ചെലവ് കുറക്കാന്‍ കോസ്റ്റ്ഫോര്‍ഡ് മാതൃക

വീട്​ പണിയൽ ഒരു പണി തന്നെയാണ്​.  ഏതു ശൈലിയിൽ വേണമെന്നതു തുടങ്ങി മതിലിന്​ ഏതു നിറം ഉപയോഗിക്കണമെന്നതുവരെയുള്ള കാര്യങ്ങളിൽ ​തീരുമാനമെടുക്കേണ്ടിവരും. എന്നാൽ വീട്​ പണിയെന്നാലോചിട്ടു​​േമ്പാൾ ബജറ്റ്​ എങ്ങനെ കുറക്കാമെന്നതിനാണ്​ പലരും മുൻഗണന നൽകാറുള്ളത്​.

ചെലവു കുറഞ്ഞ വീടെന്നാകു​േമ്പാൾ സൗകര്യങ്ങളിൽ വിട്ടു വീഴ്​ച ചെയ്യേണ്ടി വരില്ലേ എന്നാകും ആശങ്ക. ചെലവുകുറഞ്ഞതും പ്രകൃതിക്കിണങ്ങുന്നതുമായ  കെട്ടിടനിര്‍മാണ രീതികള്‍ കേരളത്തിന്​ പരിചയപ്പെടുത്തിയ കോസ്റ്റ്ഫോര്‍ഡിനെ സമീപിച്ചാൽ ഇത്തരം സംശയങ്ങളെല്ലാം മാറികിട്ടും. പ്രകൃതിയോടിണങ്ങിയ, താമസിക്കാന്‍ അനുയോജ്യമായ, ബജറ്റിലൊതുങ്ങുന്ന വീടുകളാണ് കോസ്റ്റ്‌ഫോര്‍ഡ് ശൈലിയില്‍ നിര്‍മ്മിക്കുന്നത്. പ്രകൃതിക്കു ദോഷമുണ്ടാക്കാതെ നിലനില്‍ക്കുന്നതും മണ്ണില്‍ അലിഞ്ഞു ചേരുന്നതും ചുറ്റുപാടില്‍ നിന്നും ലഭ്യമാകുന്നതുമായ വസ്തുക്കളാണ് കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
കോസ്റ്റ്ഫോര്‍ഡ്  ഈ രംഗത്ത്​ സ്വന്തമായ പല സാങ്കേതികവിദ്യകളും പരിചയപ്പെടുത്തിയിട്ടുണ്ട്.  തറയെടുക്കുന്നതു മുതല്‍ നിര്‍മാണം പൂര്‍ത്തിയാവുംവരെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ചെലവ് 40 ശതമാനം വരെ കുറക്കാം.

തറയെടുക്കല്‍
തറയെടുക്കുന്നത് ഒന്നര അടി വീതിയില്‍ മതിയെന്നാണ് കോസ്റ്റ്ഫോര്‍ഡിന്‍െറ നിരീക്ഷണം. അനാവശ്യമായി കൂടുതല്‍ സ്ഥലമെടുത്ത്​  തറ പണിതിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല. പുറുത്തേക്ക് ‘വലിവിട്ട് തറയെടുക്കുന്നത് അധികച്ചെലവാണ്. വലിയ കുഴികള്‍ ആവശ്യമില്ല. കുഴിയെടുക്കുന്ന മണ്ണ് തറക്കുള്ളിൽ തന്നെയിടണം. പുറത്തേക്കിട്ട് പിന്നീട് അക​ത്തേക്കുതന്നെ കോരിയിട്ട് ഫില്ലിങ് നടത്തേണ്ടേണ്ട ചെലവ് ഇതുവഴി ഒഴിവാക്കാം. അടിത്തറയില്‍ കരിങ്കല്ലിട്ട് കല്ലുകള്‍ക്കിടയിലെ ഭാഗം കുമ്മായമോ ചളിമണ്ണോ ഇട്ട് നിറക്കാം. ഉറപ്പുള്ള മണ്ണാണെങ്കില്‍ തറയിലെ കട്ടിയേറിയ കോണ്‍ക്രീറ്റിങ് ഒഴിവാക്കാം.

ചുവര്‍
ചുടുകട്ടയിലോ മണ്ണിലോ സാന്‍ഡ് ലൈം ബ്ളോക്കിലോ ചുവര്‍ പണിയാം. ഒറ്റനില വീടാണെങ്കില്‍ ഫൗണ്ടേഷന്‍െറ മധ്യത്തില്‍നിന്ന് പടവ് തുടങ്ങേണ്ടതില്ല. ഫൗണ്ടേഷന്‍ വാളിന്‍െറ പുറംഭാഗത്തു നിന്ന് ഒമ്പതിഞ്ച് വീതിയില്‍  പടവ് തുടങ്ങാവുന്നതാണ്. പുറത്തേക്ക് തള്ളിനിന്ന് കരിങ്കല്‍ ഫൗണ്ടേഷന് ബലക്ഷയം സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

റാറ്റ് ട്രാപ്പ് ശൈലി

എലിക്കെണി (റാറ്റ് ട്രാപ്പ്) രീതിയിലുള്ള നിര്‍മാണരീതിയാണ് കോസ്റ്റ്ഫോര്‍ഡ് സ്വീകരിക്കുന്നത്. ഇതിലൂടെ 25 ശതമാനം ഇഷ്ടിക ലാഭിക്കാം. ലംബമായി നിരത്താവുന്ന മൂന്നുവരി ഇഷ്ടിക സ്പേസില്‍ രണ്ടുവരി പണിത് നടുവിലെ സ്പേസ് ഒഴിച്ചിടുന്ന രീതിയാണ്. ദീര്‍ഘ ചതുരാകൃതിയിലായിരിക്കും ഒഴിച്ചിട്ട സ്ഥലം. വായുസഞ്ചാരം മുറിക്കുള്ളില്‍ യഥേഷ്ടമുണ്ടാവുമെന്ന ഗുണംകൂടി ഇതിനുണ്ട്. ഉള്ളുപൊള്ളയായ രീതിയില്‍ ഇഷ്ടികകള്‍ വയ്ക്കുമ്പോള്‍ അവിടെ എയര്‍ വാക്ക്വം ഉണ്ടാവുകയും അത് തെര്‍മല്‍ ഇന്‍സുലേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതായത്, മുറിക്കകത്ത് എപ്പോഴും മിതമായ ചൂടും തണുപ്പുമായിരിക്കും. വലിയ ചൂടുമില്ല വലിയ തണുപ്പുമില്ല, നല്ല കണ്‍ഡീഷന്‍ഡ് റൂം.

വായുസഞ്ചാരമുണ്ടാകുംവിധം, കുത്തനെയും ലംബവുമായ ഇഷ്ടികകള്‍ ഒഴിവാക്കി ഗ്യാപ് ഇട്ടും ചുവര്‍ തയാറാക്കാം.ജനലിന്‍െറ ആവശ്യം ഒഴിവാക്കി അതിനുവേണ്ട മരം, ഗ്ളാസ്, മറ്റു ചെലവുകളും ചുരുക്കുകയും ചെയ്യാം. വേണമെങ്കില്‍ ഗ്ളാസിടാം.

പോയന്‍റിങ്
പ്ളാസ്റ്ററിങും പെയ്ന്‍റിങ്ങും വേണ്ട. ചുവരിന് പോയന്‍റിങ്ങും പാച്ചിങ്ങും  മതിയാകും. ചുവര്‍ നിര്‍മിക്കുന്നതോടൊപ്പം കുമ്മായത്തില്‍ മിനുക്കുപണികള്‍ നടത്തിയാല്‍ പിന്നീട് പാച്ചിങ്ങിന് സമയം കണ്ടെത്തേണ്ടിവരില്ല. നിരപ്പ് ശരിയാക്കി ലൈന്‍ കൊടുത്ത്​ ചുവര്‍ പണി അവസാനിപ്പിക്കാം.

ബ്രിക് ലിന്‍റല്‍
നാല് അടി വീതിയിലുള്ള ജനലോ വാതിലോ നിര്‍മിക്കാനായി കോണ്‍ക്രീറ്റ്-സ്റ്റീല്‍ ലിന്‍റലുകള്‍ ഒഴിവാക്കാം. പകരം കോസ്റ്റ്ഫോര്‍ഡ് മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയാണ് ബ്രിക് ലിന്‍റല്‍ രീതി. ജനല്‍/വാതില്‍ ഫ്രെയിമുകളുടെ മുകളിലായി ഒരു വരി ഇഷ്ടിക വീതി ഭാഗം മുഖം വരുംവിധം നിരത്തുക. മുകളിലായി ഇഷ്ടിക ചരിച്ച് നീളനെ പണിയുക. മൂന്നുവരി ഇഷ്ടിക സ്ഥലത്ത്​ നടുഭാഗം ഒഴിച്ച് ഇരു വശത്തും വിരിക്കും. നടുവില്‍ രണ്ട് റോഡ് സ്റ്റീല്‍ കമ്പിയിട്ട് കോണ്‍ക്രീറ്റ് ചെയ്യുക. ഇത്തരത്തില്‍ നിര്‍മാണം ക്രമീകരിച്ചാല്‍ ചെലവ് പകുതിയായി കുറയുകയും കാണാന്‍ മനോഹാരിത ലഭിക്കുകയും ചെയ്യും.

ഇവ ആര്‍ച്ച് രൂപത്തിലും ഫ്ളാറ്റ് രൂപത്തിലും സെഗ്മെന്‍റഡ് രൂപത്തിലും കോര്‍ബെല്‍ഡ് ആര്‍ച്ച് രൂപത്തിലും പണിയാം. മണ്ണ് തേച്ച് പണിയുന്ന വീടുകള്‍ക്ക് ഏറെ യോജിച്ച നിര്‍മിതിയാണിത്.
കോര്‍ബെല്‍ ആര്‍ച്ചുകളാണ് ഇത്തരത്തില്‍ ചെലവ് ഏറെ കുറഞ്ഞവ. ഇഷ്ടികയുടെ 2.25 ഇഞ്ച് താഴത്തെ ഇഷ്ടികയേക്കാള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയാണിത്.

മേല്‍ക്കൂര
ഫില്ലര്‍ സ്ളാബുകളാണ് മേല്‍ക്കൂരക്കായി ഉപയോഗിക്കുന്നത്. തട്ടടിച്ച് കോണ്‍ക്രീറ്റില്‍ ഓട് പതിപ്പിച്ചുള്ള നിര്‍മാണമാണിത്. ചെലവ്  കുറവാണെന്നതാണിതിന്‍െറ മെച്ചം.

COSTFORD
Ayyanthole,Thrissur - 680 003,
Kerala
Phone: 0487 - 2365988

costfordayyanthole@gmail.com

Tags:    
News Summary - costford construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.