പ്രതീകാത്മക ചിത്രം

സ്റ്റീലിനേക്കാൾ അഞ്ചുമടങ്ങ് ബലവും ആറിലൊന്ന് കനവുമുള്ള തടി; സൂപ്പർവുഡ് വികസിപ്പിച്ച് ഗവേഷകൻ

ന്യൂയോർക്ക്: സ്റ്റീലിനേക്കാൾ അഞ്ചുമടങ്ങ് ബലവും ആറിലൊന്ന് കനവുമുള്ള തടി വികസിപ്പിച്ച് ഗവേഷകൻ. ഭൗതികശാസ്ത്ര ഗവേഷകനായ ലിയാങ്ബിങ് ഹു ആണ് ‘സൂപ്പർവുഡ്’ എന്ന് പേരിട്ട ഉൽപ്പന്നം വികസിപ്പിച്ചത്. അനുബന്ധ നടപടികൾ പൂർത്തിയാക്കിയതോടെ തന്റെ ഇൻ​വെന്റ് വുഡ് എന്ന കമ്പനിയിലൂടെ തടി വ്യാവസായികമായി വിപണിയിലെത്തിക്കാനാണ് ലിയാങ്ബിങ് ഹുവി​ന്റെ ശ്രമം. 

യേൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ഹു കഴിഞ്ഞ ഒരുപതിറ്റാണ്ടോളമായി നടത്തിയ ഗവേഷണമാണ് സൂപ്പർവുഡിൽ കലാശിച്ചത്. സസ്യനാരുകളിലെ പ്രധാന ഘടകമായ സെല്ലുലോസ് ഉ​പയോഗിച്ച് തടിയുടെ ബലം വർധിപ്പിക്കുന്നതിനേക്കുറിച്ചായിരുന്നു ഹുവിന്റെ ഗവേഷണം.

ഒരുഘട്ടത്തിൽ നിറം നൽകുന്ന ‘ലിഗ്നിൻ’ എന്ന പഥാർഥം വേർപെടുത്തിയ അദ്ദേഹം സുതാ​ര്യമായ തടിയും നിർമിച്ചിരുന്നു. പ്രകൃതിദത്ത സെല്ലുലോസിനെ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബലപ്പെടുത്തി തടിയുടെ കാഠിന്യവും ബലവും വർധിപ്പിക്കാനുള്ള ഹുവിൻറെ ശ്രമങ്ങൾ 2017ലാണ് വിജയം കണ്ടത്.

യഥാർഥ തടി രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് സൂപ്പർവുഡ് ഉൽപ്പാദിപ്പിക്കുന്നത്.

ലോഹസങ്കരങ്ങളേക്കാൾ കരുത്ത്

രാസപദാർഥങ്ങൾ ചേർത്ത വെള്ളത്തിൽ തടി പുഴുങ്ങിയെടുക്കുകയാണ് ചെയ്യുക. തുടർന്ന് ഉയർന്ന മർദ്ദം നൽകി തടിയെ പരത്തിയെടുക്കും. ഒരാഴ്ചയോളം നീളുന്ന നിർമാണ പ്രക്രിയയിൽ ഉൽപാദിപ്പിക്കുന്ന തടിക്ക് സ്റ്റീലടക്കം ലോഹസങ്കരങ്ങളേക്കാൾ ബലമുണ്ടാവുമെന്ന് ജേണൽ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

രാസപരമായും പ്രായോഗികമായും സൂപ്പർ വുഡ് തടി തന്നെയാണെന്ന് ഇൻവെന്റ് വുഡ് സി.ഇ.ഒ അലക്സ് ലാഒ പറഞ്ഞു. ഉപയോഗത്തിൽ വരുന്നതോടെ കെട്ടിടങ്ങളിൽ നിർമിതികളുടെ ഭാരം ഗണ്യമായി കുറക്കാനാവും. ഭൂകമ്പത്തെ ​ചെറുക്കാനും കെട്ടിട നിർമാണം വേഗത്തിലാക്കാനും സഹായിക്കുമെന്നും അലക്സ് പറഞ്ഞു.

ഭാവിയുടെ ആശയം

സാധാരണ തടിയേക്കാൾ 20 മടങ്ങ് ബലമുള്ളതാണ് സൂപ്പർവുഡ്. വിള്ളലുകളെയും പൊട്ടലുകളെയും പ്രതിരോധിക്കാൻ തടിയേക്കാൾ 10 മടങ്ങ് മികവുമുണ്ട്. ഫംഗസിനെയും ചിതലടക്കം ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് സൂപ്പർവുഡെന്ന് നിർമാതാക്കൾ പറയുന്നു. യു.എസിലെ മേരിലാന്റ് ഫ്രെ​ഡറികിലുള്ള സ്വന്തം ഫാക്ടറിയിലാണ് നിലവിൽ ഇൻവെന്റ്‍വുഡ് ‘സൂപ്പർ വുഡ്’ ഉൽപാദിപ്പിക്കുന്നത്. കൂടുതൽ ഉൽപാദന കേ​ന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ചുമരിൽ ഒട്ടിക്കുന്ന പാനലുകൾ, തറയിൽ വിരിക്കുന്ന പലകകൾ ഫർണിച്ചറുകൾ എന്നിങ്ങ​നെ ശ്രേണി വിപുലീകരിക്കാനാണ് കമ്പനിയുടെ ശ്രമം.

സ്റ്റീലിനോട് മത്സരിക്കുന്ന തടി

തടിയുമായി താരതമ്യം ചെയ്യുമ്പോൾ സൂപ്പർവുഡിന് വില കൂടുതലാണ്. നിർമാണത്തിൽ കാർബൺ ബഹിർഗമനവും താരതമ്യേന അധികമാണ്. എന്നാൽ, സ്റ്റീൽ നിർമാണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 90 ശതമാനം കുറവാണ്. തടിയേക്കാൾ വിലകുറഞ്ഞ ഉൽപ്പന്നമല്ല, സ്റ്റീലിനോട് കിടപിടിക്കുന്ന ഉൽപ്പന്നം രംഗത്തിറക്കുകയാണ് ലക്ഷ്യമെന്നും അലക്സ് പറയുന്നു.

സാധാരണ തടിയേക്കാൾ 20 മടങ്ങ് കരുത്ത് കൂടുതലാണ് സൂപ്പർവുഡിനെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ദീർഘനാളായി നിർമാണമേഖലയിൽ എഞ്ചിനീയേർഡ് വുഡ് എന്നറിയപ്പെടുന്ന സംസ്കരിച്ച തടി ലഭ്യമാണ്. എന്നാൽ ഇത് തടിക്കഷണങ്ങൾ പശചേർത്ത് ഒട്ടിച്ച് രൂപപ്പെടുത്തുന്നതാണ്. സൂപ്പർവുഡ് തന്മാത്രാതലത്തിൽ രൂപപ്പെടുത്തുന്നതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. നിർമാണമേഖലയിൽ തടിയോടുള്ള പ്രിയം കുറയുന്നില്ലെന്ന് മാത്രമല്ല, വർഷം തോറും കൂടുകയുമാണ്. ഈ അവസരത്തിലാണ് സൂപ്പർവുഡ് പോലുള്ള ഉൽപ്പന്നങ്ങളും അനുബന്ധ ഗവേഷണങ്ങളും വിപണി കാണുന്നത്.

Tags:    
News Summary - Scientists create Superwood thats 10 times stronger than steel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.