ന്യൂയോർക്ക്: അധിക സമയത്തേക്ക് നീണ്ട ലോകകപ്പ് ഫൈനൽ ത്രില്ലർ പോരിൽ ഫെറാൻ ടോറസിലൂടെ ലീഡെടുത്ത് സ്പെയിൻ. 106ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ ഗോൾ. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു കൊടുത്തു. ഒട്ടും താമസിയാതെ ടോറസിന്‍റെ ഒരു കിടിലൻ ഷോട്ട് വലയിൽ.
നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലമീൻ യമാലിന്‍റെ ഫ്രീകിക്ക് മാർട്ടിനസ് തകർപ്പൻ ഡൈവിലൂടെ തട്ടിയകറ്റി. അധിക സമയത്ത് പത്തുപേരുമായാണ് അർജന്‍റീന കളിക്കുന്നത്. മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. സ്പെയിൻ ഗോളിലേക്ക് 18 ഷോട്ടുകൾ തൊടുത്തപ്പോൾ, അർജന്‍റീനയുടെ കണക്കിൽ ഒന്നുപോലുമില്ല.
പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്ന സ്പെയിൻ മൈതാനത്ത് നിറഞ്ഞുകളിക്കുന്നതാണ് കണ്ടത്. യൂറോപ്യൻ ചാമ്പ്യന്മാരുടെ ആക്രമണങ്ങൾക്കു മറുപടിയില്ലാതെ മെസ്സിയും സംഘവും മൈതാനത്ത് നട്ടംതിരിഞ്ഞു. അധിക സമയത്തിന്‍റെ തുടക്കത്തിൽതന്നെ നികോ വില്യംസിന്‍റെ ക്ലോസ് റേഞ്ചിലുള്ള ഹെഡ്ഡർ മാർട്ടിനെസ് തട്ടിയകറ്റി. 96ാം മിനിറ്റിൽ നികോ വില്യംസ് വലകുലുക്കി സ്പാനിഷ് താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും റഫറി ഫൗൾ വിളിച്ചു. 102ാം മിനിറ്റിൽ മെറിനോക്ക് ഒരു ഓപ്പൺ ഹെഡ്ഡർ അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
ആദ്യ പകുതിക്കു സമാനമായി രണ്ടാം പകുതിയിലും സ്പെയിനിന്‍റെ മുന്നേറ്റമായിരുന്നു. ആദ്യ മിനിറ്റുകളിൽ തന്നെ സ്പെയിനിന്‍റെ മുന്നേറ്റമായിരുന്നു. അഞ്ചാം മിനിറ്റിൽ കൗമാര താരം ലമീൻ യമാലിന് സുവർണാവസരം. ബോക്സിനുള്ളിലേക്ക് കയറി താരം തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി ഡിഫ്ലക്റ്റായെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കൈയിലൊതുക്കി. തൊട്ടുപിന്നാലെ സ്പെയിന് വീണ്ടും അവസരം, അർജന്‍റീന പ്രതിരോധിച്ചു. അർജന്‍റീനയുടെ പ്രത്യാക്രമണത്തിൽ പന്തിനായി ലയണൽ മെസ്സി ഓടിയെങ്കിലും മൈതാന മധ്യത്തിനടുത്തേക്ക് ഓടിക്കയറിയ സ്പെയിൻ ഗോൾ കീപ്പർ ഉനായി സിമോൺ തട്ടിയകറ്റി.
ആദ്യ 15 മിനിറ്റിൽ 60 ശതമാനം പന്തടക്കവും സ്പെയിനിനായിരുന്നു. 39ാം മിനിറ്റിൽ ഒയർസബാലിന്‍റെ ഒരു ഗ്രൗണ്ട് ഷോട്ട് മാർട്ടിനെസ് കൈയിലൊതുക്കി. 41ാം മിനിറ്റിൽ ഒയർസബാലിനെ ഫൗൾ ചെയ്തതിന് മാർട്ടിനെസിന് മഞ്ഞ കാർഡ്. 43ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള കുകുറെയ്യയുടെ ഷോട്ട് പോസ്റ്റിനു തൊട്ടരകിലൂടെ പുറത്തേക്കുപോയി. 44ാം മിനിറ്റിൽ പരിക്കേറ്റ ലാസാൻഡ്രോ മാർട്ടിനെസിനു പകരം ഒട്ടാമെൻഡി കളത്തിലിറങ്ങി. ആദ്യ പകുതിയിൽ 51 ശതമാനം പന്തു കൈവശം വെച്ച് കളിച്ചതും സ്പെയിനായിരുന്നു. ഗോളിലേക്ക് മൂന്നു ഷോട്ടുകൾ തൊടുത്തമ്പോൾ അതിൽ രണ്ടെണ്ണവും ടാർഗറ്റിലേക്കായിരുന്നു.
സൂപ്പർതാരം ലയണൽ മെസ്സിയിലേക്ക് പന്തെത്തുന്നത് റോഡ്രിയും സംഘവും പൂർണമായി തടഞ്ഞു. സ്പെയിൻ ബോക്സിനകത്തേക്ക് അപൂർവമായി മാത്രമാണ് പന്തുമായി അർജന്‍റീന താരങ്ങൾക്ക് കയറാനായത്. അതിവേഗ പാസ്സിങ്ങുമായി നിറഞ്ഞുകളിച്ച സ്പെയിൻ അർജന്‍റീന പ്രതിരോധത്തിന് പലപ്പോഴും വെല്ലുവിളി ഉയർത്തി.
ഇടവേളക്കുശേഷം നിക്കോ ഗോൺസാലസിനു പകരം പരേഡസിനെ കളത്തിലിറക്കി. രണ്ടാം പകുതി തുടങ്ങിയതും സ്പെയിൻ മുന്നേറ്റം. പ്രതിരോധത്തിലെ പിഴവിൽനിന്ന് തട്ടിയെടുത്ത പന്തുമായി അലക്സ് ബയേന മുന്നോട്ടുകയറി ഷോട്ട് തൊടുത്തെങ്കിലും മാർട്ടിനെസ് കൈയിലൊതുക്കി. 52ാം മിനിറ്റിൽ റോഡ്രിയെ ഫൗൾ ചെയ്തതിന് പരേഡസിന് മഞ്ഞകാർഡ്. അർജന്‍റീന ബോക്സിനുള്ളിലേക്ക് തുടർച്ചയായി സ്പെയിനിന്‍റെ കടന്നുകയറ്റം. നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. 58ാം മിനിറ്റിൽ മൊണ്ടിയേലിനെ പിൻവലിച്ച് മൊലീനയെ കളത്തിലിറക്കി. സ്പെയിനായി പെഡ്രിയും ഫെറാൻ ടോറസും ഇറങ്ങി. ഫാബിയാൻ റൂയിസ്, ഒയർസബാൽ എന്നിവർക്കു പകരം. ഹൈഡ്രേഷനു ശേഷം സ്പെയിൻ ആക്രമണം കടുപ്പിച്ചു. 76ാം മിനിറ്റിൽ കുബാർസിയുടെ ഒരു ലോങ് റേഞ്ചർ മാർട്ടിനെസ് രക്ഷപ്പെടുത്തി.
അവസാന മിനിറ്റുകളിൽ അർജന്‍റീനയുടെ ബോക്സിനകത്ത് തുടരെ തുടരെ ആക്രമണം നടത്തിയിട്ടും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ മത്സരം അധിക സമയത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.