മഴവില്ലഴകില്‍ മണ്‍വീട്

മരങ്ങളെല്ലാം വെട്ടി വെടിപ്പാക്കി, വീടിന്‍റെ പ്ളാനിനു ചേര്‍ന്ന ലാന്‍റ് സേക്പ്പ് ഒരുക്കി, അതിനനസുരിച്ച് കുറച്ചു ചെടികളോ അല്ളെങ്കില്‍ ഒന്നോ രണ്ടോ തണല്‍ മരമോ വെച്ചു പിടിപ്പിച്ച് ഉയരുന്ന കൂറ്റന്‍ വീടുകളെയും പ്രകൃതി സൗഹൃദ ഭവനമെന്ന് പരിചയപ്പെടുത്താറുണ്ട്. അകത്തളങ്ങളില്‍ കൈകുടന്നയില്‍ ഒതുങ്ങുന്ന ചട്ടികളില്‍ ചെടികള്‍ വളര്‍ത്തി ‘ഗ്രീന്‍ ഹോം’ ഒരുക്കുന്നവരാണ് അധികവും. മേടച്ചൂടിനെ വെല്ലാന്‍ എ.സിയും ഫാനും മുരളാത്ത വീടുകള്‍ എവിടെ?  
കോണ്‍ക്രീറ്റു കെട്ടിടവും ഇന്‍റര്‍ലോക് വിരിച്ച മുറ്റങ്ങളും ചാരുതയാകുന്ന സമൂഹത്തിന് മുന്നില്‍ മണ്ണിന്‍റെ മാരിവില്ലഴകുമായി ഒരു വീട് സ്വപ്നം കാണാന്‍ കഴിയുമോ?

അതെ, ഭൂമിയില്‍ നിന്നും കൂണ്‍ കണക്കെ പൊട്ടി വിടര്‍ന്ന ഒരു മണ്‍വീട് സ്വപ്നം കാണുക മാത്രമല്ല, ആ സ്വപ്നം യഥാര്‍ഥ്യമാക്കിയ കാഴ്ചയാണിവിടെ പങ്കുവെക്കുന്നത്.

ചാത്തൂര്‍ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിന് സമീപം മാധ്യമ പ്രവര്‍ത്തകനായ പ്ളാമൂട്ടില്‍ ഹരീഷ്^ ബിന്ദു ദമ്പതികളാണ് മണ്ണുകൊണ്ട് ഗൃഹമൊരുക്കിയത്. കാഴ്ചയിലും വാസയോഗ്യതയിലും വ്യത്യസ്തമായ വീടെന്ന സ്വപ്നം ഹരീഷിനുണ്ടായിരുന്നു. തന്‍റെ സങ്കല്‍പങ്ങള്‍   പ്രമുഖ ആര്‍കിടെക്ട് പ്രൊഫസര്‍ യൂജിന്‍ പണ്ടാലയുമായി അദ്ദേഹം പങ്കുവെച്ചു. ഒഴുകു പുഴയുടെ ആര്‍ദ്രത പോലെ കുളിരാര്‍ന്ന ഒരു മണ്‍വീട് യൂജിന്‍ എന്ന ശില്‍പിയുടെ  നിര്‍മ്മാണ വൈവിധ്യത്തില്‍ പിറവി എടുത്തു. കൗതുകമേറുന്ന ഒരു മണ്‍വീട്.

വ്യത്യസ്ഥ കാഴ്ചാനുഭവങ്ങള്‍ നല്‍കുന്ന രൂപഘടനയാണ് ഹരീഷിന്‍റെ മണ്‍വീടിന്‍റെ പ്രത്യേകത. ഒരു ആശ്രമത്തിന്‍റെ പ്രതീതി ജനിപ്പിക്കുതാണ് വീടിന്‍്റെ പുറം കാഴ്ച. രണ്ടായിരം സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് മണ്‍വീട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും ഊര്‍ജ ഉപയോഗം പരമാവധി കുറച്ചാണ് മണ്‍വീട് ഒരുക്കിയത്. സിമന്‍റോ മണലോ ഉപയോഗിക്കാതെ പാറ അടുക്കി അതിനു മുകളില്‍ പശയുള്ള മണ്ണ് ചവിട്ടി കുഴച്ചായിരുന്നു നിര്‍മ്മാണം. കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് പകരം ഫറോ സിമന്‍റ് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചത്. അതിനാല്‍ കോണ്‍ക്രീറ്റ് ചൂടാകുമ്പോള്‍ വീട്ടിലിരിക്കാന്‍ വയ്യെന്ന അവസ്ഥ ഇവിടെയില്ല.

തൊങ്ങോല കണക്കെ വീശി നില്‍ക്കു കഴുക്കോലുകളാണ് വീടിന്‍റെ മറ്റൊരു പ്രത്യേകത. കഴുക്കോലുകള്‍ മേല്‍ക്കൂരയുടെ  രണ്ടു കേന്ദ്രങ്ങളില്‍ നിന്നായി വീടിന്‍റെ മുഴുവന്‍ ഏരിയയിലും എത്തുന്നു. വീട്ടില്‍ വ്യത്യസ്തതക്കൊപ്പം പഴമയും തനിമയും നിലനിര്‍ത്താനും ഹരീഷ് ശ്രമിച്ചിട്ടുണ്ട്. തഞ്ചാവൂരില്‍ ഒന്നേകാല്‍ നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള വീട് പൊളിച്ചപ്പോള്‍ ലഭിച്ച ഓടുകളാണ് മേല്‍ക്കൂരയില്‍ പാകിട്ടുള്ളത്.

പഴയകാലത്തെപ്പോലെ ഓക്സൈഡ് തറയാണ് വീടിനുള്ളത്. പെയിന്‍റിനു പകരം കശുവണ്ടിക്കറയാണ് തറക്ക് നിറം നല്‍കാന്‍ ഉപയോഗിച്ചത്. മേല്‍ക്കൂരക്ക് പുറത്ത്  കുമ്മായം കൊണ്ട് വെള്ളയടിച്ചശേഷം മണ്ണിന്‍റെ പ്രതീതിയുണ്ടാക്കാന്‍ നല്ല മണ്ണ് അരിച്ചത് കലക്കി അടിക്കുകയാണ് ചെയ്തിരിക്കുന്നത്. വിശാലമായ ഹാളും മൂന്നു കിടപ്പ്മുറികളും സ്വീകരണമുറിയും അടുക്കളയും വര്‍ക്കേരിയയും അടങ്ങിയതാണ് മണ്‍വീട്.  ബാത്ത്റൂമുകള്‍ ഓപ്പണ്‍ ടു സ്കൈ ആയാണ് നിര്‍മിച്ചിട്ടുള്ളത്.
ഭിത്തികളുടെ ആകൃതിയിലെ സവിശേഷത മൂലം കാറ്റ് മുറികളില്‍ ചുറ്റികറങ്ങും. പുറത്ത് മരങ്ങുള്ളതിനാല്‍ തണുത്ത കാറ്റാണ് അകത്തളത്തിലേക്ക് ഒഴുകിയത്തെുക. ഹാളില്‍ മൂന്നു വലിയ ജനലുകളാണ് ഉള്ളത്. എല്ലാ മുറികളിലും കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കുന്ന വിധം വലിയ ജനലുകളാണ് വെച്ചിരിക്കുന്നത്. മേല്‍ക്കൂര ചൂടാകാത്തതിനാലും ഓക്സൈഡ് തറ ആയതിനാലും വീടിനകത്ത് ഏപ്പോഴും തണുപ്പ് നിലനില്‍ക്കുന്നു. അതിനാല്‍ എവിടെയും ഫാനോ എ.സിയോ ഉപയോഗിക്കുന്നില്ല.

ഭംഗികൊണ്ടു മാത്രമല്ല വീടിന്‍റെ വളവുള്ള ഭിത്തികള്‍ ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. സാധാരണ വീടുകളില്‍ നിന്നും വ്യത്യസ്ഥമായി പരിമിതമായി മൂലകളുള്ള പ്രകൃതിയുടെ ഊര്‍ജ്ജ പ്രവാഹം കണക്കെ വളഞ്ഞുപുളഞ്ഞു പോകുന്ന രൂപമാണ് വീടിന്‍്റേത്. രണ്ടായിരത്തി പതിനഞ്ച് മണ്ണുവര്‍ഷമായി ആചരിക്കുന്നതിലും ഒരു വര്‍ഷം മുമ്പേ ഹരീഷ് മണ്ണുകൊണ്ട് വീട് പണിത് മാതൃക കാണിച്ചു.

വീടിന് നിശ്ചിതമല്ലാത്ത ആകൃതിയാതിനാല്‍ അടുക്കള ഭാഗത്തെ മതിലായിരിക്കും ആദ്യം നമ്മുടെ കണ്ണില്‍പെടുക. സംശയിക്കേണ്ട അടുക്കള മതിലും മണ്ണുകൊണ്ട് തന്നെ. മതിലില്‍ കണ്ണിന്‍റെ ആകൃതിയില്‍ രണ്ടു തുളകള്‍ ഇട്ടിട്ടുണ്ട്. ഗൃഹനാഥയുടെ നോട്ടം പുറത്തേക്കത്തെുവാന്‍ രണ്ടു കണ്ണുകള്‍ പോലെയാണ് ആ തുളകളും നിര്‍മ്മിതിയുടെ ചന്തം കൂട്ടുന്നു. വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ അതിശയത്തോടെ നോക്കിയ പലരും നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അഭിനന്ദനങ്ങളുമായി എത്തിയതായി ഹരീഷ് പറയുന്നു.

വീടിന്‍റെ ചാരുതക്ക് ചേര്‍ന്ന വിധം  അകത്തളങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും ഹരീഷും കുടുംബവും ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകല്‍ പഴക്കമുള്ള കലപ്പ,പറ, പഴയ ഓട്ടുപാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് അകം അലങ്കരിച്ചിരിക്കുന്നത്. നമ്മള്‍ ഈ ഭൂമിയില്‍ നിന്നും വിടപറഞ്ഞാലും അടുത്ത തലമുറയ്ക്കുള്ള അടയാളമായാണ് ഈ മണ്‍വീടെന്ന് ഹരീഷും ഭാര്യ ബിന്ദുവും പറയുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.