ഫെറാൻ ടോറസിന്റെ മാന്ത്രിക കാൽപ്പാടുകൾ കൊച്ചിയിലുമുണ്ട്

2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ കിരീടം ചൂടിയപ്പോൾ, ഫുട്ബാൾ ലോകം ഒരേ സ്വരത്തിൽ വാഴ്ത്തിയത് ഒരു പേരായിരുന്നു - ഫെറാൻ ടോറസ്. അർജന്റീനൻ ആരാധകരുടെ കണ്ണീർവീഴ്ത്തിക്കൊണ്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ 106-ാം മിനിറ്റിലാണ് ടോറസ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. എന്നാൽ ലോകകപ്പ് ഫൈനലിലെ ഹീറോയായ ഈ 26-കാരന് ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളവുമായി സവിശേഷമായ ഒരു ബന്ധമുണ്ട്.

ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുൻപ്, ലോകഫുട്ബാളിന്റെ നെറുകയിൽ എത്തുന്നതിന് മുമ്പ് ഫെറാൻ ടോറസ് എന്ന പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യക്കാരായിരുന്നു. 2017 ഒക്ടോബറിൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിലൂടെയാണ് ടോറസ് ആദ്യമായി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. അന്ന് സ്പെയിൻ ടീമിന്റെ റൈറ്റ് വിങ്ങറായിരുന്ന ടോറസ്, ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുമായിരുന്നു ടോറസ് തന്റെ മാന്ത്രിക പ്രകടനം അന്ന് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ ബ്രസീലിനെതിരെ കൊച്ചിയിൽ ഇറങ്ങിയ സ്പെയിനിനായി, ഫെറാൻ നൽകിയ ക്രോസിൽ നിന്നാണ് ബ്രസീൽ സെൽഫ് ഗോൾ വഴങ്ങിയത്. പിന്നീട് കൊച്ചിയിൽ നടന്ന ക്വാർട്ടറിൽ ഇറാനെതിരെയും, മുംബൈയിൽ നടന്ന സെമിയിൽ മാലിക്കെതിരെയും ഗോളടിച്ച ഫെറാൻ ടൂർണമെന്റിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.

2026 ലോകകപ്പിൽ ആദ്യ മത്സരത്തിൽ കാബോ വെർഡെക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയെങ്കിലും ഫെറാന് കാര്യമായി തിളങ്ങാനായിരുന്നില്ല. എന്നാൽ പിന്നീട് തുടർച്ചയായി ആറ് കളികളിൽ സൂപ്പർ സബ്ബായി ഇറങ്ങി സ്പെയിനിനായി നിർണായക നീക്കങ്ങൾ നടത്തി. വലതുവിങ്ങിലൂടെയുള്ള താരത്തിന്റെ അതിവേഗ മുന്നേറ്റങ്ങൾ സ്പാനിഷ് മുന്നേറ്റങ്ങൾക്ക് പുതിയ ഊർജ്ജം നൽകി. പോർച്ചുഗലിന്റെ ഏഴാം നമ്പർ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ണീരണിയിപ്പിച്ച മത്സരത്തിൽ, 91-ാം മിനിറ്റിൽ സ്പെയിനിന്റെ വിജയഗോളിന് വഴിയൊരുക്കിയതും ഫെറാൻ ടോറസായിരുന്നു. ഒടുവിൽ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ തകർത്ത് സ്പെയിനിന് രണ്ടാം ലോകകിരീടവും സമ്മാനിച്ചു.

ഫൈനലിലെ മികച്ച താരത്തിനുള്ള 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്‌കാരവും സ്വന്തമാക്കിയ ഫെറാൻ ടോറസ്, ഒരു ചരിത്രനേട്ടം കൂടിയാണ് സ്വന്തം പേരിലാക്കിയത്. ലോകകപ്പ് ഫൈനലിൽ സ്പെയിനിനായി വിജയഗോൾ നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതി ഇനി ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റയ്ക്കൊപ്പം ടോറസിനും സ്വന്തം.

വലൻസിയ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളിലൂടെ വളർന്ന് 2022 മുതൽ ബാഴ്സലോണയ്ക്കായി ബൂട്ടുകെട്ടുന്ന ഫെറാൻ ടോറസിനൊപ്പം, 2017-ൽ കൊച്ചിയിൽ കളിച്ച പ്രതിരോധതാരം എറിക് ഗാർസിയയും ഇത്തവണത്തെ സ്പാനിഷ് ലോകകപ്പ് ടീമിലുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അന്ന് കൊച്ചിയിലെ പുൽമൈതാനത്ത് ഇന്ത്യ കണ്ട ആ 17-കാരൻ ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിലാണ്!

Tags:    
News Summary - Ferran Torres: Spain’s World Cup Hero and His Special Connection to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.