നെയ്മർ
ഹൂസ്റ്റൺ: റൗണ്ട് ഓഫ് 32ൽ ഏഷ്യൻ കരുത്തരായ ജപ്പാനോട് തോറ്റ് ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്താകുമെന്ന് പ്രവചിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോക്കിം ക്ലമന്റിനെ പരിഹസിച്ച് സൂപ്പർതാരം നെയ്മർ. ഹൂസ്റ്റണിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ഇൻജുറി ടൈമിൽ (95+5) പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിൽ സമുറായ് പടയെ 2-1ന് വീഴ്ത്തിയാണ് കാനറികൾ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
മുൻ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ള ക്ലമെന്റിന്റെ സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ, ഈ മത്സരത്തിൽ ജപ്പാൻ ജയിക്കുമെന്നും ബ്രസീൽ പുറത്താകുമെന്നുമാണ് പ്രവചിച്ചത്. ‘മിസ്റ്റർ ജോക്കിം ക്ലമെന്റ്, ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക’ എന്നായിരുന്നു മത്സരശേഷം നെയ്മർ എക്സിൽ പോസ്റ്റ് ചെയ്തത്. 2014-ൽ ജർമനിയുടെയും, 2018-ൽ ഫ്രാൻസിന്റെയും, 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയുടെയും വിജയങ്ങൾ കിറുകൃത്യമായി പ്രവചിച്ച ചരിത്രമുള്ളതുകൊണ്ട് ക്ലമന്റിന്റെ വാക്കുകൾക്ക് ഫുട്ബാൾ ലോകം വലിയ ശ്രദ്ധ നൽകിയിരുന്നു.
ക്ലമന്റിന്റെ ഇത്തവണത്തെ പ്രവചനം പൂർണമായും പാളുകയാണ്. ഈ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഓറഞ്ച് പട കിരീടം ചൂടുമെന്ന പ്രവചനം റൗണ്ട് ഓഫ് 32ലെ പൊളിഞ്ഞു. പ്രീക്വാർട്ടർ പോലും കാണാതെ നെതർലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് നെതർലൻഡ്സ് കണ്ണീരോടെ മടങ്ങുന്നത്. രാജ്യങ്ങളുടെ ജി.ഡി.പി, ജനസംഖ്യ, ഫിഫ റാങ്കിങ്, ഫുട്ബാൾ സംസ്കാരം തുടങ്ങിയ സങ്കീർണ്ണമായ സാമ്പത്തിക-സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ചായിരുന്നു ക്ലമന്റ് ഇത്തവണ നെതർലൻഡ്സിന്റെ വിജയം പ്രവചിച്ചത്.
സെമിഫൈനലിൽ സ്പെയിനെയും ഫൈനലിൽ പോർച്ചുഗലിനെയും തോൽപ്പിച്ച് ഓറഞ്ച് പട കപ്പുയർത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ. എന്നാൽ, കാൽപന്ത് കളിയുടെ ഭംഗി ഒാരോ നിമിഷത്തിലുമുള്ള അതിന്റെ പ്രവചനാതീതത്വത്തിലാണ് എന്ന് മൊറോക്കോ വീണ്ടും തെളിയിച്ചു.
ജപ്പാനെതിരായ മത്സരത്തിൽ നെയ്മർ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. ഇടവേളക്കുശേഷം നെയ്മറെ കളിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും സ്കോർ നില തുല്യമായതോടെ താരത്തെ അധിക സമയത്ത് ഇറക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി മത്സരശേഷം പറഞ്ഞു. ജൂലൈ അഞ്ചിന് ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നോർവെ-ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.