ജിപ് സം കൊണ്ടൊരു വീട്

പുതിയതെന്തിനേയും സംശയത്തോടെയേ കാണൂ എന്നൊരു കുറ്റം മലയാളിക്കുണ്ട്. മാറിനിന്ന് കുറേ നാള്‍ വീക്ഷിക്കും. ഏറെ കഴിഞ്ഞേ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂ. ഉള്ള സമ്പാദ്യമല്ലാം നുള്ളിപ്പെറുക്കി ബാക്കി ലോണെടുത്ത് വീടൊരുക്കുന്നവനെ പക്ഷേ , ഈ സംശയത്തെ കുറ്റം പറയാനാകില്ല. വീടുണ്ടാക്കി കടത്തിന് മേല്‍ കടം കയറിയവന് പുത്തന്‍ പരീക്ഷണത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതിനെ എങ്ങിനെ കുറ്റപ്പെടുത്തും.

വീട് നിര്‍മ്മിക്കാന്‍ നാം സുലഭമായി ഉപയോഗിച്ച വെട്ടു കല്ലും , മണലും മറ്റെല്ലാമൊന്നും ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളെകുറിച്ച് അന്വേഷണം തുടങ്ങിയത്. കേരളത്തിലെ മിക്ക നദികളിലും മണല്‍ നിരോധനം പ്രാബല്യത്തിലായതോടെ ബദല്‍ മാര്‍ഗ്ഗങ്ങളാരായുകയല്ലാതെ വേറെ വഴിയില്ലാതായി.
കെട്ടിട നിര്‍മ്മാണത്തിന് കുറഞ്ഞ സമയത്തിലും ചിലവിലും, എന്നാല്‍ മികച്ച ഗുണനിലവാരത്തിനും വിശ്വസിക്കാവുന്ന ബദല്‍ മാര്‍ഗ്ഗമാണ് പ്രി ഫാബ്രിക്കേറ്റസ് ലോഡ് സെയറിംഗ് പാനല്‍ എന്ന ജിപ് സം പാനല്‍ ഷീറ്റുകള്‍. ജിപ്സവും ഗ്ളാസ്സ് ഫൈബറും മറ്റ് അസംസ്കൃത വസ്തുക്കളും  ചേര്‍ത്താണിത് നിര്‍മ്മിക്കുന്നത്. കൊച്ചി അമ്പലമുകളിലെ ഫാക്ടില്‍ (FACT) നിന്നാണ് ഈ പുതിയ പാനല്‍ റൂഫിംഗ്  ഷീറ്റുകള്‍ പുറത്തിറക്കുന്നത്.

 

സമയവും പണവും മാത്രമല്ല ലാഭം;


മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിമുട്ടിയവന് ബദല്‍ മാര്‍ഗ്ഗം മാത്രമല്ല ജിപ് സം ഷീറ്റുകള്‍. സാമ്പത്തിക സമയ ലാഭത്തിന് പുറമെ ചുവരുകള്‍ പ്ളാസ്റ്റര്‍ ചെയ്യേണ്ട , ചൂട് കുറക്കുന്നു, അഗ്നി ബാധയില്‍ നിന്ന് സംരക്ഷണം, ചിതലരിക്കില്ല, ഭൂചലന പ്രതിരോധം, ഫിനിഷിംഗ്, തുടങ്ങി തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.  തറയൊരുക്കിയ പ്രതലത്തില്‍ ഒറ്റനിലയിലുള്ള വീടിന്‍റെ ഫ്രെയിം വര്‍ക്കിന് ഏറിയാല്‍ രണ്ടാഴ്ച. അതിനുള്ളില്‍ തീര്‍ക്കാനാവും വീട്.

12 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവും 5 ഇഞ്ച് കനവുമാണ് ഓരോ ഷീറ്റിനുമുള്ളത്. വീടിന്‍െറ വിശദമായ പ്ളാന്‍ , വാതിലും ജനലുമുള്‍പ്പെടെ ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ കൃത്യമായി  രേഖപ്പെടുത്തിയ പ്ളാന്‍ ആദ്യം നല്‍കിവേണം ഫാക്ടില്‍നിന്ന് ഷീറ്റ് വാങ്ങാന്‍. ഓരോ ചുമരിന്‍റെ വലിപ്പത്തിലും , ചുമരിനടിയില്‍  വാതിലിനും ജനലിനും ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ മുറിച്ച് മാറ്റാനുമാണിത്. സ്ക്വര്‍ മീറ്ററിന് 999 രൂപയാണ് വില
വീടുകള്‍ക്ക് സാധാരണ വെട്ടുകല്ലില്‍ തന്നെ തറയൊരുക്കാം. അങ്ങിങ്ങായി കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ തറക്ക് മുകളില്‍ ചെറിയൊരു ബെല്‍റ്റ്. ഉള്‍ഭാഗത്ത് അറകളുള്ള ഷീറ്റ് ലോറിയില്‍ നിന്ന് ക്രെയിനുപയോഗിച്ച് പ്ളാനില്‍ രേഖപ്പെടുത്തിയ ഇടങ്ങളില്‍ തറയില്‍ ഇറക്കിവെക്കും. വീടിന്‍റെ അരികുകളില്‍ നേരത്തെ തറയില്‍ കമ്പി പൊക്കിവെച്ച സ്ഥലങ്ങളിലെ പാനലുകളില്‍ മാത്രം കോണ്‍ക്രീറ്റ് നിറക്കും. സാധാരണ വീടുകള്‍ക്ക് നല്‍കുന്ന പില്ലറിന്‍റെ ഗുണം ചെയ്യാനാണിത്.

ചുമര്‍ ഉയര്‍ത്തിയാല്‍ , മുകളില്‍ റൂഫ് ഷീറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ചുമരിനുപയോഗിച്ച ഷീറ്റുകള്‍തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഷീറ്റുകള്‍ നിരത്തി  ഇവ യോജിപ്പിക്കുന്നു.  നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത ഇരുഭാഗത്തേയും ചുമരുകള്‍ , റൂഫിന്‍റെ പാനല്‍ മുറിച്ചെടുത്ത് ഇവിടേയും കോണ്‍ക്രീറ്റ് നിറക്കുന്നതോടെ സാധാരണ വീടുകളുടെ പില്ലറും ബീമും നല്‍കുന്ന ഉറപ്പ് ഈ വീടുകള്‍ക്കുമായി

ചുമരൊരുക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് വയറിംഗ് പൂര്‍ത്തിയാക്കി, മരമോ സിമന്‍റോ  ഇഷ്ടമുള്ളതെന്തുമുപയോഗിച്ച് ജനലും വാതിലുകളും പൂര്‍ത്തിയാക്കിയാല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടത് ആഴ്ചകള്‍ മാത്രം.  ജിപ് സം ഷീറ്റുകള്‍  വെളുത്ത നിറത്തിലുള്ളതായതിനാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പുട്ടിയിട്ട് നേരിട്ട് പെയിന്‍റ് ചെയ്യാം. ചുമരില്‍ സിമന്‍റും മണലുമുപയോഗിച്ച് പ്ളാസ്റ്റര്‍ ചെയ്യേണ്ടതില്ല.

ഹരീഷന്‍റെ അനുഭവം

ഭാര്യയും മകളുമൊന്നിച്ചുള്ള ബാംഗ്ളൂര്‍ ജീവിതം നിര്‍ത്തി കേരളത്തിലേക്ക് വരുമ്പോള്‍ മെക്കാനിക്കല്‍ എഞ്ചിനിയറായ കണ്ണൂര്‍, മാട്ടൂല്‍ സ്വദേശി ഹരീഷന്‍ ഏറെ ആലോചിച്ചുറപ്പിച്ചാണ് വീട് നിര്‍മ്മാണമെന്ന ആശയത്തിലത്തെിയത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ ചിലവിലും കുറഞ്ഞ സമയത്തും പൂര്‍ത്തിയാക്കാവുന്ന വീട് നിര്‍മ്മാണത്തെകുറിച്ചുള്ള അന്വേഷണം ഹരീഷിനെ ഫാക്ടിലത്തെിച്ചു.
ഫാക്ട് ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വന്തമായ പരീക്ഷണങ്ങളും നടത്തി ഹരീഷന്‍ ആദ്യം തുടങ്ങിയത് സ്വന്തം വീട് പണിതന്നെയാണ്. സ്വയം പരീക്ഷിച്ചുറപ്പിച്ചതാവുമ്പോള്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെടേണ്ടതില്ലന്ന തിരിച്ചറിവില്‍ നിന്നാണ് സ്വന്തം വീടിന്‍െറ നിര്‍മ്മാണം തുടങ്ങിയത്.
ഫാക്ടില്‍നിന്നത്തെിച്ച ജിപ് സം ഷീറ്റുകള്‍ ഒരു മഴക്കാലം മുഴുവന്‍ മഴകൊണ്ട ശേഷമാണ് ഹരീഷന്‍ ഉപയോഗിച്ചത്. വ്യക്തിപരമായ കാരണങ്ങളില്‍ പണിതുടങ്ങാനാവാത്തതായിരുന്നു കാരണം. പക്ഷേ 6 മാസത്തോളം മഴനനഞ്ഞ ഷീറ്റുപയോഗിച്ച് വീട് നിര്‍മ്മിച്ചപ്പോള്‍ ഹരീഷന്‍ അനുഭവിച്ചറിഞ്ഞു അതിന്‍റെ ഗുണമേന്മ സ്വന്തം വീടിന്‍റെ നിര്‍മ്മാണത്തിനിടയില്‍ തന്നെ കാസര്‍ഗോഡും പരിയാരത്തും കോഴിക്കോട്നിന്നും പലരും അന്വേഷണങ്ങളുമായി ഈ യുവാവിനെ തേടിയത്തെി. കാസര്‍ഗോഡ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ആദ്യ അനുഭവത്തില്‍നിന്ന് തന്‍റേതായ പരീക്ഷണങ്ങള്‍ കൂടിച്ചേര്‍ത്താണ് ഹരീഷിന്‍റെ വീടുകള്‍ നിര്‍മ്മിക്കുന്നത്.
2 മുതല്‍ 3 മാസത്തിനുള്ളില്‍ തറമുതല്‍ പെയിന്‍റിംഗ് വരെ മുഴുവന്‍ ജോലിയും തീര്‍ക്കാനാവുമെന്ന് ഇദ്ദേഹം പറയുന്നു. ശരാശരി മരവും ടൈലും മറ്റുമുപയോഗിച്ച് ചതുരശ്ര അടിക്ക് 2000 രൂപയില്‍ തീര്‍ക്കാവുന്ന സാധാരണ വീടുകളുടെ സ്ഥാനത്ത് , ജിപ്സം വാള്‍ റൂഫ് ഷീറ്റുകളുപയോഗിച്ച്  1400 രൂപക്ക് പണിപൂര്‍ത്തിയാക്കാനാവുമെന്ന് ഹരീഷന്‍ പറയുന്നു

വീടുകള്‍ മാത്രമല്ല എട്ടുനില കെട്ടിടവും:

2012 ജൂണിലാണ് കൊച്ചിയിലെ ഫാക്ടില്‍ നിന്ന് ജിപ് സം പാനല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. അമ്പലമുകളിലെ ഫാക്ട് കോമ്പൗണ്ടിലെ പല കെട്ടിടങ്ങളും ഈ ഷീറ്റുപയോഗിച്ച് നിര്‍മിച്ചവയാണ്. ജിപ്സം ഷീറ്റുപയോഗിച്ച് എത്രനില കെട്ടിടങ്ങളും നിര്‍മ്മിക്കാമെന്ന് (FACT) ഫിനാന്‍സ് & മാര്‍ക്കറ്റിംഗ് ചീഫ് മാനേജര്‍ വി.ജി. സുരേഷ് പറയുന്നു. ആവശ്യമെങ്കില്‍ ഫാക്ട് ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച് എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.






 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.