന്‍, ചുവില്‍ ഘടിപ്പിക്കാവുന്ന വെള്ളച്ചാട്ടം എന്നിവ കാഴ്ചയിലെ പുതുമ മാത്രമല്ല വീടിനകത്ത് കുളിര്‍മയും വ്യക്തികള്‍ക്ക് ഉന്മേഷവും  നല്‍കും.

അകത്തളത്തൊരു അരുവി

വീടിന്‍െറ അകത്തളത്തിലൂടെ ചെറിയൊരു അരുവി ഒഴുകിയാലോ? ലിവിങ് റൂമിന്‍റെയോ ഡൈനിങ്ങിന്‍്റെയോ ചുവരില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പൂന്തേനരുവി നിങ്ങളുടെ വീടിന്‍റെ മൂഡ് തന്നെ മാറ്റും. ഫര്‍ണിച്ചര്‍ ഫ്രീയായ സ്പേസിനെ ജലം കൊണ്ട് അലങ്കരിക്കാന്‍ കഴിയുമെങ്കില്‍ അത് മനോഹരമായിരിക്കും. ഇവിടെ നാച്ചുറല്‍ സ്റ്റോണ്‍ ക്ളാഡിങ്, മള്‍ട്ടി കളര്‍ മൊസൈക്, നാച്ചുറല്‍ പെബിള്‍സ് എന്നിവ വിരിച്ചാല്‍ അകത്തളത്തിന് മഴവില്ല് അഴകു ലഭിക്കും. ഒപ്പം ജലത്തിന്‍റെ സൗമ്യ ഭാവവും.
                                                                                                                                              
ചുവരിലൊരു ജലധാര


വലിയ ചുവരുകളും ജനാലകളും നിറംപിടിപ്പിച്ച ഫര്‍ണിച്ചറുകളുമിട്ട നടുത്തളങ്ങളും സ്വീകരണമുറികളും ബോറടിപ്പിക്കാറില്ളേ? ചുവരിനു താഴെ ഒരുക്കിയ പെബിള്‍ കോര്‍ട്ടിലേക്ക് ഒഴുകിയത്തെുന്ന ഒരു ജലധാര കൂടിയുണ്ടെങ്കില്‍ അകത്തളം മാസ്മരികമാവും.ചുവരില്‍ നിന്നും പതിക്കുന്ന ജലധാര  സ്ഥലം മുടക്കിയല്ല. മെറ്റല്‍ രൂപങ്ങള്‍ ആലേഖനം ചെയ്തോ, നാച്ചുറല്‍ ലുക്ക് കിട്ടാന്‍ ക്ളാഡിങ് സ്റ്റോണുകള്‍ കൊടുത്തോ  ചുവരിന് വാട്ടര്‍ ഫീച്ചര്‍ നല്‍കി ജലധാര ഒരുക്കാവുന്നതാണ്. ജലധാരക്കു സമീപം ഫേണ്‍ പോലുള്ള ചെടികള്‍ വെക്കുന്നത് വീടിനകത്ത് ജൈവ അന്തരീഷം നല്‍കും.

കുഞ്ഞന്‍ തടാകം

ഹാളിലെ വിശാലതക്ക് മാറ്റു കൂട്ടുവാന്‍ ഒരു കുഞ്ഞന്‍ കുളമോ തടാകമോ ആയാലോ? ചരല്‍ക്കല്ലുകള്‍ പാകിയ തടാകത്തിന്‍റെ ശാന്തത നിങ്ങളുടെ അകത്തളത്തിന്‍റെ മാറ്റുകൂട്ടും. ഹാളിലോ ലിവിങ് സ്പേസിലോ തീര്‍ക്കുന്ന തടാകത്തിന് അരികില്‍ ഒരു പ്രതിമ കൂടിയുണ്ടെങ്കില്‍ അവിടമാകും നിങ്ങളുടെ വീടിന്‍റെ ഫോക്കല്‍ പോയിന്‍റ്. പല നിറമുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചാല്‍ അകത്തളം  അതിമനോഹരമാകും.

ചെറിയ അപ്പാര്‍ട്ട്മെന്‍റിലല്ളേ താമസം, ഇതിനെല്ലാം സ്ഥലമെവിടെയെന്ന് കരുതേണ്ട. അകത്തളത്ത് ജലത്തിന്‍റെ നൃത്തവും സംഗീതവും ആസ്വദിക്കാന്‍ വേറെയും വഴികളുണ്ട്. ടീപോ ക്ക് മുകളില്‍ വെക്കാവുന്ന ജലധാര, താമര വിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞന്‍ താടാകം എന്നിവയും വൈവിധ്യമാര്‍ന്ന ജലശില്‍പങ്ങളും വിപണിയിലുണ്ട്. ഇത്തരം ജല അലങ്കാരങ്ങള്‍ക്ക് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനും കഴിവുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

തയാറാക്കിയത്: വി.ആര്‍ ദീപ്തി

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.