ഫ്ലാറ്റ് വാങ്ങുന്നോ;അറിയാം RERA ACT

 ഇന്ന് നമ്മുടെ പലരുടെയും പേരിനൊപ്പം തറവാട്, കണ്ടി, പറമ്പ് മുതലായവ കാണാം. എന്നാൽ, അനുസ്യൂതം മാറുന്ന കാലത്ത് ഇതെല്ലാം മാറി ഫ്ലാറ്റ് നമ്പറുകളായി മാറുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതൽ ഫ്ലാറ്റ് ജീവിതം മലയാളി മെല്ലെ മെല്ലെ ശീലമാക്കി തുടങ്ങി. ഇന്ന് ഫ്ലാറ്റ് ജീവിതം എന്നത് ഏറക്കുറെ ശീലമായി. പ്രവാസികളായ പലരും നാട്ടിൽ വിവിധ കാരണങ്ങളാൽ ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നു. നിരവധി റിയൽ എസ്റ്റേറ്റ് ഏജൻസികൾ പ്രവാസ ലോകത്ത് ചിരപരിചിതമാണ്.

പ്രവാസികൾ അടക്കം പലരും തങ്ങളുടെ ആയുഷ്കാല നീക്കിയിരുപ്പുകൾ കൊണ്ട് വാങ്ങുന്ന ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളിൽ പെടുകയും പറ്റിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഡെവലപ്പേഴ്സിനും ധാരാളം വിഷമതകൾ ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ഇന്ത്യയുടെ റിയൽ എസ്‌റ്റേറ്റ് മേഖലയെ പരിപോഷിപ്പിക്കാനുമായി ഉണ്ടാക്കിയ നിയമമാണ് റിയൽ എസ്​റ്റേറ്റ്​ ( റെഗുലേഷൻസ്​ ആൻഡ് ഡെവലപ്​മെൻറ്​) ആക്​ട്​.

2016 ൽ കേന്ദ്ര നിയമമായി വരുകയും തതടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങൾ പാസാക്കുകയും ചെയ്തു. കേരളത്തിൽ ഇപ്രകാരം നടപ്പാക്കിയ നിയമമാണ് കേരള റിയൽ എസ്​റ്റേറ്റ്​ (റെഗുലേഷൻസ്​ ആൻഡ്​ ഡെവലപ്​മെൻറ്​) ആക്​ട്​. ഈ നിയമങ്ങൾക്ക് പിന്നീട് ധാരാളം ഭേദഗതികളോടെയും നിയമം വന്നിട്ടുണ്ട്.

ഈ നിയമപ്രകാരം:

  • 500 സ്ക്വയർ മീറ്ററോ അതിലധികമോ ഭൂവിസ്തൃതി വരുന്ന ഓരോ പ്രോജക്ടും അതിൽ എട്ടു യൂനിറ്റുകളോ അതിലധികമോ ഉണ്ടെങ്കിൽ നിർബന്ധമായും റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.
  • ഇങ്ങിനെ രജിസ്റ്റർ ചെയ്യുന്ന ബിൽഡർക്ക് മാത്രമേ ഫ്ലാറ്റു വാങ്ങുന്ന ആളിൽനിന്ന് 10 ശതമാനം കൂടുതൽ തുക അഡ്വാൻസ് വാങ്ങാൻ പാടുള്ളൂ.
  • ഓരോ പ്രോജക്ടിനും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കുകയും വാങ്ങുന്ന ആളിൽനിന്ന് ലഭിക്കുന്ന മുൻകൂർ തുകയുടെ 70 ശതമാനം ചുരുങ്ങിയത് ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം.
  • ഓരോ മൂന്നു മാസങ്ങളിലും ഒരു എൻജിനീയർ, ആർക്കിടെക്, ചാർട്ടേർഡ് അക്കൗണ്ടൻറ്​ എന്നിവർ നൽകുന്ന വർക്ക് പ്രോഗ്രസ് റിപ്പോർട്ടിനനുസൃതമായി മാത്രമേ പ്രസ്തുത ഫണ്ട് വിനിയോഗം ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ പരിരക്ഷ പണം വകമാറി ചെലവഴിക്കുന്നത് തടയുകയും തങ്ങളുടെ പണത്തിന്റെ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നു. പ്രോഗ്രസ് വിലയിരുത്താൻ വാങ്ങുന്ന ആൾക്ക് സാധിക്കും.
  • യഥാസമയം പ്രവൃത്തി പൂർത്തീകരിച്ച് വാങ്ങുന്ന ആൾക്ക് വസ്തു കൈമാറ്റം ചെയ്തിട്ടില്ലെങ്കിൽ വാങ്ങുന്ന ആൾക്ക് ബാങ്ക് പ്രെം ലെൻറിഗ് നിരക്കിന്റെ രണ്ടു പോയൻറ്​ അധികം പലിശ കൂടെ നൽകണം. ഇതേ നിരക്കിൽ വാങ്ങിയ ആൾ ഉപേക്ഷ വരുത്തിയാൽ ബിൽഡർക്കും ലഭിക്കും.
  • വാഗ്ദത്തം ചെയ്യപ്പെട്ട പോലെ വസ്തു കൈമാറ്റം നടന്നില്ലെങ്കിൽ മുഴുവൻ തുക തിരികെ പലിശ സഹിതം ലഭിക്കാനും അർഹതയുണ്ട്.
  • ഘടനാപരമായ അപകാതകൾ അഞ്ച​ു വർഷത്തിനകം ഉണ്ടായാൽ അത് നിവർത്തിച്ച് നൽകേണ്ടത് ബിൽഡറുടെ ബാധ്യതയാണ്.
  • കൈമാറ്റം ചെയ്യപ്പെട്ട വസ്തുവിന്റെ പ്രമാണങ്ങൾ നിശ്ചിത സമയത്തിനകം വാങ്ങിയ ആൾ തന്റെ പേരിലേക്ക് മാറ്റിയില്ലെങ്കിൽ ബിൽഡർക്ക് മറ്റു ആളുകൾക്ക് പുനർവിൽപന നടത്താവുന്നതാണ്.

പരാതി പരിഹാരം

വസ്തു വാങ്ങുന്ന ആൾക്കും ബിൽഡർക്കും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ പരാതി നൽകാവുന്നതാണ്. സമയ ബന്ധിതമായി പരിഹാരം കാണാനുള്ള സംവിധാനം നിലവിലുണ്ട്. കൂടാതെ അപ്പീൽ പോവാനും സാധിക്കും.

ഉപഭോക്തൃ കോടതിയിലും പരാതി നൽകാം

മുകളിൽ വിവരിച്ച സംവിധാനത്തിന് പുറമെ, ഉപഭോക്തൃ കോടതിയെ സമീപിക്കാനും വാങ്ങുന്ന ആൾക്ക് സാധിക്കും. ഉപഭോക്തൃ കോടതികളിൽ ഇപ്പോൾ ഓൺലൈൻ പരാതി സംവിധാനവും വെർച്ച്വൽ ഹിയറിങ്ങും സാധ്യമായതിനാൽ പ്രവാസികൾക്ക് ആയാസരഹിതമായിരിക്കും.

Tags:    
News Summary - Are you buying a flat? Know RERA ACT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.