ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റ്

ബുർജ് ഖലീഫക്കും 'മേലെ' വാട്ടർഫ്രണ്ട് മാർക്കറ്റ്

ദുബൈ: മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ബുർജ് ഖലീഫയുടെ തൂക്കം നോക്കിയാൽ 5,00000 ടൺ ഭാരം വരും. അതായത്, ലക്ഷം ആനകളുടെ ഭാരം. എന്നാൽ, അതുക്കും മേലെയാണ് തങ്ങളെന്ന് അവകാശപ്പെടുകയാണ് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റ് പുതിയ കണക്കിലൂടെ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വാട്ടർഫ്രണ്ട് മാർക്കറ്റിൽ വിറ്റഴിച്ചത് 5,64,250 ടൺ ഭക്ഷ്യവസ്തുക്കളാണ്. ദുബൈയിലെ ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ കേന്ദ്രമായ വാട്ടർഫ്രണ്ട് മാർക്കറ്റിന് അഞ്ചു വയസ്സ് തികയുന്നതിനോടനുബന്ധിച്ച് പുറത്തിറക്കിയ കണക്കിലാണ് രസകരമായ താരതമ്യമുള്ളത്.

54,000 ടൺ മാംസമാണ് ഇക്കാലയളവിൽ ഇവിടെനിന്ന് വിറ്റഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വലയമായ ഐൻ ദുബൈയുടെ 40 ഇരട്ടി ഭാരം വരുമിത്. 86 വിമാനങ്ങൾ (എ 380 എയർബസ്) ചേർത്തുവെച്ചാൽ 50,400 ടൺ ഭാരം വരും. ഇവിടെ നിന്ന് ഉപഭോക്താക്കൾ വാങ്ങിയതും 50,400 ടൺ പച്ചക്കറികളാണ്. 4,56,250 ടൺ മത്സ്യ ഉൽപന്നങ്ങൾ വിറ്റഴിച്ചപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് കിങ് ഫിഷിനും ഹമൂറിനും ഷേരിക്കും സാഫിക്കുമായിരുന്നു.

110 ടൺ മത്സ്യങ്ങൾ വൃത്തിയാക്കുകയും മുറിക്കുകയും ചെയ്തു. 900 നീലത്തിമിംഗലത്തിന് തുല്യമാണിത്. ലോകമേളയായ ദുബൈ എക്സ്പോയുടെ നടുത്തളമായ അൽവാസൽ ഡോമിന്‍റെ ഭാരത്തിനൊപ്പമാണ് ഇവിടെ കൈകാര്യം ചെയ്ത ഈത്തപ്പഴം, 3600 ടൺ. ഇവിടെ ഉപയോഗിച്ച ഐസ് കട്ടകൾ കൂട്ടിവെച്ചാൽ 15 നില മഞ്ഞ് മലയേക്കാൾ ഉയരം വരും. 7,8600 ടൺ ഐസാണ് ഉപയോഗിച്ചത്. 80ലേറെ പ്രദേശിക കർഷകരുടെ ഫ്രഷ് ഉൽപന്നങ്ങൾ വാട്ടർഫ്രണ്ട് മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. 180ഓളം രാജ്യങ്ങളിലുള്ളവർക്ക് ആവശ്യമായ സുഗന്ധ വ്യഞ്ജനങ്ങൾ ഇവിടെയുണ്ട്.

അഞ്ച് ഭൂഖണ്ഡങ്ങളിലെ 100ലേറെ രാജ്യങ്ങളിലുള്ള വസ്തുക്കൾ ഇവിടേക്ക് എത്തുന്നു. മത്സ്യബന്ധനത്തിനായി 5000ത്തോളം ബോട്ട് ട്രിപ്പുകളാണ് ഓരോ വർഷവും നടത്തുന്നത്. 300ലേറെ മത്സ്യത്തൊഴിലാളികൾ ഇതിന്‍റെ ഭാഗമാണ്. പഴം, പച്ചക്കറികളിൽ കൂടുതൽ പ്രിയം തക്കാളി, ഓറഞ്ച്, ആപ്പിൾ, തണ്ണീർമത്തൻ എന്നിവക്കാണ്. അഞ്ചു വർഷത്തിനിടെ മാർക്കറ്റിന്‍റെ പടികടന്നെത്തിയത് അഞ്ച് കോടി സന്ദർശകരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2017ലാണ് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റ് തുറന്നത്. കടലിൽനിന്ന് പിടിക്കുന്ന മത്സ്യങ്ങൾ ഫ്രഷായി ഇവിടെ എത്തുന്നതിനൊപ്പം മാംസവും പഴം, പച്ചക്കറികളുമെല്ലാം മിതമായ വിലക്ക് ലഭ്യമാക്കുന്ന ഇടംകൂടിയാണിത്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ ആശ്രയ കേന്ദ്രമാണിത്. വില കുറവുള്ള ദിവസം നോക്കി വാട്ടർഫ്രണ്ട് മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങി കുടുംബ ബജറ്റിനെ പിടിച്ചുനിർത്തുന്നവരുമുണ്ട്.

Tags:    
News Summary - 5,64,250 tonnes of food items were sold in the waterfront market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.